ഒരു പതിറ്റാണ്ടിലേറെക്കാലം ഈ ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍. 2017 ല്‍ വിരമിച്ചതിനു ശേഷം വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ജീവിതം എങ്ങനെയായിരിക്കും? ഇപ്പോള്‍ അദ്ദേഹം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ടോക്കിയോയില്‍ എത്തിയതാണ്. വിരമിച്ചതിനു ശേഷം ആദ്യമായാണ് ഉസൈന്‍ ബോള്‍ട്ട് ഒരു ലോക വേദിയില്‍ എത്തുന്നത്. ഇവിടെ വെച്ച് ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ ജീവിതരീതിയെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

ഇന്ന് താന്‍ പടികള്‍ കയറാന്‍ പോലും ബുദ്ധിമുട്ടുന്നുണ്ടെന്ന് ഉസൈന്‍ ബോള്‍ട്ട് വെളിപ്പെടുത്തുന്നു. ഞായറാഴ്ച രാത്രി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ടോക്കിയോയിലെ നാഷണല്‍ സ്റ്റേഡിയം സന്ദര്‍ശിക്കവേയാണ് താരം വിരമിക്കലിന് ശേഷമുള്ള ജീവിതത്തെകുറിച്ച് തുറന്നുപറഞ്ഞത്. ഇന്ന് തന്റെ സമയത്തിന്റെ ഭൂരിഭാഗവും വീട്ടില്‍ വിശ്രമിക്കാനും, ഷോകള്‍ കാണാനും, കുട്ടികളോടൊപ്പം സമയം പങ്കുവയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ടോക്കിയോയില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ തന്റെ പ്രശസ്തമായ 'ടു ഡാ വേള്‍ഡ്' പോസും അദ്ദേഹം വീണ്ടും അനുകരിച്ചു. ഒരിക്കല്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കുകള്‍ കീഴടക്കുന്നത് കണ്ട ആരാധകര്‍ക്ക് ഇന്ന് പടികള്‍ തന്നെ ശ്വാസംമുട്ടിക്കുന്നുവെന്ന് താരം തന്നെ തുറന്ന് പറയുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഇപ്പോള്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറില്ലെന്നും പടികള്‍ കയറുമ്പോള്‍ പോലും തനിക്ക് കിതപ്പു വരുമെന്നുമാണ് താരം പറയുന്നത്. ഭൂരിഭാഗം സമയവും കുട്ടികള്‍ക്കൊപ്പം വീട്ടില്‍ തന്നെയാണ് ചിലവഴിക്കാറ്. ഒഴിവു സമയങ്ങള്‍ സിനിമ കാണാനോ കുട്ടികള്‍ക്കൊപ്പം കളിപ്പാട്ടമുണ്ടാക്കുകയോ ചെയ്യും. കാഴ്ചയില്‍ ഫിറ്റായാണ് ഇരിക്കുന്നതെങ്കിലും കുട്ടികളുണ്ടായതോടെ ജീവിതം ആകെ മാറിയെന്നാണ് 39 കാരനായ അതിവേഗ ഓട്ടക്കാരന്‍ പറയുന്നത്.

നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അച്ഛനാണ് ഉസൈന്‍ ബോള്‍ട്ട്. 2008 ല്‍ താന്‍ കരിയര്‍ ആരംഭിച്ച ബീജിങ്ങില്‍ നടക്കുന്ന അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ കുട്ടികളേയും കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ട്. അച്ഛന്‍ ആരാണെന്നും എവിടെ നിന്നാണ് തുടങ്ങിയതെന്നും തന്റെ മക്കള്‍ക്ക് കാണിച്ചു കൊടുക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. ഒപ്പം കളിക്കുന്ന അച്ഛന്റെ കഴിഞ്ഞ കാലം അവര്‍ക്കറിയില്ല. ബീജിങ്ങില്‍ എത്തുന്നതോടെ അവര്‍ക്ക് കാര്യങ്ങള്‍ കുറച്ചു കൂടി നന്നായി മനസിലാകുമെന്നാണ് ഉസൈന്‍ ബോള്‍ട്ട് എന്ന പിതാവ് പ്രതീക്ഷിക്കുന്നത്.

