കൊച്ചി; മലയാളി ഉത്രാടപാച്ചിലില്‍. നാളെയാണ് തിരുവോണം. മാവേലിയെ വരവേല്‍ക്കാനുള്ള ഓട്ടമാണ് ഉത്രാട നാളില്‍. ഓണക്കോടി മുതല്‍ ഓണക്കളികളുമായി ആഘോഷതിമിര്‍പ്പിലേക്ക് മാറുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഉത്രാടപ്പാച്ചില്‍ ഇല്ലാതെ മലയാളികള്‍ക്ക് ഓണം പൂര്‍ത്തിയാകില്ല. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും തിരുവോണത്തിനെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചില്‍. തൃപ്പൂണിത്തുറ അത്തച്ചമയത്തില്‍ തുടങ്ങി ഓണത്തിന്റെ ഐതിഹ്യം കുടികൊളളുന്ന തൃക്കാക്കരയിലെ ഓണത്തപ്പനുമെല്ലാം മലയാളിയുടെ നിറയുന്ന പ്രതീക്ഷകളാണ്.

തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കള്‍വാങ്ങാനും ആളുകള്‍ തിരക്കിലലിഞ്ഞു. ശനിയാഴ്ചയാണ് ഉത്രാടപ്പാച്ചില്‍. നാടന്‍ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകള്‍തോറും പച്ചക്കറി സ്റ്റാളുകളും തുറന്നിട്ടുണ്ട്. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വില്‍പ്പനയുമുണ്ട്. ഇത്തവണ 7500 ടണ്‍ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളില്‍നിന്ന് വിപണിയിലേക്ക് എത്തിയത്. മില്‍മ 125 ലക്ഷം ലിറ്റര്‍ പാലും അധികമായി വിതരണത്തിന് എത്തിച്ചു. അങ്ങനെ എല്ലാം തയ്യാര്‍.

ശനിയാഴ്ച ഉത്രാടം. ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടു മുഴുവന്‍. സദ്യ ഒരുക്കല്‍, ഓണക്കോടി വാങ്ങല്‍ എന്നിവയ്ക്കുള്ള തിരക്ക് ശനിയാഴ്ച പാരമ്യത്തിലെത്തും. ഓണത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം നേരത്തേ പൂര്‍ത്തിയാക്കിയാലും ഉത്രാടപ്പാച്ചില്‍ മലയാളിയുടെ പതിവാണ്.

വയനാട് ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും വിപുലമായ ആഘോഷത്തിന് പൂട്ട് വീണത് പൂവിപണിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഓണക്കച്ചവടത്തില്‍ മുന്‍പന്തിയില്‍. സദ്യ ബുക്കിംഗ് ഉള്ളതിനാല്‍ കേരളത്തിലെ നഗരങ്ങളിലെ ഹോട്ടല്‍ അടുക്കളകള്‍ പുലര്‍ച്ച മുതലേ സജീവമാണ്.

കച്ചവടക്കാരെ സംബന്ധിച്ച് വിലക്കുറവിന്റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കുന്ന സന്തോഷമാണ് ഓരോരുത്തരിലും. ആ സന്തോഷം പങ്കിടാനുളള തയ്യാറെടുപ്പും.

തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷയും കേരളത്തിലൂടനീളം ഒരുക്കിയിട്ടുണ്ട്. തിരക്കിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രധാന നഗരങ്ങളിലെല്ലാം പോലീസ് വ്യാപാരികളുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.