- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്ക്കും'; ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
'നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്ക്കും'

തിരുവനന്തപുരം: ആര്‍.ആര്‍.ടി.എസ് പദ്ധതിയില്‍ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്നുപറഞ്ഞ് ബഹളം വെച്ചതാണ് സി.പി.എമ്മെന്നും ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതിവേഗ റെയില്‍ പാത വരുന്നതിന് എതിരല്ല. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ യാതൊരു പഠനവുമില്ലാതെ പത്തുവര്‍ഷത്തെ ഭരണം കഴിഞ്ഞു പോകുന്ന പോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
''വ്യവസായ മന്ത്രിയടക്കം എന്തെല്ലാമാണ് പറഞ്ഞത്. ഈ ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയേക്കുറിച്ച് മുമ്പുതന്നെ കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. അത് ഞാന്‍ പറഞ്ഞാലാണ് കുഴപ്പം. മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവ് പറയാന്‍ പാടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീധരനെ കൊച്ചി മെട്രോയില്‍നിന്ന് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് കഥയിറക്കി സമരം ചെയ്തവരാണിവര്‍. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. ഞങ്ങള്‍ ഇതിനെതിരല്ല. കേരളത്തിലെ അടിസ്ഥാന സൗകര്യം വികസിക്കണം, അതിവേഗ റെയില്‍പാത വരണം. എന്നാലത് കൃത്യമായ പരിശോധനകള്‍ നടത്തി കേരളത്തിന് അനുയോജ്യമായ ഒന്നാകണം. അത് കേന്ദ്രം കൊണ്ടുവന്നാലും പിന്തുണക്കും. പത്തുവര്‍ഷത്തെ ഭരണം കഴിഞ്ഞു പോകുന്നപോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്'' -വി.ഡി. സതീശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയില്‍ പദ്ധതി കേരളത്തില്‍ മുഴുവന്‍ പ്രായോഗികമല്ലെന്നും കൊല്ലം മുതല്‍ തിരുവനന്തപുരം വരെ ഈ പദ്ധതി സാധ്യമാകുമെന്നും നേരത്തെ ഇ ശ്രീധരന്‍ പറഞ്ഞുരുന്നു. ആര്‍.ആര്‍.ടിയേക്കാള്‍ അതിവേഗ റെയില്‍വേയാണ് കേരളത്തിന് അനുയോജ്യം. ഇവ തമ്മില്‍ വേഗതയില്‍ വലിയ വ്യത്യാസമുണ്ട്. സര്‍ക്കാറിന്റേത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹൈ സ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഭൂമി ഏറ്റെടുക്കല്‍ മാത്രം ആണ്. ഇപ്പോഴത്തെ എതിര്‍പ്പ് താല്‍ക്കാലികം മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ കേന്ദ്രം വഴി കാണും. അതിവേഗ റെയില്‍വേയുടെ ശരാശരി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളിലായിരിക്കുമ്പോള്‍ റാപ്പിഡ് റെയിലിന്റേത് കേവലം 70-75 കിലോമീറ്റര്‍ മാത്രമാണ്. അതിവേഗ റെയില്‍ പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമര്‍ശം തെറ്റാണ്. അതിവേഗ റെയില്‍ പദ്ധതി തുടക്കമിട്ടത് സി.പി.എമ്മാണ്.
2010ല്‍ ജപ്പാന്‍ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം അതിവേഗ റെയില്‍ കേരളത്തില്‍ പ്രായോഗികമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ താന്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറി കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും ഇ. ശ്രീധരന്‍ അതൃപ്തി രേഖപ്പെടുത്തി.
ആര്‍.ആര്‍.ടി.എസിന് നാലുഘട്ടം
അതിവേഗ റെയില്‍പാത (ആര്‍.ആര്‍.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ട്രാവന്‍കൂര്‍ ലൈന്‍, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തില്‍ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2027ല്‍ നിര്‍മാണം ആരംഭിച്ച് 2033ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ മലബാര്‍ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ കണ്ണൂര്‍ ലൈന്‍ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂര്‍ മുതല്‍ കാസര്‍കോട് ലൈന്‍ പൂര്‍ത്തിയാക്കാനുമാണ് നിര്‍ദേശമുള്ളത്.
പദ്ധതി അയല്‍ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസര്‍കോട് വഴി മംഗലാപുരത്തേക്കും ഭാവിയില്‍ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാല്‍ സമാന്തരമായുള്ള സമയക്രമത്തില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളമുള്ള സമ്പൂര്‍ണ എ.ആര്‍.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉള്‍പ്പെടെ) യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.


