തൃശ്ശൂര്‍: കേരളത്തില്‍ അറിയപ്പെടുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കൃഷ്ണ തേജ. ആലപ്പുഴയിലും തൃശ്ശൂരും കല്കടര്‍ സ്ഥാനത്ത് ഇരുന്നപ്പോള്‍ ജനകീയനെന്ന് പേരെടുത്തു വ്യക്തി. ഇപ്പോഴിത് കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ ജോലി ചെയ്ത് മടുത്തു ആന്ധ്രയിലേക്ക് ചേക്കേറുകയാണ് വി ആര്‍ കൃഷ്ണ തേജ. നിലവില്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറായ അദ്ദേഹം ആന്ധ്രയിലേക്ക് എത്തുന്നത് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രത്യേക താല്‍പ്പര്യത്താലാണ്.

കൃഷ്ണ തേജയെ വേണമെന്ന ആന്ധ്രയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കൊവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൃഷ്ണ തേജയെ പരിഗണിക്കാന്‍ കാരണം. മിടുക്കനായ ഉദ്യോഗസ്ഥന്‍ ഇനി ആന്ധ്രയില്‍ താക്കോല്‍ സ്ഥാനത്തിരുന്നു ഭരിക്ുകം.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

പവന്‍ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോകുന്നത്.

തന്റെ ജീവിത കഥയും പറഞ്ഞ് യുവാക്കള്‍ക്കും കുട്ടികള്‍ക്കും ആവേശം പകര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് കൃഷ്ണ തേജ. ഒരു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാിരുന്നു.

അന്ന് കൃഷ്ണ തേജ പറഞ്ഞത് ഇങ്ങനെയായിരുന്നു:

'പഠനം നോക്കിയാല്‍ ക്ലാസില്‍ ഏറ്റവും അവസാന സ്ഥാനം എനിക്കായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമുണ്ടായി. ഈ സമയത്ത് പഠനം അവസാനിപ്പിച്ച് ഏതെങ്കിലും കടയില്‍ ജോലിക്ക് പോകാന്‍ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഈ സമയത്താണ് അയല്‍വാസി സഹായം വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ സൗജന്യം വാങ്ങാന്‍ അമ്മ മടിച്ചു. അങ്ങനെ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞ് അയാളുടെ മരുന്ന് കടയില്‍ ജോലിക്ക് പോയിതുടങ്ങി. അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ വില മനസിലായത്.

അങ്ങനെയാണ് നന്നായി പഠിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെ പത്താം ക്ലാസും പ്ലസ് ടുവും എഞ്ചിനീയറിംഗും ഒന്നാമനായി വിജയിച്ചു."എഞ്ചിനീയറിംഗില്‍ ടോപ്പറായതിന് ശേഷം മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ നല്ലൊരു ജോലി ഡല്‍ഹിയില്‍ കിട്ടി.അവിടെ താമസിക്കുമ്പോഴാണ് ദൈവം എനിക്കൊരു നല്ല റൂംമേറ്റിനെ തന്നത്. അദ്ദേഹത്തിന് ഐഎഎസ് ആകാനായിരുന്നു താല്‍പര്യം. അതുവരെ ഐഎഎസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. തികച്ചും ഗ്രാമീണനായ ഞാന്‍ അതുവരെ കേട്ടതില്‍ വച്ച് ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ തഹസില്‍ദാറായിരുന്നു.

ഏതെങ്കിലും കാരണത്താല്‍ തഹസില്‍ദാര്‍ ഗ്രാമത്തില്‍ വന്നാല്‍ ഒരാഴ്ച മുന്നേ ഗ്രാമത്തിലെ റോഡും ഓടയുമെല്ലാം വൃത്തിയാക്കും. തെരുവ് വിളക്കുകളെല്ലാം കത്തും. ഈ തഹസില്‍ദാറുമാരുടെയെല്ലാം തലവന്‍ കളക്ടറാണെന്നും കളക്ടറായാല്‍ നാടിന് ഗുണമുള്ള പലതും ചെയ്യാനാകുമെന്നും റൂം മേറ്റാണ് ആദ്യമായി എനിക്ക് പറഞ്ഞുതന്നത്. എന്നെ നിര്‍ബന്ധിച്ച് കോച്ചിംഗിന് കൊണ്ടുപോയതും അദ്ദേഹമാണ്. "പതിയെ പതിയെ എനിക്ക് മനസിലായി ഐഎഎസ് ജോലിയല്ല, സേവനമാണെന്ന്. ഐഎഎസ് കിട്ടിയാല്‍ 35 വര്‍ഷത്തോളം പൊതുജനത്തെ സേവിക്കാമെന്നും. അങ്ങനെയാണ് ഗൗരവത്തോടെ പരിശീലനത്തിന് പോയി തുടങ്ങിയത്.

