- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ നിലവിളിക്കുന്നവരെത്രയോ! 15 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എങ്ങനെ കഴിച്ചുകൂട്ടുന്നു? എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?
ഉത്തരകാശി: ചെറിയ അടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ, ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ ഭയന്ന് വിയർത്തുവിളറുന്നവരുണ്ട്. ആത്മവിശ്വാസത്തോടെ, ഏയ് പേടിക്കാനൊന്നുമില്ല, ലിഫ്റ്റിനുള്ളിൽ വായു ഉണ്ട്, പേടിക്കാനൊന്നുമില്ല, എന്ന് ധൈര്യം കാട്ടുന്നവരും ഉണ്ടാകും. ദീർഘനേരത്തേക്ക് ലിഫ്റ്റിൽ പെട്ടുപോകുന്നത് ആർക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ക്ലോസ്ട്രോഫോബിയ(ഇടുങ്ങിയ ഇടങ്ങളോടുള്ള പേടി) ഇല്ലാത്തവരാണെങ്കിൽ പോലും, ആശ്വാസം കൊള്ളുന്നത്, വൈകാതെ പുറത്തുകടക്കാമെന്ന പ്രതീക്ഷയോ, വിശ്വാസമോ ഉള്ളതുകൊണ്ടാണ്. എന്നാൽ, 15 ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരുടെ അവസ്ഥ വ്യത്യസ്തമാണ്. രക്ഷാദൗത്യം വിജയിച്ചു എന്ന് കരുതിയപ്പോഴേക്കും അപ്രതീക്ഷിത തടസ്സങ്ങളായി. എപ്പോൾ പുറത്തുകടക്കാൻ കഴിയും എന്നറിയാൻ കഴിയാത്ത അനിശ്ചിതാവസ്ഥ. എങ്ങനെയാണ് ഈ അടഞ്ഞ ഇടത്ത് ഇത്രയും ദിവസം അവർ കഴിച്ചുകൂട്ടുന്നത്? എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?
നിരന്തരം ആശയവിനിമയം
തുരങ്ക രക്ഷാദൗത്യത്തിന്റെ ഭാഗമായി ഒരു സംഘം ഡോക്ടർമാർ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുമായി ദിവസം രണ്ടുവട്ടം സംസാരിക്കുന്നുണ്ട്. രാവിലെ 9 മുതൽ 11 വരെയും, വൈകിട്ട് 5 മുതൽ 8 വരെയും. അതുപോലെ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവരോട് സംസാരിക്കാം. തുരങ്കത്തിന് പുറത്ത് തൊഴിലാളികളുടെ കുടുംബങ്ങൾക്കായി ഒരു ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.
ക്യാമ്പിൽ എത്തിയ നായ്യാർ എന്നയാൾ തുരങ്കത്തിൽ അകപ്പെട്ട തന്റെ സഹോദരൻ സാബയുമായി നിത്യവും രണ്ടുതവണ സംസാരിക്കും. ബിഹാറിലെ ഭോജ്പൂരിലുള്ള സാബയുടെ ഭാര്യയും കുട്ടികളും അവനോട് എല്ലാ ദിവസവും സംസാരിക്കുന്നുവെന്നും ഉറപ്പാക്കും.' നമ്മൾ അവനെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. പുറത്തെ വിഷമങ്ങളോ, രക്ഷാദൗത്യത്തിന്റെ പ്രതിസന്ധികളോ അറിയിക്കാറില്ല. വൈകാതെ പുറത്തുവരാൻ കഴിയുമെന്ന ആത്മവിശ്വാസം പകരും. അവശ്യവസ്തുക്കളെല്ലാം, അവർക്ക് തുരങ്കത്തിൽ കിട്ടുന്നുണ്ട്', നായ്യാർ പറഞ്ഞു.
ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും
രണ്ടു സൈക്ക്യാട്രിസ്റ്റുകൾ അടക്കം അഞ്ചു ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും സ്ഥലത്തുണ്ട്. ഇതുകൂടാതെ രക്ഷാദൗത്യം പൂർത്തിയാകും വരെ 10 ഡോക്ടർമാരെ പകരക്കാരായി ഉത്തരകാശിയിൽ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സംഘത്തിന്റെ നോഡൽ ഓഫീസർ ഡോ.ബിമലേഷ് ജോഷ് പറഞ്ഞു. തൊഴിലാളികളുടെ കുടുംബങ്ങളെ ആവശ്യമുള്ളപ്പോഴൊക്കെ കൗൺസിലിങ് നടത്തുന്നുണ്ട്. തൊഴിലാളികളോട് കുടുംബാംഗങ്ങൾ ഫോണിൽ സംസാരിക്കുമ്പോൾ, നെഗറ്റീവായ കാര്യങ്ങൾ പറയുന്നില്ല എന്നതുറപ്പാക്കും.
ആഹാരക്രമം ഇങ്ങനെ
തൊഴിലാളികുടെ ആരോഗ്യ സ്ഥിതിയും ദിവസവും നിരീക്ഷിക്കുന്നുണ്ട്. ആദ്യസമയത്ത് ജ്യൂസും, എനർജി ഡ്രിങ്കുകളും മറ്റുമാണ് നൽകിയിരുന്നത്. ഇപ്പോൾ, സാധാരണ ഭക്ഷണമാണ് നൽകുന്നത്. രാവിലെ പുഴുങ്ങിയ മുട്ടയും, പാലും, ചായയും അയയ്ക്കും. ഉച്ചയ്ക്കും, രാത്രിയും ദാൽ, ചോറ്, ചപ്പാത്തി, സബ്ജി എന്നിവയും. ഡിസ്പോസബിൾ പ്ലേറ്റുകളും അവർക്ക് നൽകിയിട്ടുണ്ട്.
നിർജ്ജലീകരണം ഒഴിവാക്കാൻ, ഒആർഎസ് ലായനി കഴിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണിൽ ഒഴിക്കാൻ മരുന്ന്, വിറ്റാമിൻ ടാബ്ലറ്റുകൾ, എനർജി ഡ്രിങ്കുകൾ, ഡ്രൈ ഫ്രൂട്ട്സ്, ബിസ്കറ്റ് എന്നിവയും തുരങ്കത്തിൽ എത്തിക്കുന്നുണ്ട്.
ടൂത്ത് പേസ്റ്റ്, ബ്രഷുകൾ, ടവലുകൾ, ഉടുവസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ എന്നിവയും നൽകി വരുന്നു. സമയം പോകാൻ സിനിമകളും വീഡിയോ ഗെയിമുകളും ഉള്ള മൊബൈലുകളും നൽകി.
ഭാഗ്യവശാൽ, ഉറങ്ങാനായി തുരങ്കത്തിനുള്ളിൽ നേരത്തെ തന്നെ ഇഷ്ടം പോലെ ജിയോ ടെക്സ്റ്റൈൽ ഷീറ്റുകൾ ഉണ്ട്. രാവിലെയും വൈകിട്ടും, തൊഴിലാളികൾ യോഗയും, വ്യായാമവും ചെയ്യുന്നുണ്ട്. അവർ തുരങ്കത്തിനുള്ളിൽ നടക്കുകയും ചെയ്യുന്നു.
തൊഴിലാളികൾ കുടുങ്ങിയ ഇടം ഏകദേശം രണ്ടുകിലോമീറ്റർ വരും. ചൂട് 22 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. അവർക്ക് ഇപ്പോൾ തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ ആവശ്യമില്ല. 24 മണിക്കൂറും വൈദ്യുതിയും കിട്ടുന്നുണ്ട്. തുരങ്കം ഇടിഞ്ഞുവീണെങ്കിലും വൈദ്യുതി വിതരണം മുറിയാത്തത് വലിയ അനുഗ്രഹമായി. എന്തായാലും, തടസ്സങ്ങൾ എല്ലാം നീങ്ങി എത്രയും വേഗം പുറത്തുവരണമേ എന്നാവും എല്ലാവരുടെയും മനസ്സിലെ പ്രാർത്ഥന.
മറുനാടന് മലയാളി ബ്യൂറോ