തിരുവനന്തപുരം:വിരസമല്ലാത്ത വാക്ചാതുര്യവും വിഷയത്തിലുന്നിയുള്ള സംസാരത്തിലൂടെയും ജനങ്ങളെ കൈയ്യിലെടുക്കുക എന്നതാണ് രാഷ്ട്രിയക്കാരുടെ പ്രധാനമുഖമുദ്ര.ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും കേരളത്തില്‍ അത്തരം രാഷ്ട്രീയക്കാര്‍ പൊതുവെ കുറവാണ്.അവിടെയാണ് വി എസ് അച്യുതാനന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രൗഡ്പുള്ളറാകുന്നത്.ഉന്നത വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത താഴെത്തട്ടിലുള്ളവരും തൊഴിലാളികളും ആയ ഒട്ടേറെ പേരെ നേതൃതലത്തിലേക്ക് ഉയരാന്‍ സഹായിച്ചത് വിപ്ലവാഭിമുഖ്യവും കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടവുമാണ്.അത്തരത്തില്‍ കേരളത്തിലെ നേതാവാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനങ്ങളുടെ വി.എസ്.

വിപ്ലവത്തോടുള്ള സമര്‍പ്പണത്തിലൂടെയും തുടര്‍ച്ചയായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലും സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലും വിരാജിച്ച വ്യക്തിപ്രഭാവമായിരുന്നു അദ്ദേഹത്തിന്റെത്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കേരളത്തിനകത്ത് ഇത്രയധികം ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാക്കള്‍ ചുരുക്കമേയുള്ളൂ.വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും സാധാരണക്കാരുമായി സംവദിക്കാനുമുള്ള കഴിവ് ഒരു നേതാവെന്നനിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയാണ്.ഇതിനുകാരണങ്ങള്‍ പലതാണ്.തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ സാധാരണക്കാരുടെ ദൈനംദിനപ്രശ്നങ്ങളുമായി ബന്ധപ്പെടാന്‍ വി.എസിന് അസാധാരണമായ കഴിവുണ്ടായിരുന്നു.

ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലുള്ള ലളിതമായ ജീവിതം അദ്ദേഹത്തെ പൊതുജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കി.വി.എസിന്റെ പ്രസംഗപാടവം ജനങ്ങളെ അണിനിരത്തുന്നതില്‍ നിര്‍ണായകമായിരുന്നു.അതുകൊണ്ടാണ് അവസാനകാലത്ത് പലയാവര്‍ത്തി മാറ്റിനിര്‍ത്തപ്പെട്ടിട്ടും ജനങ്ങളുടെ താത്പര്യം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് പോലും വി എസ് പാര്‍ട്ടിക്കുവേണ്ടി ജനങ്ങളോട് സംസാരിച്ചത്. വ്യക്തതയോടും കണിശമായുമായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

അതിന്റെ മേമ്പൊടിയായി നര്‍മ്മം കൂടി ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേള്‍വിക്കാര്‍ ഏറെയായി.നര്‍മത്തോടെയുള്ള സംസാരം അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ ആകര്‍ഷകവും അവിസ്മരണീയവുമാക്കി. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വി.എസ്. എന്നും സ്ഥിരതപുലര്‍ത്തി.അദ്ദേഹം പ്രസംഗങ്ങളിലൂടെ അഴിമതി,സാമൂഹിക അസമത്വങ്ങള്‍, വരേണ്യവര്‍ഗത്തിന്റെ അധികാരം എന്നിവയെ ശക്തമായി വിമര്‍ശിച്ചു.തൊഴിലാളികളുടെയും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി ഉറച്ചുനിന്നു.

സോഷ്യലിസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.ഇങ്ങനെ സ്വന്തം പാര്‍ട്ടിയില്‍പ്പോലും അദ്ദേഹം തിരുത്തല്‍വാദിയായി.ഈ പ്രത്യയശാസ്ത്ര വ്യക്തതയും ദൃഢതയും അദ്ദേഹത്തെ ബഹുജനങ്ങള്‍ വിശ്വസിക്കുന്ന നേതാവാക്കി.

കനല്‍വഴികളിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തെ ഔന്നത്യങ്ങളിലെത്തിച്ചു.അത് ഒരു വിസ്മയമാണ്. അതിന്റെ അടിസ്ഥാനം ജനങ്ങള്‍ വാരിക്കോരിക്കൊടുത്ത ആദരവും സ്നേഹവുമാണ്.പാരമ്പര്യത്തിന്റെ മേലങ്കിയില്ലാത്ത വി.എസ്. അധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമാണ് എന്നും ഉയര്‍ത്തിപ്പിടിച്ചത്.ഒരു ഘട്ടത്തിലും പതറിയില്ല.സ്വഭാവഹത്യകള്‍, കെട്ടിച്ചമച്ച ആരോപണങ്ങള്‍ എത്രയെത്ര! പ്രതിയോഗികളെപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ചക്രവ്യൂഹങ്ങളെ ഭേദിച്ച് പുറത്തുവന്ന വി.എസ്. ആ വ്യക്തിത്വത്തിന്റെ സവിശേഷത നിലയ്ക്കാത്ത സമരബോധവും പ്രശാന്തമായ സുതാര്യതയുമാണ്.

വി.എസ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നിരന്തരമായ സമരത്തിലായിരുന്നു.വി.എസിന്റെ ജീവിതം മുഴുവന്‍ സമരതീക്ഷ്ണമാണ്.അതുകൊണ്ടുതന്നെ കേരളത്തില്‍ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസ്. എത്തി.ഇവിടങ്ങളിലൊക്കെയും വി എസ്സിന്റെ വാക്കുകള്‍ സമരങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നു. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളിലൂടെ, മിച്ചഭൂമി സമരങ്ങളിലൂടെ, പട്ടയസമരങ്ങളിലൂടെ, നഴ്സുമാരുടെ സമരങ്ങളിലൂടെ, കുടിയൊഴിപ്പിക്കലിനെതിരേയുള്ള സമരങ്ങളിലൂടെ, തൊഴിലാളി-സര്‍വീസ് മേഖലയിലെ സമരങ്ങളിലൂടെ പ്രവഹിച്ചപ്പോഴൊക്കെ തന്നെയും അവിടങ്ങളിലൊക്കെയും സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ്. എത്തിയിരുന്നു.

സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുഖമാണ് വി എസ്സിന് എന്നും.കേരളത്തിലെ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം നയിച്ച സമരങ്ങളാണ് ആദ്യം ശ്രദ്ധ നേടിയത്. കര്‍ഷകര്‍ക്കുള്ള ഭൂവകാശം,പട്ടയം,ഭൂസമരങ്ങള്‍ എന്നിവയില്‍ വി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ ഈ വിഭാഗം ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. 1950-60 കാലഘട്ടങ്ങളിലെ ഭൂസമരങ്ങളില്‍ സജീവപങ്കാളിയായിരുന്നു.