ചെന്നൈ: ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഉണ്ണികൃഷ്ണന്‍ പോറ്റി കോടീശ്വരനായത് എങ്ങനെ? ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഭക്തരെ ചൂഷണം ചെയ്തുവെന്നാണ് സൂചന. വലിയ ധനികന്മാരായ ഭക്തന്മാരില്‍ പലരും തങ്ങളുടെ ബിസിനിന്റെ ലാഭവിഹിതത്തില്‍ ഒരു പങ്ക് ശബരിമലയിലേക്ക് നീക്കിവെക്കും. ബിസിനസില്‍ രണ്ടു പങ്കാളികള്‍ ഉണ്ടെങ്കില്‍ അതിനെ മൂന്നാക്കും. ഒരാള്‍ ശബരിമല അയ്യപ്പനാകും. ബിസിനസ്സില്‍ നിന്നും കിട്ടുന്ന ഒരു ലാഭ വിഹിതം ശബരിമലയില്‍ സമര്‍പ്പിക്കും. ഇത്തരം ബിസിനസ്സുകാരെ എല്ലാവര്‍ക്കും അറിയാം. ഇവരെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചൂഷണം ചെയ്തത്. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശിയതു സംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്കു വളരുകയാണ്. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാന്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നിനും വ്യക്തമായ ഉത്തരം ഇല്ലെന്നതാണ് വസ്തുത.

സ്വര്‍ണം പൂശുന്നതും പൊതിയുന്നതും ചെമ്പു പാളിയിലാണ്. വിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്താണ് നടത്തിയത്. ഇതിനായി ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നാണ് രേഖ. എന്നാല്‍ നാഗ തകിടായിരുന്നു അന്നുണ്ടായിരുന്നത്. നാക തകിടില്‍ നേരിട്ട് ഇടിമിന്നലേറ്റാല്‍ അത് ഇറിഡിയമാകും. ഈ ഇറിഡയത്തിന് കോടികളുടെ വിലയുണ്ട്. ഇതിന് വേണ്ടിയായിരുന്നു 1998ലെ സ്വര്‍ണ്ണം പൂശല്‍ എന്ന് കരുതുന്നവരുമുണ്ട്. ഏതായാലും സ്വര്‍ണ്ണ പൂശിയ ശേഷം അതിന് മുകളിലുണ്ടായിരുന്ന നാക തകിട് ആരും കണ്ടിട്ടില്ല. അത് അവിടെ നിന്നും നീക്കി. അതിനു ശേഷം പുതിയ തേക്കുപലക അടിച്ചുറപ്പിച്ച് മുകളില്‍ പുതിയ ചെമ്പുപാളി തറച്ചു. അതിനു മുകളില്‍ വേറെ ചെമ്പുപാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് സ്‌ക്രൂ ചെയ്ത് ഉറപ്പിച്ചു. ചെന്നൈ മൈലാപ്പുര്‍ ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള 53 ശില്‍പികളാണ് ഇതിന്റെ പണി നിര്‍വഹിച്ചത്. സൗജന്യ അറ്റകുറ്റപ്പണിക്ക് കരാര്‍ വ്യവസ്ഥയുണ്ടെന്ന് സ്‌പോണ്‍സര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 2019 ല്‍ സ്വര്‍ണം പൂശാനെന്ന് രേഖാമൂലം ഉത്തരവിറക്കി പാളികള്‍ പുറത്തു കൊണ്ടു പോയത്.

