ന്യൂഡല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങും. ഇത് മൂന്നാമത്തെ ബാച്ച് കുടിയേറ്റക്കാരെയാണ് അമേരിക്ക ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുന്നത്. ഇന്ന് വൈകിട്ട് വരുന്ന വിമാനത്തില്‍ 157 പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അധികവും ഹരിയാന സ്വദേശികളാണെന്നാണ് വിവരം. അതേ സമയം ഇന്നലെ അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ചവരെ വിലങ്ങുവച്ചിരുന്നില്ലെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. രണ്ടു വിമാനങ്ങള്‍ കൂടി അമേരിക്ക ഈയാഴ്ച അയക്കുമെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ച 119 പേരുമായി അമേരിക്കന്‍ സേനാ വിമാനം അമൃത്സറിലെത്തിയിരുന്നു. ഇതില്‍ 67 പേര് പഞ്ചാബ് സ്വദേശികളും 33 പേര്‍ ഹരിയാണ സ്വദേശികളുമായിരിന്നു. ഗുജറാത്തില്‍ നിന്നുള്ള എട്ടുപേര്‍, യു.പി, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും ശനിയാഴ്ച വന്ന വിമാനത്തിലുണ്ടായിരുന്നു.

പുണ്യനഗരമായ അമൃത്സറില്‍ നാടുകടത്തിയവരെ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനെന്ന് ഇന്നലെ ഭഗവന്ത് മാന്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ കോണ്‍സുലേറ്റ് ഉള്ള നഗരങ്ങളില്‍ ഇവരെ ഇറക്കരുത് എന്ന നിബന്ധന അമേരിക്ക വച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ളവരുടെ എണ്ണം കൂടുതലായതു കൊണ്ടാണ് അമൃത്സറില്‍ ഇറക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ശനിയാഴ്ച എത്തിയ സംഘത്തിലെ രണ്ടുപേരെ ഒരു കൊലക്കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ആദ്യത്തെ ബാച്ച് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ കൈകളില്‍ വിലങ്ങണിയിച്ച് സീറ്റില്‍ ബന്ധിച്ചാണ് കൊണ്ടുവരുന്നത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്ത വിമാനം വരുന്നത്. ഈ ആഴ്ചക്കുള്ളില്‍ മൂന്ന് ബാച്ചുകളായി കുടിയേറ്റക്കാരെ എത്തിക്കുമെന്നാണ് വിവരങ്ങള്‍.

116 പേരുമായി അമേരിക്കന്‍ സൈനിക വിമാനം ഇന്നലെ പതിനൊന്നരയ്ക്കാണ് അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അമേരിക്ക നാടുകടത്തിയവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും കേന്ദ്രമന്ത്രി രവിനീത് സിംഗ് ബിട്ടുവും വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സി17 സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങുന്നത്.

ആദ്യ വിമാനത്തില്‍ കൊണ്ടു വന്നവരെ വിലങ്ങും ചങ്ങലയും ഇട്ടത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയെ ഇതില്‍ ആശങ്ക അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ എത്തിച്ചവരാരും വിലങ്ങും ചങ്ങലയും ഇട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല. ആകെ 487 ഇന്ത്യക്കാരുടെ പട്ടികയാണ് അമേരിക്ക നാടുകടത്തലിന് തയ്യാറാക്കിയത്. ഇവരെ സ്വീകരിക്കും എന്ന് പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈയാഴ്ച രണ്ടു വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുമെന്നാണ് സൂചന.

വിലങ്ങില്‍ വിവാദം

അനധികൃത കുടിയേറ്റത്തിന് അമേരിക്കയില്‍ പിടിയിലായ ഇന്ത്യക്കാരെ കാലില്‍ ചങ്ങലയിട്ടും കൈവിലങ്ങണിയിച്ചും ഇന്ത്യയിലെത്തിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആ പ്രതിഷേധത്തിന് പുല്ലുവില കല്‍പ്പിച്ച് വീണ്ടും കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമണിച്ചാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെത്തിച്ചശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഫ്രണ്ടായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് സ്വന്തം നാട്ടുകാര്‍ക്ക് വീണ്ടും കൊടുംകുറ്റവാളികള്‍ക്ക് സമാനമായ ഗതിയുണ്ടായതെന്നാണ് ആക്ഷേപം.

തങ്ങളുടെ നാട്ടുകാരെ വിലങ്ങണിയിച്ച് എത്തിച്ചതിനെ ബ്രസീല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം അറിയിച്ചതോടെ ശേഷിക്കുന്നവരെ മാന്യമായി യാത്രാ വിമാനത്തിലാണ് സ്വദേശങ്ങളിലെത്തിച്ചത്.ആദ്യസംഘം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ കൈവിലങ്ങും ചങ്ങലയും അണിയിച്ചത് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതോടെ കുടിയേറ്റക്കാരോട് അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടാവണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ മോശക്കാരെന്ന രീതിയില്‍ കൊണ്ടുവരുന്നത് തടയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു.

മോദി ട്രംപിന്റെ വിരുന്നുകാരനായി അമേരിക്കയിലെത്തുകയും പ്രതിരോധ ഇടപാടുകളിലടക്കം ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തോടെ ഇന്ത്യക്കാരെ മാന്യമായി നാട്ടിലെത്തിക്കുമെന്ന് എല്ലാവരും കരുതി. 'മൈ ഫ്രണ്ട്' എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചതും. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ തങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പിടിയിലായ ഇന്ത്യക്കാരെ അമേരിക്ക വിലങ്ങണിയിച്ച് ഇന്ത്യയിലെത്തിച്ചതെന്നാണ് ആരോപണം. ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചതിനെ കടുത്ത ഭാഷയിലാണ് ഭഗവന്ത് മാന്‍ പ്രതികരിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുകയും ചെയ്തു. 'മോദി തന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി കൈ കുലുക്കുമ്പോള്‍, ഇന്ത്യന്‍ പൗരന്മാരെ സൈനിക വിമാനത്തില്‍ ചങ്ങലയിട്ട് നാടുകടത്തുകയായിരുന്നു. ചങ്ങലയിട്ട ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് മോദിക്കുള്ള ട്രംപിന്റെ മടക്ക സമ്മാനമാണ്'-അദ്ദേഹം പറഞ്ഞു.