- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി; അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്; പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് കേന്ദ്രം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവന്‍കുട്ടി
പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല
തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി മന്ത്രി അറിയിച്ചു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വര്‍ഷത്തെ വിഹിതവും ചേര്‍ത്താണ് ഈ തുക. 22023 - 24 ല്‍ 188.58 കോടി, 2024-25 ല്‍ 513.14 കോടി, 2025-26 ല്‍ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടന്‍ പാലിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ 10 കുട്ടികള്‍ക്ക് ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ 15 കുട്ടികള്‍ക്ക് ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തില്‍, ഒരു കൂട്ടം സ്‌കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാര്‍ശ പ്രാവര്‍ത്തികമായാല്‍ 4000-ത്തിലധികം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയില്‍ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീവിവാദത്തില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതിനെ കുറിച്ച് പറയുന്നില്ല. കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതില്‍ നിയമോപദേശം ഉടന്‍ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതില്‍ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.




