തിരുവനന്തപുരം: കൊച്ചി പള്ളുരുത്തിയില്‍ ഹിജാബ് തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ട സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ബാധകമാണ്. ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടുകയായിരുന്നു.

ഹിജാബിന്റെ പേരില്‍ പുറത്തുനിന്ന് ചിലരെത്തി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. സ്‌കൂളിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയതുകൊണ്ടാണ് രണ്ടുദിവസം സ്‌കൂള്‍ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന അറിയിച്ചു.

27 വര്‍ഷം ആയി പ്രവര്‍ത്തിക്കുന്ന, 600 ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സകൂളാണ് പള്ളുരുത്തിയിലേത്. ഇത്രയും പാരമ്പര്യമുള്ള സ്‌കൂളാണ് ഒരു വിദ്യാര്‍ഥി കാരണം അടച്ചിരിക്കുന്നത്. സമത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്‌കൂള്‍ യൂണിഫോമില്‍ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മത സംഘടനകളുടെ എതിര്‍പ്പും, പ്രക്ഷോഭവും വാഗ്വാദവും തുടര്‍ന്ന് പോലീസ് എത്തി നിയന്ത്രിക്കേണ്ടതുമായ അവസ്ഥയിലെത്തിച്ചത്.

അതേസമയം യൂണിഫോം വിഷയത്തില്‍ മുന്‍കാല കോടതി വിധികള്‍ മാനേജ്‌മെന്റിന് അനുകൂലമാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് യൂണിഫോമിനൊപ്പം മുഴുവന്‍ കൈ ഷര്‍ട്ടും ശിരോവസ്ത്രവും ധരിക്കാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് 2018 ല്‍ തന്നെ ഹൈക്കോടതി ഉത്തരവു പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനമാണ് വ്യക്തി താല്‍പ്പര്യത്തേക്കാള്‍ പ്രധാനമെന്ന് വിധി പ്രസ്താവത്തിലൂടെ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടിട്ടുണ്ട്.

മതപരമായ കാര്യങ്ങള്‍ ആപേക്ഷിക അവകാശത്തിന് കീഴിലാണ്, എന്നാല്‍ സ്‌കൂള്‍ സുഗമമായ പ്രവര്‍ത്തനത്തിന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് തുല്യ അവകാശമുണ്ട് എന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സ്‌കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനാണ്. സ്‌കൂളിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തുടരാം, അല്ലാത്തപക്ഷം അവര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി ഉത്തരവില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.