- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയുടെ ആ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത് പരാതിക്കാരനായ സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ നിന്നും; ഹൈക്കോടതി ഇടപെട്ടതോടെ വാസുദേവന്‍ കൈമാറിയ പീഠം; വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും പീഠം കണ്ടെത്തുമ്പോള്‍ പൊളിയുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം; ആ പീഠം സന്നിധാനത്ത് നിന്നും കടത്തിയത് ആര്? സര്‍വ്വത്ര ദുരൂഹത
പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്‍കിയ സ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് കണ്ടെത്തി. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഏറെ ദുരൂഹമാണ് പീഠം കണ്ടെത്തല്‍. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വാസുദേവന്‍ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിച്ചു. 2021 മുതല്‍ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചിരുന്നു. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്.
മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ പറഞ്ഞിരുന്നത്. ശബരിമലയിസലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതും സംശയമായി. ഇതിനിടെയാണ് പീഠം കണ്ടെത്തുന്നത്. ഈ പീഠം സന്നിധാനത്ത് നിന്നും എങ്ങനെയാണ് വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തിയത് എന്നത് നിര്‍ണ്ണായകമാണ്.
പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്പോണ്‍സര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ദേവസ്വം വിജിലന്‍സിനെ ഇതിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് പീഠം കണ്ടെത്തിയത്.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുചിതമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിര്‍ദ്ദേശം.അറ്റകുറ്റപ്പണി നിറുത്തിവയ്ക്കാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഏജന്‍സിയോടും സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു.
അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല, യോഗദണ്ഡ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണുണ്ടായത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ തുടങ്ങിയവര്‍ക്കും നോട്ടീസയച്ചു. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് അയയ്ക്കാന്‍ തീരുമാനിച്ചതിന്റെ ഫയലുകളും രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്.