നൂറ് മീറ്റര്‍, 200 മീറ്റര്‍, 4X100മീറ്റര്‍ റിലേ മത്സരങ്ങളില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ് ഉസൈന്‍ ബോള്‍ട്ട്. പരിശീലനവും വര്‍ക്ക്ഔട്ടുമൊക്കെയായി തിരക്കു പിടിച്ച ജീവിത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തന്റെ ജീവതമെന്നാണ് ബോള്‍ട്ട് പറയുന്നത്. തന്റെ ഒരു ദിവസത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. 'സാധാരണയായി കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ കൃത്യസമയത്ത് ഉണരും, പിന്നെ എന്തുചെയ്യണമെന്ന ചിന്ത. ഒന്നും ചെയ്യാനില്ലെങ്കില്‍, വിശ്രമിക്കും. നല്ല മാനസികാവസ്ഥയിലാണെങ്കില്‍ ചിലപ്പോള്‍ വ്യായാമം ചെയ്യും. കുട്ടികള്‍ തിരിച്ചെത്തുന്നതുവരെ ഷോകള്‍ കാണുകയോ വിശ്രമിക്കുകയോ ചെയ്യും' അദ്ദേഹം പറയുന്നു.

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ടെങ്കിലും താന്‍ അതിന്റെ ആരാധകനല്ല. അല്‍പകാലം വിട്ടു നിന്നതിനാല്‍ വീണ്ടും ഓടിത്തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം ഇപ്പോള്‍ പടികള്‍ കയറുമ്പോള്‍ പോലും കിതപ്പനുഭവപ്പെടുന്നു. വീണ്ടും ഓടിത്തുടങ്ങുന്നതോടെ ശ്വസനമെങ്കിലും ശരിയാകുമെന്നാണ് കരുതുന്നതെന്നും ബോള്‍ട്ട് പറഞ്ഞു. 'ഞാന്‍ കൂടുതലും ജിം വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. ഞാന്‍ ഒരു ആരാധകനല്ല, പക്ഷേ കുറച്ചുനാളായി പുറത്തായിരുന്നതിനാല്‍ ഇപ്പോള്‍ ഓടാന്‍ തുടങ്ങണമെന്ന് എനിക്ക് തോന്നുന്നു. കാരണം ഞാന്‍ പടികള്‍ കയറുമ്പോള്‍ എനിക്ക് ശ്വാസം മുട്ടും. ഞാന്‍ വീണ്ടും അതില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, എന്റെ ശ്വസനം ശരിയായി ലഭിക്കാന്‍ കുറച്ച് ലാപ്പുകള്‍ ചെയ്യേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു,' ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ട്രാക്കില്‍ നിന്ന് മാറിയതോടെ തന്റെ ഫിറ്റ്‌നസ് ഗണ്യമായി കുറഞ്ഞുവെന്ന് ഉസൈന്‍ ബോള്‍ട്ട് സമ്മതിക്കുന്നുണ്ട്. അക്കില്ലസിനേറ്റ (കാലിലെ ശക്തിയേറിയ പ്രധാനപേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്നതും നെരിയാണിയുടെ പിറകിലായി സ്ഥിതി ചെയ്യുന്നതുമായ ഒരു തന്തുരൂപ സംയോജകലയേയാണ് അക്കില്ലസ് ടെന്‍ഡന്‍) പരുക്ക് ഓട്ടം പതിയെ അവസാനിപ്പിച്ചു. ജിമ്മില്‍ പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. ഒരുകാലത്ത് സ്പ്രിന്റില്‍ ചരിത്രം കുറിച്ച മനുഷ്യന്‍ ഇന്ന് പ്രായത്തിന്റെയും വിരമിക്കലിന്റെയും യാഥാര്‍ഥ്യങ്ങളിലാണ് ജീവിക്കുന്നത്.

