- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ റിപ്പോര്‍ട്ട് പണം കൊടുത്ത് ഉണ്ടാക്കിയത്; സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2024 വരെ 48,000 യു.എസ്. ഡോളര്‍ സര്‍ക്കാര്‍ നല്‍കി; അങ്ങോട്ട് പണം കൊടുത്ത് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ റിപ്പോര്‍ട്ട് പണം കൊടുത്ത് ഉണ്ടാക്കിയത്
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് കേരളം പണം നല്‍കി ഏല്‍പ്പിച്ച ഏജന്‍സിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവി വി.ഡി. സതീശന്‍. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2021 മുതല്‍ 2024 വരെ 48,000 യു.എസ്. ഡോളര്‍((42 ലക്ഷത്തോളം രൂപ) സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായെന്ന സ്റ്റാര്‍ട്ടപ്പ് ജെനോം എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഇന്‍വെസ്റ്റേഴ്സ് മീറ്റിലടക്കം മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വെച്ചാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായി എന്ന് പറയുന്നത്. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന്റെ ഉപഭോക്താവാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മിഷനെന്നും സതീശന്‍ ആരോപിച്ചു.
2021-ല്‍ 13,500 യുഎസ് ഡോളര്‍, 2022-ല്‍ 4,500 യുഎസ് ഡോളര്‍, 2023-ല്‍ 15,000 യുഎസ് ഡോളര്‍, 2024-ല്‍ 15,000 യുഎസ് ഡോളര്‍ എന്നിങ്ങനെ ആകെ 48,000 യു.എസ്. ഡോളര്‍ ആണ് സ്റ്റാര്‍ട്ടപ്പ് ജെനോമിന് കൊടുത്തത്. ഇങ്ങനെ അങ്ങോട്ട് പണം കൊടുത്ത് ആ സ്ഥാപനത്തെ കൊണ്ട് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ അവരോട് മാന്യമായി പെരുമാറാനെങ്കിലും പഠിക്കേണ്ടെ. ആശ വര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി അനുകൂല നിലപാടാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എവിടെയാണ് ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തതെന്ന് ചോദിച്ച അദ്ദേഹം സിപിഐഎം തിരഞ്ഞെടുപ്പിന് ശേഷം ലീഗ് വിരുദ്ധ പരാമര്‍ശം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന സര്‍വേ ഫലം തട്ടിപ്പാണ്, ഇത് സംബന്ധിച്ച് എഐസിസി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
നേരത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രശംസിച്ചു ശശി തരൂര്‍ ലേഖനം എഴുതിയതോടെയാണ് വിവാദം ഉടലെടുത്തത്. ഇതിന് ശേഷം തരൂര്‍ തിരുത്തുമായും രംഗത്തുവന്നിരുന്നു. സൂക്ഷ്മ-ചെറുകിട വ്യവസായരംഗത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ കേരളത്തിന്റെ മുന്നേറ്റം കടലാസില്‍ മാത്രം ഒതുങ്ങുന്നതാകരുതെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്.
.'കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നു. കേരള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയായ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതുമാത്രമാണ് ഏക ആശ്വാസം. നമുക്ക് സൂക്ഷ്മ-ചെറുകിട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആവശ്യമാണ്. അത് കടലാസില്‍ മാത്രമാകരുത്. ഇക്കാര്യത്തില്‍ കേരളം മുന്നോട്ട് പോകണം'- എന്നാണ് തരൂര്‍ എക്സില്‍ കുറിച്ചത്.
ഒന്‍പത് വര്‍ഷത്തിനിടെ കേരളത്തില്‍ 42,000ത്തിലേറെ സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്ന പത്രവാര്‍ത്ത പങ്കുവച്ചായിരുന്നു തരൂരിന്റെ കുറിപ്പ്.നേരത്തെ കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം ഏറെ വിവാദമായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ 'ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.
സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നത്.പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തി. സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ശശി തരൂരിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെക്കുറിച്ചുള്ള തരൂരിന്റെ പുതിയ കുറിപ്പ്.