- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആഗോള അയ്യപ്പസംഗമ വിവാദം; ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്ന നിയമസഭയിലെ മറുപടിയില്‍ തെറ്റില്ല; രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പൊതുജനത്തോട് മാപ്പ് പറയേണ്ടിവരും; ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍
ആഗോള അയ്യപ്പസംഗമ വിവാദം; ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്ന നിയമസഭയിലെ മറുപടിയില്‍ തെറ്റില്ല

കോട്ടയം: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വത്തിന്റെ പണം തിരിച്ചടച്ചത് സംബന്ധിച്ച നിയമസഭയിലെ മറുപടിയില്‍ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് കൊടുത്ത പണം തിരിച്ചടച്ചിട്ടുണ്ടെന്നും പ്രസ്താവനകളില്‍ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ളവര്‍ പൊതുജനത്തോട് മാപ്പ് പറയേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
'ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വം പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണ്. ദേവസ്വം ബോര്‍ഡ് കൊടുത്ത പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് അവര്‍ മാപ്പ് പറയേണ്ടിവരും. ആഗോള അയ്യപ്പസംഗമത്തില്‍ പോറ്റിയെ ഞങ്ങള്‍ പങ്കെടുപ്പിച്ചില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ വിഷമം. ആ വിഷമം എല്ലാവര്‍ക്കും മനസ്സിലാകും. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നുവെന്ന കാര്യത്തിലും അവര്‍ക്ക് വിഷമമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു ആശയക്കുഴപ്പവും നിലനില്‍ക്കുന്നില്ല. പോറ്റിയെ കേറ്റിയവര്‍ക്കാണ് നിലവില്‍ വിഷമം. കൊടിമരം കേസ് വിജിലന്‍സിന്റെ പരിധിയിലെത്തിയിരിക്കുകയാണ്. അതിന്റെ അന്വേഷണം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും.' വാസവന്‍ പറഞ്ഞു.
'ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്'. കൂടുതല്‍ കാര്യങ്ങള്‍ പരിശോധന നടത്തിയതിന് ശേഷം പറയാമെന്നും വാസവന്‍ പറഞ്ഞു. സിപിഎം ഉമ്മന്‍ചാണ്ടിയുടെ മരണശേഷവും വേട്ടയാടുന്നുവെന്ന പ്രസ്താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു. 'ഉമ്മന്‍ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ കൂടുതലായി വേട്ടയാടിയിരുന്നയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് ഞങ്ങള്‍ പറഞ്ഞ കാര്യമല്ല, മറിയാമ്മ ഉമ്മന്‍ചാണ്ടിയും കെ.സി ജോസഫുമാണ് പറഞ്ഞത്'. ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചുവെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റോഷി അഗസ്റ്റിനും ജോസ് കെ.മാണിയും ചക്കരയും തേനുമാണെന്നായിരുന്നു വാസവന്റെ മറുപടി. 'അവര്‍ക്കിടയില്‍ ഒരു പ്രശ്നമില്ല. സ്നേഹമുള്ളതിനാലാണ് ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. പാര്‍ട്ടി ചെയര്‍മാന്‍ പാലയില്‍ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ആഗ്രഹിക്കുന്നുണ്ട്. ജോസ് കെ.മാണി പാലായില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും'. മധ്യമേഖല ജാഥയില്‍ പാലായില്‍ ലഭിച്ച സ്വീകരണം അത് ചൂണ്ടിക്കാട്ടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെ കുറിച്ച് പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും അഡ്വാന്‍സ് നല്‍കിയ പണം ദേവസ്വം ബോര്‍ഡ് തിരികെ കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും ബോര്‍ഡിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ആഗോള അയ്യപ്പസംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടു തള്ളുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നടക്കുന്നത് തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങള്‍ മാത്രമാണെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിന് തുക നല്‍കിയതായി ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് പിശകാണ്.
ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമര്‍പ്പിച്ച സ്‌റ്റേറ്റ്മെന്റില്‍ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.അയ്യപ്പ സംഗമത്തിന്റെ തുടക്കത്തില്‍ ഒരു ഭജന്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. നന്ദഗോവിന്ദം ഭജന്‍സ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് സംഗീതജ്ഞനായ ഇഷാന്‍ ദേവ്നെ സമീപിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 25ലധികം കലാകാരന്മാരും 10ലധികം ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 35 പേര്‍ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപയാണ് ചെലവായതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ, സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്ന ഒരു പരാമര്‍ശവും ഇല്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ അവെയിലബിള്‍ ബില്ലുകള്‍ അനുസരിച്ചുള്ളതാണെന്നും ബില്ലുകള്‍ എല്ലാം ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകും എന്നും ബോര്‍ഡ് പറയുന്നുണ്ട്.


