ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കമ്മിറ്റിയുമായി പങ്കിടാന്‍ സാധിക്കും. ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും സമിതിയ്ക്കു മുന്‍പാകെ നിര്‍ദേശം സമര്‍പ്പിക്കാം. ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.

പണിമുടക്കുന്ന ഡോക്ടര്‍മാര്‍ പൊതുജന താല്‍പര്യാര്‍ഥം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിലയം ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സമിതിയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ഉറപ്പ് എന്ന പദം ഉപയോഗിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോള്‍ നടക്കുന്നത്.

രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിന്റെ ഈ നിലപാട് കൂടി കണക്കിലെടുക്കും. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളില്‍ കോളേജ് അധികൃതര്‍ അന്വേഷണം നടത്തണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.