തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളിയില്‍ സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് മേധാവി പങ്കജ് ഭണ്ഡാരിയുടെ മൊഴി അതിനിര്‍ണ്ണായകം. ദേവസ്വം വിജിലന്‍സ് എസ് പി വി സുനില്‍കുമാറാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ ആറ് മണിക്കൂര്‍ നീണ്ടു. 2019ല്‍ സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നെന്ന് പങ്കജ് ഭണ്ഡാരി പറഞ്ഞു. പുതിയ ചെമ്പു പാളിയായിരുന്നു ഇതെന്നും പറയുന്നു. ഉണ്ണിക്കൃഷ്ണന്‍ ശില്‍പ്പപാളി ചെന്നൈയില്‍ പ്രദര്‍ശനം നടത്തിയതും പൂജനടത്തിയതും ഭണ്ഡാരി സ്ഥിരീകരിച്ചു. ഇതോടെ പഴയ ചെമ്പു പാളി നഷ്ടമായെന്ന് ഉറപ്പായി. ഭണ്ഡാരിയുടെ മൊഴി എടുത്ത ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് തയ്യറാക്കിയത്. ഉണ്ണിക്കൃഷ്ണന്റെ ക്ഷണപ്രകാരം പൂജയില്‍ പങ്കെടുത്തതായും വ്യക്തമാക്കി. ദേവസ്വം വിജിലന്‍സിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇത് കോടതി പ്രത്യേക അന്വേഷക സംഘത്തിന് കൈമാറും. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം പ്രത്യേക അന്വേഷക സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക.

ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയാക്കിയാക്കും. ശബരിമലയെ വിവാദഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം നടന്നോയെന്നും അന്വേഷിക്കും. ബുധനാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി വിവരം തേടിയിരുന്നു. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും പ്രതിയാകും. അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ പ്രതിയാകുമോ എന്നതാണ് നിര്‍ണ്ണായകം. പ്രാദേശിക സിപിഎം നേതാവാണ് സുധീഷ് കുമാര്‍. ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചു. കേസെടുത്താല്‍ ഉണ്ണികൃഷ്ണനെ അറസ്റ്റു ചെയ്യും. മുരാരി ബാബുവും അകത്താകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ ഇവര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ ചിലര്‍ അട്ടിമറിക്ക് മുമ്പിലുണ്ടെന്നാണ് സൂചന. അതിനിടെ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ ശനിയാഴ്ച സന്നിധാനത്തെത്തി സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കും. ഹൈക്കോടതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സത്യവാങ്മൂലമാണ് ഈ കേസിന് ആധാരം. ഉണ്ണികൃഷ്ണന്‍ പോറ്റി കുഴിച്ച കുഴിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വീണുവെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ആ കുഴിയില്‍ പലരും വീഴുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം കാരേറ്റ് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കാരേറ്റെ പോറ്റിയെന്നാണ് എല്ലാവരും വിളിക്കുന്നത്.

പങ്കജിന്റെ മൊഴി രേഖപ്പെടുത്തിയതോടെ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് പങ്കജ് അറിയിച്ചിരുന്നു. 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പു പാളികള്‍ എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സും ഹൈക്കോടതിയെ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ചെറുതല്ലാത്ത തിരിച്ചടിയാണ്. സ്വര്‍ണംപൂശാനെന്നു പറഞ്ഞ് പുറത്തുകൊണ്ടുപോയ സ്വര്‍ണപ്പാളിയില്‍ ഗുരുതരമായ തിരിമറികള്‍ നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പഴയ പാളി വിറ്റുവെന്നാണ് നിഗമനം.

1998 സെപ്റ്റംബര്‍ നാലിന് വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്പങ്ങളും സ്വര്‍ണം പൊതിഞ്ഞത്. 2019 ജൂലായ് ആറിന് രണ്ടു ദ്വാരപാലകശില്പങ്ങളും അവയുടെ പീഠങ്ങളും താന്‍ പുതുതായി സ്വര്‍ണംപൊതിഞ്ഞ് നല്‍കാമെന്നുപറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡില്‍നിന്ന് അനുമതിനേടിയെടുക്കുന്നു. അതേ മാസം 19-ന് തന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പാളികള്‍ അഴിച്ചെടുത്തു. ദേവസ്വം വിജിലന്‍സിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. 42.8 കിലോഗ്രാം ഭാരമാണ് സന്നിധാനത്തുവെച്ച് തൂക്കിയപ്പോള്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈകളിലേല്‍പ്പിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി.

അന്ന് ഈ പാളികളുമായി പോറ്റി പോയത് ബെംഗളൂരിവിലേക്കെന്ന് ദേവസ്വം വിജിലന്‍സിന് പിന്നീട് സൂചന കിട്ടി. ഹൈദരാബാദില്‍നിന്ന് പുതിയ ചെമ്പുപാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചതായും ശബരിമലയില്‍നിന്നു കൊണ്ടുപോയത് മാറ്റിയെന്നും വിവരങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 29-ന് സന്നിധാനത്തുനിന്ന് അഴിച്ചതിന്റെ 39-ാം ദിവസം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പാളി എത്തിച്ചു. പൂര്‍ണമായും ചെമ്പുപാളികളാണെന്ന് എംഡി പങ്കജ് ഭണ്ഡാരി പറയുന്നു. അവിടെവെച്ച് തൂക്കിയപ്പോള്‍ 38.258 കിലോ. 4.541 കിലോയുടെ കുറവ്. സ്വര്‍ണം പൂശിക്കഴിഞ്ഞപ്പോള്‍ ഭാരം 38.653 കിലോയായി. പിന്നീട് സെപ്റ്റംബര്‍ ആദ്യയാഴ്ചയില്‍ പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നാട്ടിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ പലയിടത്തും പാളികള്‍ പ്രദര്‍ശിപ്പിച്ചു. ഒന്‍പതിന് കോട്ടയം ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും പൂജയ്ക്കും ശേഷം പിറ്റേന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു. സെപ്റ്റംബര്‍ 11: തിരുവോണദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍നിന്ന് പാളികള്‍ ദേവസ്വം ഏറ്റുവാങ്ങി. രാത്രി നട അടച്ചശേഷം ശില്പത്തില്‍ ചേര്‍ത്തു.

പാളികള്‍ക്ക് മങ്ങലുണ്ടായെന്ന വിലയിരുത്തലില്‍ വീണ്ടും സ്വര്‍ണംപൂശാന്‍ കഴിഞ്ഞമാസം ഏഴിന് അഴിച്ചു. പിറ്റേന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയി. തന്നെ അറിയിക്കാതെ ഇവ കൊണ്ടുപോയെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടുനല്‍കി. പിന്നാലെ 2019-ല്‍ താന്‍ സ്വര്‍ണംപൂശി നല്‍കിയപ്പോള്‍ രണ്ടു താങ്ങുപീഠങ്ങള്‍ അധികമായി നല്‍കിയെന്ന വാദവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തി. അത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും അതില്‍നിന്നുള്ള സ്വര്‍ണം ഇപ്പോഴത്തെ ആവശ്യത്തിന് തികയാതെവന്നാല്‍ എടുക്കാമെന്നു മെയില്‍ അയച്ചെന്നും വെളിപ്പെടുത്തല്‍. 28-ന് ശബരിമലയില്‍ സമര്‍പ്പിച്ചു എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞ പീഠങ്ങള്‍ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുക്കുകയായിരുന്നു.