കൊച്ചി: ഏഴ് മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലേക്ക് മടങ്ങുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് മലയാളികള്‍ ആഘോഷമാക്കി. പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് രംഗത്തെത്തി.

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. രോഗമുക്തി നേടിയ ശേഷം മമ്മൂട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് ശ്രീരാമന്‍ കുറിച്ചത്. താന്‍ വിളിച്ചത് അവസാന ടെസ്റ്റ് പാസ്സായതുകൊണ്ടാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍, 'നിങ്ങള്‍ പാസ്സാകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു' എന്ന് താന്‍ മറുപടി നല്‍കിയതായി ശ്രീരാമന്‍ ഓര്‍ത്തെടുത്തു. മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രവും ഓട്ടോറിക്ഷയില്‍ നിന്നുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'അവസാനത്തെ ടെസ്റ്റും പാസ്സായെടാ,' എന്ന് മമ്മൂട്ടി പറഞ്ഞതായും, അതിന് 'ങ്ങള് പാസ്സാവുന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു' എന്ന് താന്‍ മറുപടി നല്‍കിയതായും ശ്രീരാമന്‍ കുറിച്ചു. 'നീയെന്താ മിണ്ടാത്തത്?' എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍, 'ഏത് നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയതെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു,' എന്ന് മറുപടി പറഞ്ഞതായും ശ്രീരാമന്‍ വ്യക്തമാക്കുന്നു.


വി,കെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ

നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

'ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. '

കാറോ ?

'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍് സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവന്‍ പോയി..''

ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

' എന്തിനാ?'

അവസാനത്തെ ടെസ്റ്റും പാസ്സായട

'ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. '

നീയ്യാര് പടച്ചോനോ?

'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'

'എന്താ മിണ്ടാത്ത്. ?

ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.

യാ ഫത്താഹ്

സര്‍വ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ !


മന്ത്രിമാരും ദേശീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാല്‍, മന്ത്രി പി. രാജീവ്, മന്ത്രി വീണാ ജോര്‍ജ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചും അഭിനയ രംഗത്തെ മുന്നോട്ടുള്ള യാത്രയെക്കുറിച്ചും ആശംസകളറിയിച്ചിട്ടുണ്ട്. ഈ തിരിച്ചുവരവും പുഞ്ചിരിയും തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നതായി കെ.സി.വേണുഗോപാല്‍ കുറിച്ചു. മുറിഞ്ഞുപോകാത്ത അഭിനയ പരീക്ഷണങ്ങളുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. കേരളം കാത്തിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.