- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയൂണിന് തൈര് നിര്‍ബന്ധമെന്ന് പോറ്റി; എആര്‍ ക്യാംപ് കന്റീനിലെ ജീവനക്കാരന് പുറത്തെ കടയില്‍ നിന്നും തൈരും വാങ്ങിച്ചെത്തി; തൈരു കണ്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി; ആ തൈരും പോറ്റിയ്ക്ക് കിട്ടിയില്ല; അടൂരിലെ എ ആര് ക്യാമ്പില്‍ സുരക്ഷാ വീഴ്ച; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൂടുതല്‍ സുരക്ഷ
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു ജീവനക്കാരന്‍ വാങ്ങി നല്‍കി. ഈ ജീവനക്കാരന് അടക്കം എങ്ങനെ പോറ്റിയുടെ അടുത്തെത്തിയെന്നാണ് ചോദ്യം. പോറ്റിയെ സ്വാധീനിക്കാന്‍ പല ഉന്നതരും ശ്രമിക്കുന്നുണ്ട്. ഇതിനിടെയുള്ള ഈ ചെറിയ വീഴ്ച പോലും ഗൗരവത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുക്കും. ഇനി കൂടുതല്‍ സുരക്ഷ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കുണ്ടാകും.
കസ്റ്റഡിയിലുള്ള പ്രതിക്കു പുറത്തെ ഭക്ഷണം വാങ്ങി നല്‍കുന്നത് സുരക്ഷാ വീഴ്ചയാണ്. പുറത്തെ കടയില്‍നിന്നാണ് തൈര് വാങ്ങിയത്. ഇതറിഞ്ഞ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായെന്നു പറയുന്നു. പുറത്തുനിന്നു വാങ്ങിയ തൈര് ഉപയോഗിച്ചില്ലെന്നും തിരികെ നല്‍കിയെന്നുമാണ് പൊലീസിലെ ചിലര്‍ പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയേക്കാമെന്ന വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കവര്‍ച്ച സംബന്ധിച്ച പരിശോധനകള്‍ക്കായി ശബരിമലയിലേക്കു പോകുകയായിരുന്ന എസ്പി എസ്.ശശിധരന്‍ ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെ എസ്ഐടി കൂടുതല്‍ ജാഗ്രതയിലായി. പല സംസ്ഥാനങ്ങളിലും വലിയ സ്വാധീനമുള്ള പോറ്റി ഒളിവില്‍ പോകുമെന്ന ആശങ്കയുണ്ടായി. രാജ്യം വിടുമെന്ന ആശങ്കയും ഉണ്ടായി. പെട്ടെന്നു കൂടിയാലോചനകള്‍ നടത്തി ഒട്ടും വൈകാതെ പുളിമാത്തെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാലും പോറ്റി ഒളിവില്‍ പോകുമെന്ന് അന്വേഷണസംഘത്തിനു സംശയമുണ്ടായിരുന്നു. അതിനാലാണ് എസ്പി ശശിധരന്‍ സന്നിധാനത്തെ അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വെളിപ്പെട്ടുവെന്നും എസ്ഐടി വ്യക്തമാക്കുന്നു.
നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുക്കുക എന്നതാണ് എസ്ഐടിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. തട്ടിയെടുത്ത സ്വര്‍ണം ഏതു തരത്തിലാണ് ദുരുപയോഗപ്പെടുത്തിയതെന്നും ആരില്‍ നിന്നൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റി സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും സംഘം വിശദമായി അന്വേഷിക്കും. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. ദ്വാരപാലക ശില്‍പങ്ങളിലെയും വശങ്ങളിലെ തകിടുകളിലെയും 2 കിലോ സ്വര്‍ണം കവര്‍ന്നെന്ന കേസിലാണു നടപടി. കട്ടിളപ്പാളിയിലെ സ്വര്‍ണം നഷ്ടമായതില്‍ മറ്റൊരു എഫ്‌ഐആറാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണ് കോടതി നടപടി പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയില്ല. കോടതി പരിസരത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു നേരെ ചെരുപ്പേറുണ്ടായി.