ആലപ്പുഴ : ആലപ്പുഴ കളര്‍കോടുണ്ടായ അപകടത്തില്‍ മരിച്ചവരെല്ലാം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആകുമ്പോള്‍ ഞെട്ടിത്തരിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സഹപാഠികളും ജിവനക്കാരും. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ദുരന്തത്തില്‍പ്പെട്ടത്. രാത്രി 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കായംകുളം രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. കാര്‍ നേരെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നില്ലെന്നും റോഡില്‍ തെന്നി നീങ്ങിയ ശേഷം കാറിന്റെ മധ്യഭാഗം ബസിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അഞ്ചു പേര്‍ മരിച്ചു കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. കായംകുളം രജിസ്ട്രേഷനിലുള്ളതാണ് വാഹനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അരമണിക്കൂറോളമെടുത്താണ് കാര്‍ വെട്ടിപ്പൊളിച്ച് യുവാക്കളെ പുറത്തെടുത്തത്. കാറിന്റെ മധ്യഭാഗത്തായി ഇരുന്നവരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചത്. നാലു പേര്‍ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു.

രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്നു സഹപാഠികള്‍ പറഞ്ഞു. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. എട്ട് പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വാഹനത്തില്‍ 11 പേരായിരുന്നു ഉണ്ടായിരുന്നത്. സിനിമ കാണാന്‍ തിരച്ച സംഘത്തില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ കാറിലും രണ്ടുപേര്‍ ബൈക്കിലുമായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്.

നിശ്ശേഷം തകര്‍ന്ന കാറിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന മൂന്നുപേരും പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. കാറോടിച്ചിരുന്ന ഗൗരീശങ്കറിന്റെ കാലൊടിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് സഹപാഠികളായ കൃഷ്ണദേവ്, മുഹ്‌സീന്‍,സെയ്ന്‍,ആനന്ദ് എന്നിവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് യാത്രക്കാരായ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിനുള്ളിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കുട്ടികളില്‍ ഒരാളുടെ രണ്ട് കൈകളും അറ്റനിലയിലായിരുന്നു. കാറില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേര്‍ മരിച്ച നിലയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയശേഷമാണ് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. മഴയുണ്ടാക്കിയ കാഴ്ച കുറവില്‍ കാര്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

അമിത വേഗതയില്‍ വാഹനങ്ങള്‍ കടന്നുവരാന്‍ സാധ്യതയില്ലാത്ത മേഖലയാണ് ഇതെന്നും, കനത്ത മഴയില്‍ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പരിശോധന നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.