തിരുവനന്തപുരം: സ്വന്തം കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയ വഴിത്തടത്തിലൂടെയാണ് വി.എസ്.അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയജീവിതം നടന്നുതീര്‍ത്തത്. അതിനെ കമ്യൂണിസ്റ്റ് പാരമ്പര്യവുമായി വിളക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞിടത്ത് വി.എസിനെ ഒറ്റപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു.പാര്‍ട്ടിക്കുള്ളില്‍ വി.എസ് നടത്തിയ ആശയസമരങ്ങളുടെ ചരിത്രം സി.പി.എം എങ്ങനെയാവണം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുന്നുവെന്നല്ല,പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നു എന്നായിരുന്നു വി.എസിന്റെ ബോധ്യം. വിവാദമൂല, മാധ്യമസിന്‍ഡിക്കറ്റ്, ലാവലിന്‍ പുനരുദ്ധാനം.. അങ്ങനെ പലതും കേരളം കാണുകയും കേള്‍ക്കുകയും ചെയ്്തു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലം വിഎസിന്റെ ജനകീയ നേതാവിലേക്കുള്ള പരകായ പ്രവേശത്തിന്റെ സമയമായിരുന്നു. പാമോലിന്‍, ലാവ്ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി.സൂര്യനെല്ലിയിലെ പാവം പെണ്‍കുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യന്‍ നിന്നു.മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു.അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.

അതിനാല്‍ തന്നെ നിയമസഭയില്‍ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും വി എസ്സ് സംസാരിച്ചത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടികൂടിയായിരുന്നു. ആ സംസാരങ്ങളില്‍ പലതും നിയമസഭാ അകത്തളത്തെ പിടിച്ചുലച്ചവയുമായിരുന്നു.അത്തരത്തില്‍ നിയമസഭയില്‍ ശ്രദ്ധേയമായ വി എസ്സിന്റെ പ്രസംഗങ്ങളെ അറിയാം.

1967 നിയമസഭയിലെ അദ്യ ശബ്ദം കയര്‍ത്തൊഴിലാളികള്‍ക്കായി

1967 മാര്‍ച്ച് 28 നാണ് വി എസ്സ് നിയമസഭയില്‍ തന്റെ കന്നി പ്രസംഗം നടത്തുന്നത്. അത് കയര്‍ത്തൊഴിലാളികള്‍ക്ക് വേണ്ടിയായുരുന്നു. എന്‍.ജി.ഒ.മാര്‍ക്ക് ചില ആശ്വാസനടപടികളെടുത്ത കൂട്ടത്തില്‍ ഒരു വിഭാഗം ആളുകള്‍ക്ക് ഒരു പ്രതിഫലവും കിട്ടാത്ത തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. തീരപ്രദേശത്ത് ഒരു ജനവിഭാഗം ഇന്നും കൊടുംപട്ടിണിയുടെ വേദന തിന്നുകൊണ്ടിരിക്കുകയാണ്.പതിനൊന്ന് ലക്ഷത്തോളം വരുന്ന കയര്‍ത്തൊഴിലാളികള്‍, സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം നീണ്ട പത്തുപതിനേഴ് കൊല്ലം കഴിഞ്ഞിട്ടും വളരെയേറെ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

1969 ലെ മത്സ്യത്തൊഴിലാളി സംരക്ഷണ പദ്ധതി പ്രമേയം

വി എസ്സിനെ അടയാളപ്പെടുത്തിയ മറ്റൊരു പ്രസംഗം മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയമായിരുന്നു.നല്ല പോഷകാംശമുള്ള ആഹാരം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതിനുവേണ്ടിക്കൂടി പാടുപെടുന്ന ആളുകളാണ് നമ്മുടെ നാട്ടിലെ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികള്‍. കേരളത്തിലെയും ഭാരതത്തിലെയും ജനങ്ങളെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന ഈ വിഭാഗം തൊഴിലാളികള്‍ പട്ടിണിയിലും ക്ലേശങ്ങളിലും പെട്ട് ഉഴലാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായി.ഈ തൊഴിലാളികള്‍ നേടിക്കൊടുക്കുന്ന വിദേശനാണയത്തില്‍ പത്തുശതമാനമെങ്കിലും ഇവരുടെ സമുദ്ധാരണത്തിനുവേണ്ടി സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ മാറ്റിവെക്കേണ്ടതാണ്.

1973

1973 മാര്‍ച്ച് 27 ലെ ഭൂപരിഷ്‌കരണ ഭേദഗതി ബില്ലിലെ ചര്‍ച്ച

മിച്ചഭൂമിയുടെ കാര്യത്തില്‍ ഭൂവുടമകള്‍ക്ക് ഈ കഴിഞ്ഞ അസംബ്ലിയില്‍ അവതരിപ്പിച്ച ഭേദഗതിമൂലം 45 ദിവസംകൂടി നല്‍കുകയുണ്ടായി. ഇത് തൃണസമാനം ലംഘിക്കാന്‍ തയ്യാറായ ഭൂവുടമകള്‍ക്ക് വീണ്ടും ഒരുമാസംകൂടി സാവകാശം നല്‍കി. ഇത് നല്‍കിയിരുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം 100 നിയമനിഷേധികളെയെങ്കിലും കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ കഴിയുമായിരുന്നു. കാലതാമസത്തിന്റെ ഉടയാടയില്‍പ്പൊതിഞ്ഞ് ഭൂപ്രഭുക്കന്‍മാരെ രക്ഷിക്കാനുള്ള ഈ സംരംഭം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