ആദ്യ തവണ പരീക്ഷ എഴുതി തോറ്റു. ജോലിയോടൊപ്പം പഠിച്ചതിനാലാണ് തോറ്റതെന്ന് കരുതി ജോലി രാജിവച്ച് പഠിച്ച് രണ്ടാം തവണയും പരീക്ഷയെഴുതി തോറ്റു. എല്ലാത്തിലും ടോപ്പറായ ഞാനെങ്ങനെ തോല്‍ക്കുന്നുവെന്ന് മനസിലായില്ല. നിര്‍ഭാഗ്യമാണെന്ന് കരുതി. മൂന്നാം തവണ മുഴുവന്‍ സമയവും പഠിച്ചിട്ടും തോറ്റു. മൂന്ന് വലിയ ജയത്തിന് ശേഷം മൂന്ന് തവണ തോറ്റുവെന്നത് സ്വയം ചോദിച്ചു. അതോടെ ആത്മവിശ്വാസം പോയി, ഏകദേശം ഒരുമാസം എന്തുകൊണ്ട് തോറ്റ് എന്ന് സ്വയം അന്വേഷിച്ചു. പിന്നീട് സുഹൃത്തുക്കളോടന്വേഷിച്ചു.അവര്‍ക്കും മനസിലായില്ല. തുടര്‍ന്ന് ഐഎഎസ് പാസാകില്ലെന്ന് തീരുമാനിച്ച് ഐടി ജോലിക്ക് അപേക്ഷിച്ചു. ഐടി ജോലി ഉടനെ കിട്ടി. ഈ വിവരം എന്റെ ശത്രുക്കള്‍ ഉള്‍പ്പെടെ എല്ലാവരും അറിഞ്ഞു. എന്നെ കാണാനായി മൂന്ന് ശത്രുക്കളും എത്തി.

"അവരെ മൂന്ന് പേരെയും ക്ഷണിച്ച് അകത്തിരുത്തി. എനിക്ക് നല്ലത് ഐടി ജോലിയാണെന്നും ഐഎഎസ് ശരിയാകില്ലെന്നും മൂവരും പറഞ്ഞു. അതിനെ പിന്തുണച്ച ശേഷം എന്തുകൊണ്ടാണ് എനിക്ക് ഐഎഎസ് കിട്ടാതത്തതെന്ന് അവരോട് ചോദിച്ചു.ആദ്യത്തെ ശത്രു എന്നോട് പറഞ്ഞു, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 2000 മാര്‍ക്ക് എഴുത്തു പരീക്ഷയാണല്ലോ പക്ഷേ കൈയക്ഷരം മോശമായതിനാല്‍ മാര്‍ക്ക് കുറയും എന്ന്. രണ്ടാമത്തെ ശത്രു എന്നോട് പറഞ്ഞു, നിങ്ങള്‍ ഉത്തരങ്ങള്‍ പോയിന്റിട്ടാണ് എഴുതുന്നത്. പക്ഷേ ഉത്തരങ്ങള്‍ നല്ല ഒഴുക്കോടെ മനോഹരമായ ഭാഷയില്‍ കഥ പറയും പോലെ എഴുതിയാല്‍ മാര്‍ക്ക് കിട്ടുമെന്ന്.

അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ എനിക്ക് ആര്‍ട്‌സ് വിദ്യാര്‍ത്ഥികളെപ്പോലെ ഉത്തരങ്ങള്‍ കഥപോലെ എഴുതാനറിയില്ലായിരുന്നു. അതിന്റെ പേരിലും മാര്‍ക്ക് കുറയുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. മൂന്നാം ശത്രു എന്നോട് പറഞ്ഞു, നിങ്ങള്‍ വളരെ കാര്യങ്ങള്‍ ചുരുക്കി സംസാരിക്കുന്നയാളാണ്. അഭിമുഖത്തില്‍ വളരെ ഒഴുക്കോടെ കണ്‍വിന്‍സിംഗായി സംസാരിക്കണമെന്ന്. ഇതും പറഞ്ഞ് മൂവരും തിരിച്ചു പോയി. അതോടെ എനിക്കൊരു കാര്യം മനസിലായി. നമ്മുടെ പോസിറ്റീവ് അന്വേഷിക്കേണ്ടത് സുഹൃത്തുക്കളോടും നെഗറ്റീവ് അന്വേഷിക്കേണ്ടത് ശത്രുക്കളോടുമാണെന്ന്.'

പ്രശ്‌നങ്ങള്‍ മനസിലായതോടെ ഐടി ജോലി ഉപേക്ഷിച്ച് ഒരു വര്‍ഷം കൂടി ഐഎഎസിന് ശ്രമിക്കാമെന്ന് തീരുമാനിച്ചു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് അമ്മയും പറഞ്ഞു.'അങ്ങനെ നാലാം തവണ പരീക്ഷയെത്തി. പ്രിലിംസും മെയിനും അഭിമുഖവും വിജയിച്ചു. ആള്‍ ഇന്ത്യാ തലത്തില്‍ 66-ാം റാങ്കും കിട്ടി. ഇന്ന് എല്ലാവരുമെന്നെ ജില്ലാ കളക്ടര്‍ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കളക്ടര്‍, രണ്ടാം തവണ വിജയിച്ച കളക്ടര്‍ എന്നല്ല ആരുമെന്നെ വിളിക്കുന്നത്. അതിനര്‍ഥം എത്ര തവണ പരാജയപ്പെട്ടു എന്നല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടിയോ എന്നതാണ്. ജീവിതത്തില്‍ തോല്‍വി വരും. ചെറിയ തെറ്റുകളായിരിക്കും തോല്‍വിക്ക് കാരണം. അത് കണ്ടെത്തിയാല്‍ വലിയ വിജയമായിരിക്കും നമ്മളെ കാത്തിരിക്കുക.' - കൃഷ്ണതേജ പറഞ്ഞു.