- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്ന് ഉര്‍വശി; പരാതിയും പരിഭവവും ഇല്ലാത്ത വിജയരാഘവനും; ദേശീയ സിനിമാ അവാര്‍ഡ് ജൂറിക്കെതിരെ വിമര്‍ശനവുമായി ഉര്‍വ്വശി; അമ്മയില്‍ അഴിമതി അനുവദിക്കില്ലെന്നും പ്രഖ്യാപനം
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രം ആരാണെന്ന് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി തീരുമാനിക്കുന്നതെന്നും ഉര്‍വശി ചോദിച്ചു. എന്നാല്‍ തനിക്ക് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്നും അതിന്റെ വലിപ്പച്ചെറുപ്പം നോക്കാന്‍ താന്‍ ആളല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. മികച്ച സഹനടനായത് വിജയരാഘവനാണ്.
പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്. ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനം എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദ്യമുന്നയിച്ചു. അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വിവാദത്തിന് ഇല്ലെന്ന് വിജയരാഘവന്‍ പറയുന്നു. മത്സരിച്ച് അഭിനയിച്ചു എന്ന് പറയുമ്പോലെ, മത്സരിക്കേണ്ട സംഭവം അല്ല അഭിനയം. താന്‍ അഭിനയിച്ച ഇട്ടൂപ്പ് എന്ന കഥാപാത്രം തന്റേതായ രീതിയില്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രമാണ്. ഷാരൂഖ് ഖാന്‍ അഭിനയിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്. അതില്‍ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട അധികാരം ജൂറിക്കാണെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഉര്‍വ്വശി പ്രതികരിച്ചു. നടി പ്രസിഡന്റ് ആകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ഉര്‍വശി പറഞ്ഞു. സംഘടനയെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുന്നവര്‍ ജയിക്കണമെന്ന് ഉര്‍വശി പറഞ്ഞു. മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാല്‍ മത്സരിച്ചില്ലെന്ന് ഉര്‍വശി പറഞ്ഞു. വോട്ട് ചെയാന്‍ താന്‍ കൊച്ചിയിലെത്തും. ജയിക്കുന്നവര്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. ഇല്ലെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഉര്‍വശി വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹന്‍ലാലിനും നയിക്കാന്‍ പദവി ആവശ്യമില്ല. തുടര്‍ന്നും ഭാരവാഹികള്‍ക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉര്‍വശി പറഞ്ഞു. ഇതിനൊപ്പമാണ് വിജയരാഘവനെ മികച്ച സഹനടന്‍ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി ആവശ്യപ്പെട്ടത്. തോന്നിയത് പോലെ കൊടുക്കും, നിങ്ങള്‍ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉര്‍വശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകള്‍ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉര്‍വശി പറഞ്ഞു.
ലീഡ് റോള്‍ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നുണ്ടോ എന്നും ഉര്‍വശി ചോദിച്ചു. ഒരു അവാര്‍ഡിന്റെ മാനദണ്ഡം എന്താണെന്നും എന്നാലും അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിലുമുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ഉര്‍വശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ബോളിവുഡ് ചിത്രം ജവാനിലെ പ്രകടത്തിന് ഷാറുഖ് ഖാനും ട്വല്‍ത്ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടെടുത്തു. റാണി മുഖര്‍ജിയാണ് മികച്ച നടി, ചിത്രം മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ. ട്വല്‍ത്ത് ഫെയില്‍ 2023ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി.
രണ്ട് മികച്ച നടികള്‍ക്ക് അവാര്‍ഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവര്‍ ചോദിക്കുക. അവാര്‍ഡ് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടില്ല എന്നും അവാര്‍ഡ് ജേതാവായതിന് പിന്നാലെ ഉര്‍വശി പ്രതികരിച്ചിരുന്നു. 'സന്തോഷം, നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കുന്നു. ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തില്‍ സന്തോഷം. അതിലേറെ സന്തോഷമുണ്ട്, വൈകിയാണെങ്കിലും വിജയരാഘവന് അവാര്‍ഡ് ലഭിച്ചതില്‍. സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്രിസ്റ്റോ ടോമിക്ക് മികച്ച നവാഗതനായ സംവിധായകനുള്ള പുരസ്‌കാരം ലഭിക്കുമെന്നും പ്രതീക്ഷിച്ചു.
രണ്ട് മികച്ച നടികള്‍ക്ക് അവാര്‍ഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവര്‍ ചോദിക്കുക. ഒന്നും പ്രതീക്ഷിക്കാതെ ലഭിച്ച സിനിമയ്ക്ക് കിട്ടുന്ന പുരസ്‌കാരങ്ങളേതായാലും അത് സന്തോഷമാണ്. അച്ഛുവിന്റെ അമ്മ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ അന്തരിച്ച നടി സരോജാ ദേവി അമ്മ എനിക്ക് വേണ്ടി വാദിച്ചിരുന്നു. അത് സഹകഥാപാത്രമല്ല എന്ന് ഒരുപാട് അവര്‍ വാദിച്ചിരുന്നു. അതുപോലെ, പല പ്രാവിശ്യവും ഉണ്ടായിട്ടുണ്ട്. ഇതേ രാഷ്ട്രീയമാണ് അന്നും ആ ലോബിയില്‍ ഉണ്ടായത്. നമുക്ക് വേണ്ടി സംസാരിക്കാന്‍ അവിടെ ആളുണ്ടായാലും ആ ലോബി തന്നെ വിജയിക്കുമെന്ന അവസ്ഥയാണ്. എന്നെ സംബന്ധിച്ച് ആരെയും ക്യാന്‍വാസ് ചെയ്യാനോ അവാര്‍ഡ് പ്രതീക്ഷിച്ച് അഭിനയിക്കാനോ ശ്രമിച്ചിട്ടില്ല. ഓടുന്ന സിനിമയാകണം എന്റേത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്', ഉര്‍വശി പറഞ്ഞു.
താന്‍ സംസാരിക്കുന്നത് ഇനി വരാന്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ്. ഇത്രയും പരിചയസമ്പത്ത് ഉള്ള താന്‍ അല്ലെങ്കില്‍ ആര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ അവാര്‍ഡ് നല്‍കി എന്നതാണ്. കാരണം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാന്‍ പെന്‍ഷന്‍ കാശൊന്നും അല്ലല്ലോ. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നവരാണ്. മികച്ച നടന്‍, മികച്ച നടി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം എന്താണ്. എന്തുകൊണ്ട് അത് പറഞ്ഞില്ലെന്നും ഉര്‍വശി ചോദിക്കുന്നു.