1974 ഭക്ഷ്യപ്രതിസന്ധിക്കെതിരേ അടിയന്തരപ്രമേയവും കേരളത്തിന്റെ റേഷന്‍ വിഹിതവും

കേരളത്തിന് അര്‍ഹമായ റേഷന്‍വിഹിതം തന്നില്ലെങ്കില്‍ അത് നേടിയെടുക്കാനാവശ്യമായ ഉറച്ച സമരപരിപാടി സ്വീകരിക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറുണ്ടോ? ഈ നാട്ടിലെ കുത്തകക്കാരായ കൊള്ളക്കച്ചവടക്കാരെ നിയന്ത്രിക്കാനും ഭക്ഷണസാധനങ്ങള്‍ക്ക് അമിതമായി വിലകൂട്ടുന്ന കച്ചവടക്കാരെ മുക്കാലിയില്‍കെട്ടി കവലതോറും കൊണ്ടുനടന്ന് തെരണ്ടിവാല്‍കൊണ്ട് അടിക്കുന്നതിന് ഈ സര്‍ക്കാര്‍ തയ്യാറുണ്ടോ? ആ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ ഈയാംപാറ്റയെപ്പോലെ മരിച്ചുവീഴുന്ന സ്ഥിതിയിലേക്ക് നീങ്ങാന്‍പോവുകയാണ്.

1992ല്‍ പാമോലിന്‍ ക്രമക്കേടിനെതിരെ

1992 ജൂലായ് 15, പാമോലീന്‍ ഇടപാടിലെ ക്രമക്കേടിനെപ്പറ്റി നിയമസഭയില്‍ സബ്മിഷനിലും വി എസ് നിയമസഭയെ വിറപ്പിച്ചു.'ഇത് പാമോലീനാണോ'..ഇത് പാമോലീനാണോ എന്ന് ഗുണനിലവാരം പരിശോധിക്കാതെ വാങ്ങിയിരിക്കുകയാണ്. സബ്സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള പാമോലീന്‍ വാങ്ങിയിരിക്കുകയാണ്. ഈ പാമോലീന്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി ജനങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടും. ഇതില്‍മാത്രം ഏതാണ്ട് ഒരു കോടിരൂപ ഖജനാവിനെ വെട്ടിച്ചുവെന്ന് മാത്രമല്ല, ഈ സംസ്ഥാനത്തെ ജനങ്ങളെ രോഗികളാക്കുന്ന വലിയ കടുംകൈയാണ് ഈ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

മാധ്യമപ്രവര്‍ത്തകര്‍ക്കും കരുതല്‍.. 2015 ലെ അടിയന്തര പ്രമേയം

മാധ്യമവിഭാഗത്തെ തന്നെ എതിര്‍പക്ഷത്ത് കാണുമ്പോള്‍ അവര്‍ക്കായും വി എസ് ശബ്ദമുയര്‍ത്തി.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കേെുനര ആക്രമണം നടന്നപ്പോള്‍ 2015 ജൂലായ് 1 ലെ അടിയന്തരപ്രമേയത്തിലൂടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കായി സംസാരിച്ചത്.

ശ്രീ ഒബാമയുടെ കള്ളത്തരങ്ങള്‍പോലും വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരുള്ള ലോകമാണിത്. നിങ്ങള്‍ ഒന്നും മൂടിവെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. മാധ്യമപ്രവര്‍ത്തകരുടെ മൂന്നാംകണ്ണ് എപ്പോഴും നിങ്ങളുടെ കൊള്ളരുതായ്മകളിലേക്ക് ഓരംപറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓര്‍മവേണം.- എന്നാണ് അന്ന് വി എസ്സ് പറഞ്ഞത്

അനാരോഗ്യം വി.എസിനെ വീട്ടിലേക്കൊതുക്കിയപ്പോഴും,പ്രസ്ഥാനത്തിന്റെ സംഘടനാരീതികൊണ്ടാവണം സി.പി.എമ്മിന് മുന്നില്‍ ഒരു തണല്‍മരമൊഴിഞ്ഞ ശൂന്യത അനുഭവപ്പെട്ടില്ല. പക്ഷെ വി എസ് മടങ്ങുമ്പോള്‍ ഇടിച്ചുനിരത്തപ്പെട്ട കുന്നുകളും വെട്ടിയൊതുക്കിയ വനസ്ഥലികളും കുടിയിറക്കപ്പെട്ട മനുഷ്യരും സഹായിയുടെ ഇടംകൈയില്‍ വലംകൈയൂന്നി നടന്നടുക്കുന്ന ഒരു വയോധികനെ ഇപ്പോഴും നോക്കിയിരിക്കുന്നുണ്ട്. അതിന് പകരംവിടാന്‍ സി.പി.എമ്മിന് ഒരാളില്ല, ആ ശൂന്യതയുടെ പേരുകൂടിയാണ് വി.എസ്.