പത്തനംതിട്ട: പ്രായാധിക്യത്തിന്റെ അവശതകളും ഓര്‍മ്മക്കുറവും ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും 97 കാരിയായ വനജാക്ഷിയമ്മയ്ക്ക് ഗാന്ധിജിയെ നേരിട്ടു കണ്ടതിന്റെ ദീപ്ത സ്മരണകള്‍ക്ക് കാലം തെല്ലും മങ്ങലേല്‍പ്പിച്ചിട്ടില്ല. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശിനിയായ വനജാക്ഷിയമ്മയുടെ യൗവ്വന കാലത്തിന് സ്വാതന്ത്ര സമരത്തില്‍ അണിചേര്‍ന്ന പാരമ്പര്യവുമുണ്ട്.

പ്രായാധിക്യം ഓര്‍മ്മകളെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും മഹാത്മജിയുടെ പേര് കേട്ടാല്‍ തന്നെ ഗാന്ധിദര്‍ശനത്തിന്റെ പുണ്യം പേറുന്ന വനജാക്ഷിയമ്മയുടെ കണ്ണുകള്‍ക്ക് തിളക്കമേറും. ആറന്‍മുളയിലും ഇലന്തൂരിലും ഗാന്ധിജി സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തെ ദേശഭക്തിഗാനം പാടി സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച അന്നത്തെ കൗമാരക്കാരികളിലൊരാളായിരുന്നു വനജാക്ഷിയമ്മ. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച വനജാക്ഷിയമ്മക്ക് പിന്നീട് ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയായി ദേശീയ പ്രസ്ഥാനത്തോട് കൂടുതല്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കാനും അവസരമുണ്ടായി.

വനജാക്ഷിയമ്മയുടെ ഭര്‍ത്താവ് പരേതനായ ടി എന്‍ പദ്മനാഭപിള്ള, സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ ഇന്ത്യ ഗവണ്‍മെന്റ് താമ്രപത്രം നല്‍കി ആദരിച്ചിട്ടുള്ള ആളാണ്. പ്രായാധിക്യം കാരണം സംസാരിക്കാന്‍ ഏറെ പ്രയാസമുണ്ടെങ്കിലും ഗാന്ധിജിയെ സ്വീകരിക്കാന്‍ പാടിയ പാട്ടിനെപ്പറ്റി ചോദിച്ചാല്‍ ഇപ്പോഴും നൂറ് നാവാണ് വനജാക്ഷിയമ്മക്ക്.

സ്വാതന്ത്ര്യ സമരനായകത്വമേറ്റെടുത്ത ഗാന്ധിദേവനേ.. എന്ന ദേശഭക്തിഗാനം ഏത് ഉറക്കത്തില്‍ ചോദിച്ചാലും അന്നത്തെ 14 കാരിയുടെ ചുറുചുറുക്കോടെ ചൊല്ലിത്തരും. തന്റെ സ്വാതന്ത്ര്യ സമര സ്മൃതികളെ മറവിരോഗം കീഴ്പ്പെടുത്താതിരിക്കാനാവണം ഭര്‍ത്താവ് പദ്മനാഭ പിള്ളയുടെചിത്രവും സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ അദേഹത്തിന് ലഭിച്ച താമ്രപത്രവും എപ്പോഴും കണ്‍മുന്നിലുണ്ടാവണമെന്ന് അമ്മക്ക് ഏറെ നിര്‍ബന്ധമാണെന്ന് മകള്‍ ഉഷാ പി നായര്‍ പറയുന്നു.

1937 ജനുവരി 20 ന് ആണ് തന്റെ പ്രമുഖ ശിഷ്യനായ കെ കുമാര്‍ ജിയുടെ ക്ഷണം സ്വീകരിച്ച് ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി ആറന്‍മുളയും ഇലന്തൂരും സന്ദര്‍ശിച്ചത്.