ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിതിയുടെ നിര്‍ണായക ഇടപെടല്. സ്ഥിരം വി.സി നിയമനത്തിന് സര്‍ക്കാരിനു അഞ്ചംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

താല്‍കാലിക വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെര്‍ച്ച് കമ്മറ്റിയുടെ കാര്യത്തില്‍ എന്തിനാണ് തര്‍ക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പര്‍ദ്ദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.

നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഡോ.സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) താല്‍ക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു. നിലവിലുള്ള താല്‍ക്കാലിക വി.സിമാര്‍ക്കു തുടരാനായി ചാന്‍സലര്‍ക്കു പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ 20ാം ഖണ്ഡികയിലുള്ളതാണു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആയുധമാക്കിയത്.

എന്നാല്‍, സാങ്കേതിക സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റല്‍ സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിച്ചിട്ടില്ലെന്നുമാണു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍പാനലില്‍നിന്നു വേണം താല്‍ക്കാലിക വി.സി നിയമനമെന്നാണ് ഈ വകുപ്പുകളില്‍ പറയുന്നത്.

ഡിജിറ്റലിലെയും കെടിയുവിലെയും താല്‍ക്കാലിക വി.സി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറിയിരുന്നു. തൊട്ടുപിന്നാലെ ഇരു സര്‍വകലാശാലകളിലേക്കും സര്‍ക്കാര്‍ 3 പേര്‍ വീതമുള്ള പാനല്‍ ഗവര്‍ണര്‍ക്കു നല്‍കി. എന്നാല്‍, ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേരളത്തില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമനമാകുംവരെ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. ഇവരെ തുടരാന്‍ അനുവദിക്കുകയോ താല്‍ക്കാലികമായി പുതിയൊരാളെ നിയമിക്കുകയോ ചെയ്യുന്ന കാര്യം ഗവര്‍ണര്‍ക്കു തീരുമാനിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും പാടില്ലെന്നും ഇനിയുമതു പൊറുക്കില്ലെന്നും ഇരുകക്ഷികളെയും താക്കീതു ചെയ്തുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. വി.സി നിയമന വിഷയത്തില്‍, കേരള സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥികളാണ് കഷ്ടപ്പെടുന്നതെന്നും ഇതു വേദനാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.