സന്നിധാനത്ത് കീഴ്ശാന്തിയുടെ പരികര്‍മിയായെത്തി ചുരുങ്ങിയ കാലം കൊണ്ട് അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കുണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും വഴിപാടുകളുടെയും മറ്റു പൂജകളുടെയും പേരില്‍ ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിക്കുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദേവസ്വം വിജിലന്‍സ് അടിമുടി ദുരൂഹത സംശയിക്കുന്നു. സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. ബംഗ്ലൂരുവില്‍ ശാന്തിക്കാരനായി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയം കന്നഡയും തെലുങ്കും സംസാരിക്കാന്‍ പഠിച്ചു. ഈ ഭാഷാ മികവാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഭക്തരുമായി കൂടുതല്‍ അടുപ്പിച്ചത്.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിയാനുള്ള സാഹചര്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി അവസരമാക്കി മാറ്റി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും ഫിനാന്‍സ് സ്ഥാപനം നടത്തുന്ന വ്യക്തിയായ രമേഷ് റാവുവിനെ പോറ്റി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ അടുത്ത് എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിയാനുള്ള അവസരമുണ്ട് എന്ന് അറിയിച്ചു. താല്‍പ്പര്യമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ചേര്‍ന്ന് അത് ചെയ്യാം എന്ന് അറിയിക്കുന്നു. തുടര്‍ന്ന് അനന്ത സുബ്രഹ്‌മണ്യം, വിനീത് ജയന്‍ എന്നിവരേയും കൂട്ടത്തില്‍ ചേര്‍ക്കുന്നു. ദ്വാരപാലക ശില്പങ്ങള്‍ക്കായി രമേഷ് റാവു സ്വര്‍ണം നല്‍കിയിരുന്നു. താന്‍ ഇതിനായിട്ട് സ്വര്‍ണം നല്‍കിയെങ്കിലും, അതിന്റെ ഒരു രൂപ പോലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൊടുത്തിട്ടില്ലെന്നും സ്വര്‍ണ്ണവും കൈമാറിയിട്ടില്ലെന്നും രമേഷ് റാവു പറയുന്നു. ഇതെല്ലാം ചെന്നൈയിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് നേരിട്ട് നല്‍കുകയാണ് ചെയ്തതെന്നാണ് രമേഷ് റാവു നല്‍കുന്ന വിശദീകരണം.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത് 2008ലാണ്. പല ഭാഷകള്‍ അറിയാവുന്നതാണ് യോഗ്യതകളിലൊന്ന്. കീഴ്ശാന്തിയുടെ സഹായിയായിരിക്കെ സന്നിധാനത്തു ദര്‍ശനത്തിനു വന്ന പ്രമുഖരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് അവരുമായി ബന്ധം സ്ഥാപിച്ചു.ദ്വാരപാലക ശില്‍പം മാത്രമല്ല ശ്രീകോവിലില്‍ വാതിലും ഉണ്ണിക്കൃഷ്ണന്‍ മുന്‍കൈ എടുത്ത് സ്വര്‍ണം പൂശി നല്‍കി. അതിനു പുറമേ എല്ലാവര്‍ഷവും മകരവിളക്കു കാലത്ത് സന്നിധാനത്ത് സദ്യനടത്താറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷമായി മട്ടന്നൂരിന്റെ തായമ്പക സന്നിധാനത്ത് അവതരിപ്പിക്കുന്നതിനും കാരണമായി. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലും കട്ടിളയുമാണെന്ന് അവകാശപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രദര്‍ശനവും പൂജയും നടത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജമായിരുന്നു. ശബരിമലയില്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍ഷിപ്പിന് പോറ്റിയെ തന്നെ ചുമതലപ്പെടുത്തുന്നതിനു പിന്നില്‍ എന്താണെന്നും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഈ ദിവസങ്ങളില്‍ പോലും ഒരു കോടി രൂപയുടെ വസ്തു ഇടപാട് നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു.

രേഖകള്‍ പരിശോധിച്ചാല്‍ എന്‍. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റും എം.വി.ജി.നമ്പൂതിരി അംഗവുമായ ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് ശ്രീകോവില്‍ സ്വര്‍ണം പൊതിയാന്‍ വിജയ് മല്യയ്ക്ക് അനുമതി നല്‍കിയത്. 30.3 കിലോഗ്രാം സ്വര്‍ണവും 1900 കിലോ ചെമ്പും ഇതിനു വേണ്ടിവന്നു. ശ്രീകോവിലിന്റെ മേല്‍ക്കൂരയും ഇരുവശത്തെയും ഭിത്തികളും അയ്യപ്പ ചരിത്രം ആലേഖനം ചെയ്ത സ്വര്‍ണപ്പാളി ഉപയോഗിച്ചു പൊതിഞ്ഞു. കൂടാതെ ഭണ്ഡാരം, ശ്രീകോവിലിന്റെ മുകളിലുള്ള 3 താഴികക്കുടങ്ങള്‍, കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവയുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയും സ്വര്‍ണം പൊതിഞ്ഞു. ദ്വാരപാലക ശില്‍പത്തിന്റെ നിറം മങ്ങിയപ്പോള്‍ സ്വര്‍ണം പൂശി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് 2019 ല്‍ അനുമതി നല്‍കി. എ.പത്മകുമാര്‍ പ്രസിഡന്റും കെ.പി.ശങ്കരദാസ്, എ.രാഘവന്‍ എന്നിവര്‍ അംഗങ്ങളായ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കിയത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു സ്വന്തമായി പൊളിച്ചു കൊണ്ടുപോകാന്‍ പറ്റില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ഇത് അഴിച്ച് നല്‍കിയത്. അന്ന് തനിക്ക് ചെമ്പു പാളികളാണ് കിട്ടിയതെന്ന് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു. ഇതിന് ദേവസ്വം ബോര്‍ഡ് രേഖയും ഉണ്ട്.

ദേവസ്വം വിജിലന്‍സിന്റെ അസാന്നിധ്യത്തിലാണ് പാളികള്‍ 2019 ല്‍ അഴിച്ചത്. ദേവസ്വം പ്രതിനിധിയില്ലാതെ സ്‌പോണ്‍സറുടെ കൈവശം 14 പാളികള്‍ കൊടുത്തയച്ചു. 39 ദിവസത്തിനു ശേഷമാണ് ഈ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിലെത്തിച്ചത്. തങ്ങള്‍ക്കു ലഭിച്ചത് ചെമ്പു പാളികളാണെന്നും അതില്‍ സ്വര്‍ണം പൂശുക മാത്രമാണു ചെയ്തതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അഴിച്ചപ്പോള്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും യഥാര്‍ഥ പാളികള്‍ പുറത്തെത്തിച്ച് അവയുടെ പകര്‍പ്പ് ചെമ്പില്‍ പുതുതായി ഉണ്ടാക്കിയെന്നതുമടക്കം ആരോപണങ്ങളുയരുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തില്‍ തെളിയണം.