തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുയമായി മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരിയിലെ കരാറില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം. കരാര്‍ വ്യവസ്ഥകളിലെ ചില കാര്യങ്ങള്‍ ലംഘിച്ചുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി. ബസുകള്‍ തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന് പ്ലാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പീക്ക് സമയത്ത് നഗര പരിധിയില്‍ ഓടണമെന്നാണ് കരാര്‍. എന്നാല്‍ ഇത് ലംഘിച്ച്. റൂട്ട് നിശ്ചിയിക്കുന്നതില്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തണം. എന്നാല്‍ ചര്‍ച്ച നടത്തിയില്ല. വരുമാനം ഷെയര്‍ ചെയ്യണം. അതും ലംഘിച്ചുവെന്നും മേയര്‍ വ്യക്തമാക്കി. ഈ കരാര്‍ പാലിക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടത്. കരാര്‍ ലംഘനമാണ് നടക്കുന്നത്. ജനങ്ങള്‍ പ്രധാനമായും ഇടറോഡുകളിലേക്ക് ബസ് വേണമെന്നാണ് ആവശ്യപ്പെടുന്നത്.

രാവിലെയും വൈകീട്ടുമെങ്കിലും കോര്‍പ്പറേഷന്‍ മേഖലയിലെ ഇട റോഡുകളില്‍ സര്‍വ്വീസ് നടത്തണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ദൂര സ്ഥലങ്ങളില്‍ വലിയ ബസ് വാങ്ങി വിടട്ടെ. ബസ് തിരികെ എടുക്കാനുള്ള പ്ലാന്‍ കോര്‍പ്പറേഷന് ഇല്ല. ബസിന്റെ ബാറ്ററി പരമാവധി ഓടിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ പാലിക്കണം. തര്‍ക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ല. പത്തോ നൂറോ ബസ് ഇടാനുള്ള കോര്‍പ്പറേഷന് സ്ഥലം ഉണ്ട്. ആ സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും മേയര്‍ പറഞ്ഞു. കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കും. കരാര്‍ നടപ്പാക്കണം എന്നതാണ് ആവശ്യം. ഇക്കാര്യങ്ങള്‍ മന്ത്രിയോട് സംസാരിക്കുമെന്നും രാജേഷ് പറഞ്ഞു.

150 ബസുകള്‍ ഇറക്കി ഗ്രാമീണ മേഖലയില്‍ ഓടിച്ചാല്‍ പ്രശ്‌നം തീരും. നഷ്ടം എന്ന് പറയുന്നത് ശരിയല്ല. ഇലക്ട്രിക് ബസ് മാത്രം നോക്കിയാല്‍ ലാഭം തന്നെ. കരാര്‍ നടപ്പാക്കണമെന്ന് മുന്‍ മേയര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്നും വി വി രാജേഷ് വ്യക്തമാക്കി. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോര്‍പ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്.

ആരെയും അവഹേളിക്കാനോ കളിയാക്കാനോ അല്ല വിഷയം ഉന്നയിക്കുന്നത്. പ്രചാരണ സമയത്ത് പലരും ഇട റോഡുകളില്‍ ബസ് അനുവദിക്കാമോ എന്ന ചോദ്യം ഉണ്ടായി. ചെറിയ ബസ് സര്‍വീസ് നടത്താമോ എന്നും ചോദിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും ഇക്കാര്യം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ആവശ്യം നിറവേറ്റാനാണ് കോര്‍പറേഷന്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും വി.വി രാജേഷ് ചൂണ്ടിക്കാട്ടി. ബസ് മറ്റു ജില്ലയിലേക്ക് ഓടുന്നത് സംബന്ധിച്ചായിരുന്നു പോസ്റ്റ്. കരാര്‍ പാലിക്കണം എന്നതാണ് പോസ്റ്റില്‍ ഉള്ളത്. എല്‍ഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് കോര്‍പറേഷനും തമ്മിലുള്ള കരാറാണ്, അത് പാലിക്കണമെന്നും വി.വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം മേയര്‍ 113 ബസുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂര്‍ ഉള്ളില്‍ സന്തോഷത്തോടെ തിരിച്ചയയ്ക്കും.പക്ഷെ 113 ബസുകള്‍ കോര്‍പറേഷന്‍ എടുത്താല്‍ 150 വണ്ടികള്‍ കെഎസ്ആര്‍ടിസി ഇറക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കോര്‍പ്പറേഷനിലെസിറ്റി ബസുകളില്‍ ഒന്നും വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീര്‍ണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ടാണ് മറ്റൊരു ജില്ലയില്‍ നിലവില്‍ ബസ് ഓടികാത്തത്. ബാറ്ററി നശിച്ചാല്‍ 28 ലക്ഷം രൂപ വേണം മാറ്റിവയ്ക്കാന്‍. ഡ്രൈവറും വര്‍ക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആര്‍ടിസിയുടേതാണെന്നും മൂന്നാറിലേക്ക് അടക്കം സര്‍വീസ് നടത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, കേന്ദ്രവും സംസ്ഥാനവും 500 കോടി വീതമാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയിട്ടുള്ളത്. വണ്ടികളുടെ നവീകരണമടക്കംകെഎസ്ആര്‍ടിസിയാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആരും പറയേണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ കെഎസ്ആര്‍ടിസി ചെയ്യില്ല. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് പഠിച്ചിട്ട് മാത്രം കാര്യങ്ങള്‍ പറയണമെന്നും മന്ത്രി വിമര്‍ശിച്ചു.

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസിയുടേതാണ്, പറഞ്ഞ പണം നല്‍കാത്തതുകൊണ്ട് കെഎസ്ആര്‍ടിസി പണം നല്‍കി വാങ്ങിയതാണ് ഈ വാഹനം. 1 കോടി 17 ലക്ഷം രൂപയാണ് ഡബിള്‍ ഡക്കര്‍ ബസുകളുടെ ലാഭം. കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി കുടിവെള്ളം പുറത്തിറക്കും. കെഎസ്ആര്‍ടിസിയുടെ ലേബലില്‍ തന്നെയായിരിക്കും കുപ്പിവെള്ളം നല്‍കുക. ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ അതിന്റെ ലാഭം 3 ജീവനക്കാര്‍ക്കാണ് ലഭിക്കുന്നത്. 2 രൂപ കണ്ടക്ടര്‍ക്ക്, 1 രൂപ ഡ്രൈവര്‍ക്ക് എന്നതാണ് കണക്ക് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.