പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ പരാമര്‍ശവുമായി വി.കെ. ശ്രീകണ്ഠന്‍ എംപി. പരാതിക്കാര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്ന പരാമര്‍ശമാണ് വിവാദത്തിലായത്. കോടതി പറയുന്നത് വരെ രാഹുല്‍ കുറ്റക്കാരന്‍ അല്ലെന്നും എംപി വ്യക്തമാക്കി.

''ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്, പക്ഷേ, അവരാരും പരാതിക്കാര്‍ അല്ലല്ലോ. ഏതെങ്കിലും സ്റ്റേഷനില്‍ പരാതി കൊടുത്തോ. ആരോപണം ഉന്നയിച്ച വ്യക്തിപോലും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രാഹുലിന്റെ ഓഡിയോ ആണെന്ന് പറയാന്‍ നിങ്ങള്‍ ആരാണ് ഫോറന്‍സിക് വി?ദ?ഗ്ധരോ?. എഐ വീഡിയോ പോലും ഇക്കാലത്ത് ഇറക്കാമല്ലോ. ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ ഓരോരുത്തരുടെ വെളിപ്പെടുത്തലാണല്ലോ. ഓരോ മീഡിയയില്‍ പറഞ്ഞതാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം പുറത്തുവന്നിട്ടില്ല. ?ഗൂഢാലോചനയുണ്ടോ എന്നറിയില്ല. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞവര്‍ അര്‍ധവസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നത്. എന്താ അതിന്റെയൊക്കെ പിന്നില്‍? ആരുണ്ട്, എന്തുണ്ട് എന്നൊക്കെ ആന്വേഷിച്ചാല്‍ സത്യം പുറത്ത് വരും.''- വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.

രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാന പ്രകാരമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമായാണെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ കോടതി പ്രഖ്യാപിക്കുന്നതുവരെ കുറ്റക്കാരനല്ലെന്നും പുറത്തുവന്നത് രാഹുലിന്റെ ഓഡിയോ ആണെന്നതിന് തെളിവുണ്ടോയെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി ചോദിച്ചു.

രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. രാജി പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. രാഹുല്‍ പറഞ്ഞത് തെറ്റാണ്. രാജി വെച്ചത് പാര്‍ട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തുവെന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തല്‍.

ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന്‍ നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നുമാണ് പൊലീസിന് കിട്ടിയ നിയമപദേശം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കിലെന്നാണ് സൂചന. സംഘടനാ നടപടി മാത്രം മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാജി പാര്‍ട്ടിയെയും മുന്നണിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാഹുലിന് എംഎല്‍എ ആയി തുടരാന്‍ ഘടക കക്ഷികളുടെ പിന്തുണയുമുണ്ട്.

എന്നാല്‍, രാഹുല്‍ രാജിവച്ചതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകള്‍ പിടിവലി തുടങ്ങിയിരിക്കുകയാണ്. അബിന്‍ വര്‍ക്കിക്കായി അവകാശവാദങ്ങളുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ബിനു ചുള്ളിയിലിനായി കെ.സി പക്ഷവും, കെ.എം. അഭിജിത്തിനായി എം.കെ. രാഘവനും വാദിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പകരക്കാരന്‍ ആരാണെന്ന് കോണ്‍ഗ്രസ് നേതൃത്വമാകും തീരുമാനിക്കുക.