കണ്ണൂര്‍: കണ്ണൂരില്‍ അപ്പച്ചന്‍ ചേട്ടനാണ് ഇപ്പോഴെത്തെ താരം. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഭീതി പരത്തുമ്പോഴാണ് അപ്പച്ചന്‍ ചേട്ടന്റെ വീരകൃത്യവും വാര്‍ത്തയാകുന്നത്. അബദ്ധവശാല്‍ കടുവയുടെ മുന്‍പില്‍പ്പെട്ടപ്പോള്‍ ഓടി മരത്തില്‍ കയറിയതിനാലാണ് അപ്പച്ചന്‍ ചേട്ടനെന്ന വയോധികന്‍ രക്ഷപ്പെട്ടത്. അങ്ങാടിക്കടവില്‍ താമസിക്കുന്ന വള്ളിക്കാവുങ്കല്‍ അപ്പച്ചനാ(68)ണ്(മാത്യു) അത്ഭുകരമായി രക്ഷപ്പെട്ടത്.

കടുവ മരച്ചുവട്ടില്‍ മുക്കാല്‍ മണിക്കൂറാണ് ഉണ്ടായിരുന്നത്. കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താനാണ് വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതോടെ അപ്പച്ചന്‍ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്. ബന്ധുവിന്റെ പറമ്പില്‍ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചന്‍ കണ്ടത് കൂറ്റന്‍ കടുവയെ ആയിരുന്നു. ഇതോടെ തൊട്ടടുത്ത കശുമാവിലേക്ക് അപ്പച്ചന്‍ വലിഞ്ഞുകയറി. കടുവ മരച്ചുവട്ടിലും എത്തി. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് അപ്പച്ചനെ സഹായിക്കാന്‍ ആളെത്തിയത്. അങ്ങാടിക്കടവ് ടൗണില്‍നിന്ന് ചുമട്ടുതൊഴിലാളി ജയ്സന്റെയും ഡ്രൈവര്‍ ചന്ദ്രന്റെയും നേതൃത്വത്തില്‍ ഏതാനുംപേര്‍ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ഇവരെത്തിയതോടെ കടുവ സ്ഥലം വിട്ടു.

സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഒരു കാട്ടുപന്നിയെ കടുവ കൊന്നു തിന്നിരുന്നു. ഇതോടെയാണ് കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയത് പുറം ലോകമറിഞ്ഞത്. കടുവയുടെ സാന്നിദ്ധ്യത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. സമീപത്തെ ബന്ധുവിന്റെ പറമ്പില്‍നിന്ന് കുരങ്ങുകള്‍ കൂട്ടമായി കരയുന്നതു കേട്ട് കുറ്റിക്കാടുകള്‍ക്കിടയിലൂടെ പോകുന്‌പോഴാണ് കൂറ്റന്‍ മരത്തിന്റെ ചുവട്ടില്‍ വലിയ ജീവി കിടക്കുന്നത് കണ്ടത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ കടുവയാണെന്ന് മനസ്സിലായി. മുന്നില്‍പ്പെട്ട മാത്യു സമീപത്തെ കശുമാവില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അരമണിക്കൂറോളം കടുവയുമായി മുഖാമുഖം കണ്ടതായി മാത്യു പറയുന്നു. കടുവയെ കണ്ട സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ നിരവധി കുടുംബങ്ങളുണ്ട്.

വിദ്യാര്‍ഥികളടക്കം കാല്‍നടയായി പോകുന്ന പ്രദേശമാണിത്. ഇവിടെനിന്ന് ഒന്നര കിലോമീറ്ററകലെയാണ് അങ്ങാടിക്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. കൊട്ടിയൂര്‍ റേഞ്ചര്‍ ടി നിഥിന്‍രാജിന്റെ നേതൃത്വത്തില്‍ വനം വകുപ്പും കരിക്കോട്ടക്കരി എസ്ഐ മുഹമ്മദ് നജ്മിയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. കാട്ടുപന്നിയുടെ ജഡവും കാല്‍പ്പാടുകളും വനം വകുപ്പ് സംഘം പരിശോധിച്ചു. കടുവയാണെന്ന നിഗമനത്തിലാണ് അധികൃതരും. കാല്‍പ്പാടുകളുടെ ചിത്രം വിദഗ്ധ പരിശോധനക്കായി വയനാട്ടിലേക്കയച്ചു. ആറളം വനം ആര്‍ആര്‍ടി റേഞ്ചര്‍ ഷൈനികുമാറിന്റെ നേതൃത്വത്തില്‍ പ്രദേശം പരിശോധിച്ചു. പന്നിയുടെ ജഡമുള്ളിടത്ത് കടുവ വീണ്ടുമെത്തുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

ആര്‍ആര്‍ടി നേതൃത്വത്തില്‍ രാത്രിയിലും നിരീക്ഷണമുണ്ടാകും. ആവശ്യമെങ്കില്‍ പ്രദേശത്ത് ക്യാമറയും സ്ഥാപിക്കുമെന്ന് കൊട്ടിയൂര്‍ റേഞ്ചര്‍ ടി നിഥിന്‍രാജ് അറിയിച്ചു. വിദ്യാര്‍ഥികളെ തനിച്ച് സ്‌കൂളില്‍ വിടരുതെന്നും നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടിമരം, രണ്ടാംകടവ്, ഉരുപ്പം കുറ്റി എന്നിവിടങ്ങളില്‍ കടുവയുടെ സാന്നിധ്യം നേരത്തെയുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ ടാപ്പിങ്ങിന് വരുന്ന തൊഴിലാളികള്‍ കടുവയുടെ അലര്‍ച്ച കേട്ടതായി പലതവണ പറഞ്ഞിരുന്നു. മാത്യു കടുവയെ നേരില്‍ കണ്ടതോടെ പ്രദേശം ആശങ്കയിലാണ്. ഏക്കര്‍ കണക്കിന് റബര്‍ തോട്ടങ്ങളും കൃഷിയിടങ്ങളുമുള്ള പ്രദേശമാണിത്. ടാപ്പിങ് സീസണ്‍ തുടങ്ങാനിരിക്കെ കടുവാ ഭീതിയിലാണ് അട്ടയോലി പ്രദേശം.