- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വോട്ട് വെട്ടിലും തളരാതെ പോരാടി തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയത് ചരിത്ര ജയം; ഇടത് കോട്ടയായ മുട്ടടയ്ക്ക് 25 വർഷത്തിന് ശേഷം യുഡിഎഫ് കൗൺസിലര്; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ 25 വർഷത്തിന് ശേഷം അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെയും നിയമപോരാട്ടങ്ങളെയും അതിജീവിച്ചാണ് വൈഷ്ണ സുരേഷ്, കോർപ്പറേഷനിലെ കോൺഗ്രസിന്റെ കൗൺസിലറായി ചുമതലയേറ്റത്. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ മുട്ടട ഡിവിഷനിൽ 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ മിന്നും വിജയം സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥി അംശു വാമദേവന് 1210 വോട്ടുകൾ ലഭിച്ചപ്പോൾ, 397 വോട്ടിന്റെ ശ്രദ്ധേയമായ ഭൂരിപക്ഷമാണ് വൈഷ്ണ നേടിയത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടുകളിൽ ഒതുങ്ങി. നിലവിൽ കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്ണ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം വാർത്തകളിൽ ഇടംപിടിച്ചത് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലെ വിജയം ജനവിധിയിലും പ്രതിഫലിച്ചു. 1607 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയം ഉറപ്പിച്ചത്. നിലവിലെ കൗൺസിലറും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ അംശു വാമദേവന് 1210 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടുകൾ നേടി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് വലിയ ചർച്ചയായിരുന്നു. മേൽവിലാസത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം നൽകിയ പരാതിയെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്ന നിയമമുള്ളതിനാൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം ആശങ്കയിലായി.
സിപിഎമ്മും അന്നത്തെ മേയർ ആര്യാ രാജേന്ദ്രനും ഇടപെട്ടാണ് പേര് വെട്ടിച്ചതെന്ന ആരോപണം ശക്തമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച വൈഷ്ണക്ക് അനുകൂലമായ വിധി ലഭിക്കുകയും മത്സരിക്കാനുള്ള അനുമതി നേടുകയും ചെയ്തു. ഈ നിയമ പോരാട്ടത്തിനുശേഷമാണ് വൈഷ്ണക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ടെക്‌നോപാർക്കിലെ ജോലി രാജിവെക്കുകയും ചെയ്തിരുന്നു. ഒരു നിയമ വിദ്യാർത്ഥി കൂടിയായ വൈഷ്ണയുടെ ഈ പോരാട്ടത്തിന് വലിയ ജനശ്രദ്ധ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും ഇന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറ് കോർപ്പറേഷനുകളിലെ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 11.30 ഓടെയാണ് ആരംഭിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും മുതിർന്ന അംഗമായ കോൺഗ്രസിന്റെ ക്ലീറ്റസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.




