തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത് വിശദ മൊഴി എടുക്കലിന് ശേഷം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോറ്റി മൊഴി കൊടുത്തിട്ടുണ്ട്. വലിയ ഗൂഡാലോചന സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് മൊഴി. താന്‍ സ്‌പോണ്‍സറായി വന്നതു മുതല്‍ ഗൂഡാലോചന നടന്നുവെന്നാണ് മൊഴി. പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.

ഇന്നലെ രാവിലെ പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി:പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് അറിയുന്നത്. കോടതിയില്‍നിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. പുലര്‍ച്ചെ രണ്ടരയോടെയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എസ്‌ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി. ദേവസ്വം വിജിലന്‍സ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2 കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കി. അറസ്റ്റു ചെയ്ത ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി സത്യം പറയുന്നുണ്ടെന്നാണ് സൂചന.

ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ചയും 2 കേസുകളായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോറ്റിയുടെ സഹായികളും സ്‌പോണ്‍സര്‍മാരുമായ കല്‍പേഷ്, നാഗേഷ് എന്നിവരെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല. ഇവരെ കണ്ടെത്താനും ശ്രമിക്കും. രേഖകള്‍ ശേഖരിക്കാന്‍ എസ്‌ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകള്‍ സംഘം പരിശോധിച്ചു.

രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു വീട്ടുകാരെ അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമം ലംഘിച്ചതായി ആരോപിച്ചു പോറ്റിയുടെ അഭിഭാഷകന്‍ വൈകിട്ടു മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടുകാര്‍ക്കു വിവരങ്ങള്‍ കൈമാറിയത്. ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പ് വഴി നടന്ന എല്ലാ പ്രവൃത്തികളെയും വഴിപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വന്‍ ലാഭമുണ്ടാക്കിയെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് നടത്തുന്ന സ്വര്‍ണ പ്ലേറ്റിങ് സുതാര്യമെന്ന് പറയാന്‍ കഴിയില്ല. ഭക്തര്‍ നല്‍കുന്ന സ്വര്‍ണമല്ല കൊടിമരത്തിലും താഴികക്കുടത്തിലും പൂശുന്നത്. സ്വര്‍ണം പൊടിക്കുന്നത് ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ്. ഇൗ സ്വര്‍ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പ്ലേറ്റിങ്ങിനായി ഉപയോഗിക്കുന്നത്.