തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയില്‍ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയില്‍ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇക്കഴിഞ്ഞ ദിവസമായിരുന്നു ശബരിമലയില്‍ നിന്നും കാണാതായ ദ്വാരകപാലത്തിന്റെ ഭാഗമായ പീഠം കണ്ടെത്തിയത്.

സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് പീഠം കണ്ടെത്തിയത്. ദേവസം വിജിലന്‍സ് ആണ് പീഠം കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് പീഠം കണ്ടെത്തിയത്.പീഠം കാണാനില്ലെന്ന് പരാതി നല്‍കിയതും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു. കഴിഞ്ഞ മാസം 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്.

അതിനിടെ ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ തമ്മില്‍ വാക്‌പോരും ഉടലെടുത്തിട്ടുണ്ട.് 2019ല്‍ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയക്കുമ്പോള്‍ എ. പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. തന്റെ കാലത്ത് ശബരിമലയില്‍ ആചാരലംഘനങ്ങളോ നിയമവിരുദ്ധമായ കാര്യങ്ങളോ നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അനുമതിയോടെ മാത്രമേ ജോലികള്‍ ചെയ്യാവൂ എന്ന് താന്‍ കൈപ്പടയില്‍ എഴുതിയ ഉത്തരവ് ബോര്‍ഡ് ഓഫീസിലുണ്ടെന്നും 1998 മുതലുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചുമതലയേല്‍ക്കുമ്പോള്‍ പാളികളിലെ സ്വര്‍ണ്ണം നഷ്ടപ്പെട്ട് ചെമ്പ് തെളിഞ്ഞ അവസ്ഥയിലായിരുന്നു എന്നാണ് പത്മകുമാറിന്റെ വിശദീകരണം. ഒരു മുന്‍ കേന്ദ്രമന്ത്രി ആറ് കിലോ സ്വര്‍ണ്ണം കാണാനില്ലെന്ന് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും, യഥാര്‍ത്ഥത്തില്‍ 49 പവന്‍ സ്വര്‍ണ്ണം മാത്രമാണ് പുതിയതായി പൂശിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, നാല് കിലോ സ്വര്‍ണ്ണത്തിന്റെ കുറവുണ്ടെന്ന് പറഞ്ഞത് രാഷ്ട്രീയക്കാരല്ല, മറിച്ച് കോടതിയാണെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ തിരുത്തി. മാനുവല്‍ ലംഘിച്ച് ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോയെന്ന ആരോപണത്തിന്, അത് നയപരമായ തീരുമാനമായിരുന്നുവെന്നും, പുതിയ ഇലക്ട്രോപ്ലേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാകാം അങ്ങനെയൊരു തീരുമാനം എടുത്തതെന്നും പത്മകുമാര്‍ വിശദീകരിച്ചു.

വിവാദങ്ങള്‍ക്കിടെ, മറ്റ് മുന്‍ പ്രസിഡന്റുമാര്‍ക്കെതിരെയും പത്മകുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ചിലര്‍ മാനുവല്‍ ലംഘിച്ച് വിദേശയാത്ര നടത്തിയെന്നും, പതിനെട്ടാം പടിക്ക് മുകളില്‍ നിര്‍മ്മാണം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജയ് മല്യയെപ്പോലൊരാളെ ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ച ജി. രാമന്‍ നായരുടെ വാക്കുകള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പത്മകുമാറിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായാണ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍ രംഗത്തെത്തിയത്. വിജയ് മല്യ സ്വര്‍ണ്ണം സമര്‍പ്പിച്ചത് തന്റെ കാലത്തല്ലെന്നും മറിച്ച് സിപിഎം നോമിനിയായിരുന്ന വി.ജി.കെ. മേനോന്‍ പ്രസിഡന്റായിരുന്ന കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ ചരിത്രം പോലും പത്മകുമാറിന് അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.