ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം (2020) അടിസ്ഥാനമാക്കി ഇന്ത്യയില്‍ ക്യാമ്പസ് ആരംഭിക്കുന്ന ആദ്യ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ആയി മാറിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍. ഇതുമായി ബന്ധപ്പെട്ട ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് ഇതിനോടകം തന്നെ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിക്കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിക്കുന്ന ആഗോളവത്കരണത്തിലേക്കുള്ള ആദ്യ പടിയായാണ് ഈ രംഗത്തുള്ളവര്‍ ഇതിനെ വിലയിരുത്തുന്നത്.

ക്യു എസ് വേള്‍ഡ് റാങ്കിംഗ്‌സ് 2025 പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിന്റെ ഇന്ത്യയിലെ സാന്നിദ്ധ്യം ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തും എന്നതില്‍ സംശയമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതീയ മൂല്യങ്ങളിലൂന്നി നിന്നു തന്നെ പഠനം നടത്താന്‍ കഴിയുമ്പോള്‍ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഇതുവഴി ലഭിക്കും.

ഇന്ത്യയില്‍ വിദേശ യൂണിവേഴ്സിറ്റികളുടെ ക്യാമ്പസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് യു ജി സി റെഗുലേഷനുകള്‍ക്ക് കീഴെ ഒരു വിദേശ യൂണിവേഴ്സിറ്റിക്ക് ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് ലഭിക്കുന്നത്. പരസ്പരം ഉപയോഗ പ്രദമായ രീതിയിലുള്ള പങ്കാളിത്തം വഴി യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍ ഏതാണ്ട് 50 വര്‍ഷക്കാലത്തോളമായി ഇന്ത്യയില്‍ സജീവമാണെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്വീറ്റ് അനുസരിച്ച് ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലുള്ള ഗുരുഗ്രാമിലായിരിക്കും യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍ ക്യാമ്പസ് ആരംഭിക്കുക. 2025 മുതല്‍ ഇവിടെ വിവിധ കോഴ്സുകള്‍ ലഭ്യമാകും. ക്യു എസ് വേള്‍ഡ് റാങ്കിംഗ്‌സ് 2025 ല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണുള്ളത് 80 - )0 റാങ്കാണ്. മൊത്തം 64.1 സ്‌കോര്‍ നേടിയാണ് ഈ യൂണിവേഴ്സിറ്റി ഈ സ്ഥാനത്ത് എത്തിയത്.