- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് കനത്ത പ്രതിഫല ഓഫര്‍ വന്നപ്പോള്‍ കണ്ണ് മഞ്ഞളിച്ചു അല്ലേ; കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല'; ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാജിവെച്ചതിന് പിന്നാലെ വിമര്‍ശനവുമായി കെ ടി ജലീല്‍
ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ രാജിക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍ എം എല്‍. എ. ബന്ധു നിയമന വിവാദത്തില്‍ തന്റെ മന്ത്രി സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയ ലോകായുക്ത വിധിയില്‍ ഒപ്പുവച്ചത് ഓര്‍മപ്പെടുത്തിയാണ് വിമര്‍ശനം. കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല മിസ്റ്റര്‍ ഹാരൂണ്‍ അല്‍ റഷീദ് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കെ ടി ജലീല്‍ പരിഹസിക്കുന്നു. അന്നത്തെ ലോകയുക്തയായിരുന്നു സിറിയക് ജോസഫിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും! എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് കുറിപ്പ്. 'ഹാറൂണ്‍ അല്‍ റഷീദ്. നല്ല പേരാണ്. ചരിത്രത്തിലെ നീതിമാനായ ഭരണാധികാരിയുടെ നാമം. രക്ഷിതാക്കള്‍ ഒരാള്‍ക്ക് പേരിടുന്നത് അവരവരുടെ മക്കളും ആ പേരുകാരെപ്പോലെ ആവണം എന്ന് ആഗ്രഹിച്ചാണ്.
തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ കൂട്ടുകാരന്‍, അയാളുടെ വക്കീല്‍ ആപ്പീസില്‍ നിന്ന് എഴുതിക്കൊണ്ട് വന്ന 'വിധിന്യായത്തിന്റെ' താഴെ ഒപ്പിടുമ്പോള്‍, ഇതുപോലെ അപമാനിതനായി ഇറങ്ങിപ്പോകേണ്ട ഒരു ദിവസം ഉണ്ടാകുമെന്ന് നീതിബോധം തൊട്ടുതീണ്ടാത്ത അഭിനവ ഹാറൂണ്‍ അല്‍ റഷീദുമാര്‍ ഓര്‍ത്തു കാണില്ല. മുസ്ലിംലീഗാഫീസില്‍ നിന്ന് കനത്ത പ്രതിഫല ഓഫര്‍ വന്നപ്പോള്‍ കണ്ണ് മഞ്ഞളിച്ചു അല്ലേ അവസാനം സിറിയക് ഏമാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കയ്യൊപ്പ് ചാര്‍ത്തിയതെന്ന ഏറ്റുപറച്ചിലും! കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല, മിസ്റ്റര്‍ ഹാരൂണ്‍ അല്‍ റഷീദ്.
എതിര്‍കക്ഷിക്ക് ഒരു നോട്ടീസ് അയക്കുകയോ അയാളെ കേള്‍ക്കുകയോ ചെയ്യാതെ വിധിപറഞ്ഞ ഹാറൂന്റെ തലതൊട്ടപ്പന്‍ സിറിയക് ജോസഫ്, നീതിമാന്റെ കസേരയിലിരുന്ന് അവിഹിതമായി വാരിക്കൂട്ടിയ സ്വത്തിന്റെ പേരിലുള്ള, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്വേഷണം നേരിടുകയാണ്. അങ്ങേരുടെ 'മകള്‍', ആഗ്രഹിച്ച കസേരയില്‍ എത്തിയോ എന്തോ വിനാശകാലേ വിപരീതബുദ്ധി!' ഫേസ്ബുക്ക് കുറിപ്പില്‍ കെ ടി ജലീല്‍ പറയുന്നു.
2025 അവസാനം വരെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് കാലാവധിയുണ്ടായിക്കെയാണ് രാജിവച്ചത്. തന്നേക്കാള്‍ ഏഴു വര്‍ഷം ജൂനിയറായ ജസ്റ്റിസ് എന്‍ അനില്‍കുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തിനു കീഴില്‍ ഉപലോകായുക്തയായി തുടരുന്നതില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് അതൃപ്തിയുണ്ടായിരുന്നു.
അനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തെങ്കിലും, തുടര്‍ന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍കുമാറിനെ നിയമിച്ചത്.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം കെ ടി ജലീലിന് ഒഴിയേണ്ടി വന്നത് ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിലായിരുന്നു. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന്റെ രാജി അനിവാര്യമാക്കിയത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയായിരുന്നു ജലീല്‍. സ്വര്‍ണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തില്‍ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്.
യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിച്ചു
2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുവന്നുവെന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്ത വിധി.
ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.