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും അക്കില്ലസിനുണ്ടായ പൊട്ടല്‍ കൂടാതെ സ്‌കോളിയോസിസ് (Scoliosis) എന്ന രോഗാവസ്ഥയും ഉസൈന്‍ ബോള്‍ട്ടിനുണ്ട്. നട്ടെല്ലിന്റെ, ഒരു വശത്തേക്കുള്ള അസാധാരണമായ വളവാണ് സ്‌കോളിയോസിസ്. ഈ അവസ്ഥ തന്നെയാണ് ഉസൈന്‍ ബോള്‍ട്ടിന്റെ കരിയര്‍ അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ച്ചയായ തെറാപ്പിയിലൂടെയും ചികില്‍സയിലുടെയും അദ്ദേഹം ഈ അവസ്ഥ കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. 2011 ല്‍ ഇ.എസ്.പി.എന്നിനോട് സംസാരിക്കവേ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഈ അവസ്ഥ നിരവധി പരിക്കുകള്‍ക്ക് കാരണമായതായി ഉസൈന്‍ ബോള്‍ട്ട് സമ്മതിച്ചിട്ടുണ്ട്. 'ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ അതൊരു പ്രശ്നമേ ആയിരുന്നില്ല. എന്നാല്‍ പ്രായമാകുന്തോറും അത് കൂടുതല്‍ വഷളാകുന്നു' അദ്ദേഹം പറയുകയുണ്ടായി.

2017 ല്‍ വിരമിച്ചതിനുശേഷം അടുത്ത കാലം വരെ കായിക മല്‍സരങ്ങള്‍ ഒന്നും ഉസൈന്‍ ബോള്‍ട്ട് കണ്ടിരുന്നില്ല. എന്നാല്‍ ടോക്കിയോയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരമായി ജമൈക്കയുടെ ഒബ്‌ളിക് സെവിലും വനിതാതാരമായി അമേരിക്കയുടെ മെലിസ ജെഫേഴ്‌സണ്‍ വൂഡനും മാറിയത് സ്‌പോര്‍ട്‌സിലെ അദ്ദേഹത്തിന്റെ താല്‍പ്പര്യം വീണ്ടും ജ്വലിപ്പിച്ചു. അതേസമയം, മെച്ചപ്പെട്ട ട്രാക്കുകളും സൂപ്പര്‍ സ്‌പൈക്കുകളും ഉണ്ടായിരുന്നിട്ടും നിലവിലെ പുരുഷ സ്പ്രിന്റര്‍മാര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തലമുറയിലെ സ്പിന്റര്‍മാരെ പോലെ ഓടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തങ്ങള്‍ കൂടുതല്‍ കഴിവുള്ളവരായിരുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. സ്ത്രീകളുടെ കഴിവുകള്‍ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പുരുഷന്മാര്‍ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഒരു പതിറ്റാണ്ടോളം മനുഷ്യന്റെ കായികക്ഷമതയുടെ പരിധികള്‍ പുനര്‍നിര്‍വചിച്ചയാളാണ് ഉസൈന്‍ ബോള്‍ട്ട്. അദ്ദേഹത്തിന്റെ പല റെക്കോര്‍ഡുകളും ഇന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വേഗതയില്‍ 100 മീറ്റര്‍ (9.58 സെക്കന്‍ഡില്‍), 200 മീറ്റര്‍ (19.19 സെക്കന്‍ഡ്), 4x100 മീറ്റര്‍ റിലേ (36.84) എന്നീ ലോക റെക്കോര്‍ഡുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്. ഇത് എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളായി ഉസൈന്‍ ബോള്‍ട്ടിനെ മാറ്റി. 2008 നും 2016 നും ഇടയില്‍, എട്ട് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകളും 11 ലോക കിരീടങ്ങളും ജമൈക്കന്‍ താരം നേടിയിട്ടുണ്ട്. 2017 ലാണ് ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നത്.