- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധം; വി ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷന്‍; യുകെയില്‍ നിന്ന് പണം വന്നത് മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒയുടെ അക്കൗണ്ടില്‍ നിന്നും; വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധം
തിരുവനന്തപുരം: പുനര്‍ജനി വിവാദത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാശംങ്ങള്‍ പുറത്തുവന്നു. മണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന സൂചന നല്‍കുന്നതാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പുനര്‍ജനിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷന്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്തുനിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലന്‍സ് കണ്ടെത്തല്‍.
യുകെയില്‍നിന്ന് പണം വന്നത് മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒയുടെ അക്കൗണ്ടില്‍ നിന്നാണെന്നും പണം കൈമാറാന്‍ മണപ്പാട്ട് ഫൗണ്ടേഷനുമായി ഈ സംഘടന എംഒയു ഒപ്പിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങളാണിവ. പുനര്‍ജനി ഫണ്ട് സ്വരൂപണത്തിനായി വി.ഡി. സതീശന്‍ യുകെയിലേക്ക് പോയതുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളും അനുമാനങ്ങളുമാണ് വിജിലന്‍സ് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
മണപ്പാട്ട് ചെയര്‍മാന്‍ അമീര്‍ അഹമ്മദും സതീശനും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും സതീശന്റെ യുകെ യാത്രയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് വിജിലന്‍സ് അനുമാനിക്കുന്നത്. സതീശന്‍ യുകെയിലേക്ക് പോയത് ഒമാന്‍ എയര്‍വെയ്സിന്റെ കോപ്ലിമെന്ററി ടിക്കറ്റിലാണ്. ആ ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അമീര്‍ അഹമ്മദാണ്. കൂടാതെ, ടിക്കറ്റിന്റെ ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. യുകെയില്‍ സതീശന് താമസസൗകര്യം ഒരുക്കിക്കൊടുത്തതും താനാണെന്ന് അമീര്‍ അഹമ്മദ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുനര്‍ജനിയ്ക്ക് വേണ്ടി വിദേശത്ത് ക്യാമ്പെയ്ന്‍ നടക്കുകയും അതിലൂടെ പിരിച്ചെടുത്ത പണം കേരളത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ട് വഴി 2018 മുതല്‍ 2022 വരെ പണമിടപാടുകള്‍ നടന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1,27,33,000 ത്തോളം രൂപയാണ് ഈ അക്കൗണ്ട് വഴി കൈമാറിയിട്ടുള്ളത്. യുകെയിലെ മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒ പിരിച്ചെടുത്ത പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളത്. എന്‍ജിഒകള്‍ പണമിടപാട് നടത്തുമ്പോള്‍ എംഒയു ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ പണക്കൈമാറ്റത്തില്‍ അതുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നും പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി.ഡി. സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ ഉള്ളത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍, മണപ്പാട്ട് ഫൗണ്ടേഷന്‍ ഇത്തരത്തില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്‍ഡുകളോ സൂക്ഷിച്ചിട്ടില്ല എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും അതിന്റെ രേഖകള്‍ ഒന്നുംതന്നെ സൂക്ഷിക്കാത്തത് എഫ്‌സിആര്‍എ നിയമത്തിന്റെ റൂള്‍ 19-ന്റെ ലംഘനമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല, മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പരിശോധിച്ചതില്‍ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി വിജിലന്‍സിന് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ നിഗമനം. പുനര്‍ജനി പദ്ധതിയുടെ പേരിലാണ് പിരിച്ചതെങ്കിലും പണം അതിനുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിജിലന്‍സ്.
അതേസമയം പുനര്‍ജനി വിവാദത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് മണപ്പാട് ഫൗണ്ടേഷന്‍ സി.ഇ.ഒ അമീര്‍ അഹമ്മദ് നേരത്തെ പ്രതികരിച്ചിരുന്നു. വിജിലന്‍സ് തന്നെ രണ്ടുതവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അമീര്‍ അഹമ്മദ് പറഞ്ഞു. മണപ്പാട് ഫൗണ്ടേഷനെതിരെയും സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ നല്‍കിയ പശ്ചാത്തലത്തിലായിരുന്നു അമീര്‍ അഹമ്മദിന്റെ പ്രതികരണം.
1993 മുതല്‍ രജിസ്‌ട്രേഡ് ആയ ഒരു എന്‍.ജി.ഒ ആണ് മണപ്പാട് ഫൗണ്ടേഷന്‍. ഞങ്ങള്‍ക്ക് എഫ്.സി.ആര്‍.എ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ അതിന്റെ റിട്ടേണ്‍സ് ഫയല്‍ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. ഞങ്ങളെപ്പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇതില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ എനിക്ക് താല്‍പര്യമില്ല.
സാമൂഹ്യ സേവനത്തിനിറങ്ങുന്ന ആള്‍ക്കാരെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇതു കൊണ്ടുപോകുന്നുണ്ട്. 2023ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഞങ്ങളുടെ എഫ്.സി.ആര്‍.എ പുതുക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടായിരുന്നെങ്കില്‍ അത് പുതുക്കുമായിരുന്നോയെന്നും അമീര്‍ അഹ്‌മദ് ചോദിച്ചു. ഒരുപാട് എഫ്.സി.ആര്‍.എ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ക്ക് പുതുക്കി കിട്ടിയത്. കാരണം ഞങ്ങള്‍ സുതാര്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സ്വന്തം കൈയില്‍ നിന്നു പോലും പണം കൊടുത്ത് ഞങ്ങള്‍ പല സംഗതികളും ചെയ്തിട്ടുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
പുനര്‍ജനി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്നാലെയാണ് മണപ്പാട് ഫൗണ്ടേഷനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ നല്‍കിയത്. മണപ്പാട് സി.ഇ.ഒ അമീര്‍ അഹമ്മദിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും സംശായസ്പദമായ ഇടപാടുകള്‍ എന്‍ജിഒയുടെ അക്കൗണ്ടില്‍ നടന്നുവെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എഫ്.സി.ആര്‍.എ നിയമപ്രകാരം സി.ബി.ഐ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ.
പുനര്‍ജനി പദ്ധതിയുടെ പ്രധാന പങ്കാളികളില്‍ ഒന്നാണ് മണപ്പാട് ഫൗണ്ടേഷന്‍. മണപ്പാട്ട് ഫൗണ്ടേഷന്‍ സി.ഇ.ഒ അമീര്‍ അഹമ്മദിനെതിരെയാണ് സി.ബി.ഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പുനര്‍ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോപണം.




