തിരുവനന്തപുരം: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് നടിയും ദേശിയ പുരസ്‌കാര ജേതാവുമായി ഉര്‍വശ്ശി. ആടുജീവിതത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്നും പൂര്‍ണ്ണമായും തഴഞ്ഞതിനെയാണ് ഉര്‍വശ്ശി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ക്രിസ്റ്റോടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ മുഖ്യവേഷത്തിലെത്തിയ ആടുജീവിതത്തിന് പുരസ്‌കാരം നിഷേധിച്ചതിനെക്കുറിച്ചാണ് അവര്‍ ഇത്തവണ മനസുതുറന്നത്. ആടുജീവിതം എന്ന ചിത്രത്തെ ദേശീയ പുരസ്‌കാര ജൂറിക്ക് എങ്ങനെ അവഗണിക്കാനായി എന്ന് അവര്‍ ചോദിച്ചു.

'നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാന്‍ സമയവും പ്രയത്‌നവും നല്‍കി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടന്‍ നമുക്കുണ്ട്. 'എമ്പുരാന്‍' കാരണമാണ് ഇതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവാര്‍ഡുകളില്‍ രാഷ്ട്രീയം കലര്‍ത്തരുത്.' ഉര്‍വശി പറഞ്ഞു.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നുനില്‍ക്കാത്തതുകൊണ്ടാണ് ശബ്ദമുയര്‍ത്താന്‍ കഴിയുന്നതെന്ന് ഉര്‍വശി പറഞ്ഞു: 'എനിക്ക് സംസാരിക്കാന്‍ കഴിയും, കാരണം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആശ്രയിക്കുന്നില്ല. ഞാന്‍ നികുതി അടയ്ക്കുന്നു, എനിക്ക് ഭയമില്ല. ഞാന്‍ ഇത് ഉന്നയിക്കുന്നത് എനിക്കുവേണ്ടിയല്ല, മറിച്ച് എന്റെ പിന്നാലെ വരുന്നവര്‍ക്ക് വേണ്ടിയാണ്. 'അവാര്‍ഡ് കിട്ടിയപ്പോള്‍ ഉര്‍വശി പോലും മിണ്ടാതിരുന്നു, പിന്നെന്തിനാണ് നിങ്ങള്‍ ബഹളം വെക്കുന്നത്' എന്ന് ആരും അവരോട് പിന്നീട് പറയാതിരിക്കാനാണ്' അവര്‍ പറഞ്ഞു.

'ഇങ്ങനെയാണോ കാര്യങ്ങള്‍ വേണ്ടത് പ്രധാന കഥാപാത്രങ്ങളെ സഹനടിക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയാണെങ്കില്‍, യഥാര്‍ത്ഥ സഹനടീനടന്മാര്‍ക്ക് എന്ത് സംഭവിക്കും അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അവര്‍ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുക ഒരു കഥാപാത്രം പ്രധാനപ്പെട്ടതാണോ സഹ കഥാപാത്രമാണോ എന്ന് തീരുമാനിക്കാന്‍ അവര്‍ അഭിനയത്തെ എങ്ങനെയാണ് അളന്നത് ഒന്നാം സ്ഥാനം എന്നാല്‍ അത് ഒരാള്‍ക്ക് മാത്രമുള്ളതാണ്. ഇതെല്ലാം വളരെ വിചിത്രമായി തോന്നുന്നു. എന്തൊരു പ്രകടനമായിരുന്നു വിജയരാഘവന്റേത്! പതിറ്റാണ്ടുകളായി അദ്ദേഹം ഈ രംഗത്തുണ്ട്. അദ്ദേഹത്തിന് ഇനിയൊരിക്കല്‍ ഇങ്ങനെയൊരു വേഷം ലഭിക്കുമോ? ജൂറിയില്‍ നിന്ന് ഞാന്‍ ഒരു മറുപടി ആഗ്രഹിക്കുന്നു.

പരീക്ഷകളില്‍ പോലും നിങ്ങള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിനും റീടോട്ടലിങ്ങിനും അപേക്ഷിക്കാറുണ്ട്. ദേശീയ പുരസ്‌കാരങ്ങളുടെ കാര്യത്തിലും അവര്‍ ഇത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ജൂറിയെ തരൂ, നീതി മാത്രം നടപ്പാകുന്ന തരത്തില്‍ ഈ സംവിധാനം മാറ്റൂ.

53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പര്‍സാനിയ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് സരികയ്ക്കായിരുന്നു. വ്യക്തിപരമായ ഒരു പ്രയാസഘട്ടത്തിന് ശേഷം അവര്‍ തിരിച്ചുവരവ് നടത്തുകയാണെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ട് അന്ന് ഞാന്‍ ശബ്ദമുയര്‍ത്തിയില്ല. പക്ഷെ ഇത്തവണ എനിക്ക് സംസാരിക്കണം, എനിക്ക് വേണ്ടി മാത്രമല്ല, എന്റെ യുവ സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി.നമ്മള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍, ദക്ഷിണേന്ത്യയിലെ കഴിവുറ്റ ഒരുപാട് നടന്മാര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ഇനിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ദേശീയ പുരസ്‌കാരങ്ങള്‍ പ്രാദേശിക പരിഗണനകള്‍ക്കപ്പുറം കഴിവിന് മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.' ഉര്‍വശി അഭിപ്രായപ്പെട്ടു.

ഇവിടെ കൂടുതല്‍ വിദ്യാഭ്യാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യുകതന്നെ ചെയ്യും.പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെങ്കിലും അത് സാരമില്ല.പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമല്ലോ.ദേശീയ പുരസ്‌കാരങ്ങള്‍ കഴിവിന് മാത്രം നല്‍കേണ്ടതാണ്, മറ്റൊന്നിനുമല്ല. താന്‍ പുരസ്‌കാരങ്ങള്‍ക്കായി കൊതിക്കുന്നില്ല, പക്ഷേ അവ ലഭിക്കുമ്പോള്‍ നല്ലൊരു അനുഭവമാണ് നല്‍കേണ്ടത്, ഇതുപോലെയല്ല. ജൂറി ദക്ഷിണേന്ത്യയെ നിസ്സാരമായി കാണരുത്. അവര്‍ തരുന്നത് വാങ്ങി ഞങ്ങള്‍ സന്തോഷിക്കുമെന്ന് കരുതുകയും അരുതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പുരസ്‌കാര നിര്‍ണ്ണയത്തിന് പിന്നാലെ തന്നെ ഉര്‍വശ്ശി തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്നും ഉര്‍വശി ചോദിച്ചു. 'ഞങ്ങള്‍ തോന്നുന്നത് ചെയ്യും, നിങ്ങള്‍ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ല. ഇങ്ങനെയാണെങ്കില്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ ഇത് പെന്‍ഷന്‍ കാശല്ല.' എന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി തുറന്നടിച്ചിരുന്നു.