- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്‍കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് ഞായറാഴ്ച ചേരുമ്പോള്‍ അസാധാരണമായ പലതും സംഭവിക്കാന്‍ സാധ്യത. ഭാരതാംബ വിവാദത്തില്‍ സസ്‌പെന്‍ഡുചെയ്ത നടപടി ചോദ്യംചെയ്ത് രജിസ്ട്രാര്‍ അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് യോഗം. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെയാണ് ഞായറാഴ്ച സിന്‍ഡിക്കേറ്റ് വിളിക്കാന്‍ താല്‍കാലിക വിസി ഡോ. സിസാ തോമസിന്റെ തീരുമാനിച്ചത്. കേരളാ സര്‍വ്വകലാശാലയില്‍ അനില്‍കുമാറിനെതിരെ നടപടി എടുത്ത വിസി മോഹന്‍ കുന്നുമ്മല്‍ വിദേശത്താണ്. ഈ സാഹചര്യത്തിലാണ് സിസാ തോമസ് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചത്.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സംസ്ഥാന സര്‍ക്കാരും ഈ നിലപാടിലാണ്. രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്നാണ് അവരുടെ വാദം. അതിനാല്‍, സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള നീക്കം ഇടതുപക്ഷം നടത്തും. ഇത് സംഘര്‍ഷത്തിന് അടക്കം വഴിവയ്ക്കും. പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ സിന്‍ഡിക്കേറ്റിന് അങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് മറുപക്ഷം വാദിക്കുന്നു.
അഭിപ്രായ ഐക്യമില്ലാത്തതിനാല്‍ ഒരു പൊതുനിലപാട് സര്‍വകലാശാലാ അഭിഭാഷകന് കോടതിയെ അറിയിക്കാനാവില്ല. സിന്‍ഡിക്കേറ്റും വിസിയും വെവ്വേറെ സത്യവാങ്മൂലം നല്‍കും. രജിസ്ട്രാര്‍ സ്വന്തം നിലയിലും അഭിഭാഷകനെ നിയോഗിച്ചു. ഗവര്‍ണറെ ഇതുവരെ കേസില്‍ കക്ഷിയാക്കിയിട്ടില്ല. വിസി നല്‍കുന്ന സത്യവാങ്മൂലം സിന്‍ഡിക്കേറ്റ് അംഗീകരിച്ചുമാത്രമേ ഫയല്‍ ചെയ്യാവൂവെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാന്‍ പിആര്‍ഒയുടെ ഓഫീസിലെത്തിയ താത്കാലിക വിസി സിസ തോമസിനെ ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ തടഞ്ഞു.
പിആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ് സെനറ്റ് ഹാളിന്റെ അനുമതി റദ്ദാക്കിയതെന്ന് രജിസ്ട്രാര്‍ വിസിയോടു വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കാനാണ് വിസി എത്തിയത്. വിസി ഓഫീസ് സെക്ഷനുകളില്‍ നേരിട്ടു സന്ദര്‍ശിക്കാന്‍ പാടില്ലെന്നും രജിസ്ട്രാര്‍ മുഖേനയാണ് ഫയല്‍ പരിശോധിക്കേണ്ടതെന്നും വാദിച്ച സിന്‍ഡിക്കേറ്റിലെ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇടതംഗങ്ങള്‍ വിസിയെ തടഞ്ഞു. ഏതു ഓഫീസും സന്ദര്‍ശിക്കാനും ഫയല്‍ പരിശോധിക്കാനുമുള്ള അധികാരം വിസിക്കുണ്ടെന്ന് സിസ മറുപടി നല്‍കി.
സിന്‍ഡിക്കേറ്റ് ഉടനടി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിസിയെ കാണാനാണ് തങ്ങള്‍ വന്നതെന്ന് ഇടതംഗങ്ങള്‍ വിശദീകരിച്ചു. തന്നെ കാണേണ്ടത് ചേംബറിലാണെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന്, ചേംബറിലെത്തിയപ്പോള്‍ ഇടതംഗങ്ങള്‍ വിസിയെ വളഞ്ഞു. സിന്‍ഡിക്കേറ്റിലെ ബിജെപി അംഗം പി.എസ്. ഗോപകുമാര്‍ എതിര്‍ത്തതോടെ വാക്കേറ്റമായി. ഒടുവില്‍ വിസി ഇടപെട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 16 ഇടത് അംഗങ്ങള്‍ ഒപ്പിട്ട കത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനു നല്‍കിയിരുന്നു. വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നിലവില്‍ അവധിയിലാണ്. പകരം ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസ തോമസിനു നല്‍കിയിരുന്നു.
ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നാളെ വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ബന്ധപ്പെട്ട ഓഫീസ് ഫയലുകള്‍ നേരിട്ട് പരിശോധിച്ച വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തടഞ്ഞിരുന്നു. അതേസമയം സര്‍വകലാശാലയ്ക്കുവേണ്ടി വിസി കോടതിയില്‍ ഫയല്‍ ചെയ്യുന്ന സ്റ്റേറ്റ്‌മെന്റ് തങ്ങള്‍ അംഗീകരിച്ചു മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും അതുമാത്രമേ യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂവെന്നുമുള്ള സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചിട്ടില്ല.
വൈസ് ചാന്‍സലര്‍ നല്‍കേണ്ട സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്‌സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും സര്‍വകലാശാലയും വിസിയും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിസിക്കുവേണ്ടി സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്താനും വിസി ഉത്തരവിട്ടിട്ടുണ്ട്.