- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രധാന അധ്യാപകന്‍ എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ നോക്കേണ്ടെ? രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി; വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്; കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിച്ച് വൈദ്യുതി മന്ത്രിയും
പ്രധാന അധ്യാപകന്‍ എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ നോക്കേണ്ടെ?
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം അപകടം നടന്ന സ്‌കൂള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് അതീവ ദുഃഖകരമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി?, സ്‌കൂളിലെ കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കേണ്ടതല്ലേ. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അധ്യാപന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക യോഗം ചേര്‍ന്ന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് കുറിപ്പ് നല്‍കിയിരുന്നുതായും മന്ത്രി വ്യക്തമാക്കി. അതിലൊന്നാണ് വൈദ്യുതി ലൈന്‍ സ്‌കൂളിന് മുകളിലൂടെ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വകുപ്പ്, തദ്ദേശ സ്ഥാപനം അടക്കമുള്ളവയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണം. അപകടം നടന്ന സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ എല്ലാ ദിവസവും വൈദ്യുതി ലൈന്‍ കാണുന്നതല്ലേ?. പിന്നെങ്ങനെ ആണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. ഇക്കാര്യവും ഗൗരവത്തോടെ പരിശോധിക്കും. വിശദമായ അന്വേഷത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളിലും സമാനരീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിര്‍ദേശം നല്‍കി. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം.
വിദ്യാര്‍ഥിക്ക് ഷോക്കേറ്റ കമ്പി ഇരുമ്പ് ഷീറ്റില്‍ നിന്ന് കൈയ്യെത്തുന്ന ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് കെഎസ്ഇബിയ്ക്കും സ്‌കൂള്‍ മാനേജ്മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.