- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ സാമ്പത്തിക സമുദ്ര അതിര്‍ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല്‍ ഇന്ത്യന്‍ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും; ആ കപ്പലിനെ ആര്‍ക്കും വേണ്ട; അമോണിയം നൈട്രേറ്റ് ഭയത്തില്‍ കൊളംബോ; വാന്‍ഹായ് തലവേദന തുടരുമ്പോള്‍
കൊച്ചി: വാന്‍ഹായ് 503 കപ്പലിനെ ചുറ്റിപറ്റിയുള്ള അനിശ്ചിതത്വം മാറുന്നില്ല. രക്ഷാദൗത്യത്തില്‍ പ്രതിസന്ധി തുടരുകയാണെന്നതാണ് വസ്തുത. വെള്ളവും മലിനീകരണഭീഷണിയുംമൂലം എന്‍ജിന്‍ മുറിയില്‍ കയറി സംഘാംഗങ്ങള്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ജലനിരപ്പ് സുരക്ഷിതമായ അളവില്‍ കുറഞ്ഞാല്‍മാത്രമേ ഈ ഭാഗത്ത് പരിശോധന നടത്താനാകൂ. വെള്ളം പമ്പുചെയ്ത് കളയുന്നതില്‍ പുരോഗതിയുണ്ട്. ഇതുവരെ ഒരു തുറമുഖവും വാന്‍ഹായ് കപ്പല്‍ അടുപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. കപ്പലില്‍ അതിമാരക സ്‌ഫോടക ശേഷിയുള്ള വസ്തുക്കള്‍ ഉണ്ടെന്ന നിഗമനത്തിലാണ് ഇത്. ഇതും പ്രതിസന്ധിയായി മാറുന്നുണ്ട്.
തീ പൂര്‍ണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റാനായിരുന്നു നീക്കം. ചൈനയുടെ നേതൃത്വത്തിലാണ് ഈ തുറമുഖം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കപ്പലിനെ അടുപ്പിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ അനുകൂലമല്ല. ഇതാണ് പ്രതിസന്ധി. സിംഗപ്പൂരും സമ്മതം മൂളുന്നില്ല. ഈ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡിജി ഷിപ്പിങ് ഇപ്പോള്‍ ആലോചിക്കുന്നത്. കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തല്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് അവരുടെ നിഗമനം. വാന്‍ ഹായ് കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു.
എന്‍ജിന്‍ മുറിയിലെ വെള്ളം നീക്കി കപ്പലിന് സ്ഥിരത നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍നിന്ന് ഇപ്പോഴും ചെറിയ അളവില്‍ തീയും പുകയും ഉയരുന്നുണ്ട്. ചരക്കുകളും പുകയുകയാണ്. അനിയന്ത്രിതമായി ഉയരുന്ന താപനിലയും ആശങ്ക സൃഷ്ടിക്കുന്നു. എന്നാലും സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. ഇന്ധന ടാങ്കുകളിലേക്കും ഇതിനുസമീപത്തെ നാലും അഞ്ചും അറകള്‍ക്കുള്ളിലേക്കും തീ വ്യാപിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു. കപ്പലിനെ അകലേക്ക് വലിച്ചുകൊണ്ടുപോകുന്നതും തീ അണയ്ക്കുന്നതിന് രാസമിശ്രിതം പ്രയോഗിക്കുന്നതും പുനരാരംഭിച്ചിരുന്നു. തീയും പുകയും പൂര്‍ണമായി ഇല്ലാതാക്കിയാലേ കപ്പല്‍ അടുപ്പിക്കുന്നതിന് ഏതെങ്കിലും തുറമുഖ അധികൃതരില്‍നിന്ന് അനുകൂലപ്രതികരണമുണ്ടാകൂ. എന്നാല്‍, അതിന് കഴിയുമെന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത, തീപിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വസ്തുക്കള്‍ വന്നത് കപ്പല്‍ക്കമ്പനിയുടെ അറിവോടെയല്ലെന്നാണ് സൂചന. നിലവില്‍ രണ്ട് അഗ്‌നിരക്ഷാ കപ്പലുകള്‍ വാന്‍ഹായിക്ക് അടുത്ത് തന്നെ തുടരുകയാണ്. കണ്ടെയ്‌നറുകളില്‍ അമോണിയം നൈട്രേറ്റ് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ജീവനക്കാരെ ചോദ്യം ചെയ്തത് കൊണ്ട് മാത്രം സാധിക്കില്ലെന്നും ഡിജി ഷിപ്പിംഗ് അറിയിക്കുന്നു.
കണ്ടെയ്‌നറുകള്‍ ആര്, ആര്‍ക്കുവേണ്ടി കയറ്റി അയച്ചുവെന്ന് കൃത്യമായി അറിഞ്ഞാല്‍ മാത്രമേ കണ്ടെയ്‌നറിനുള്ളില്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. കപ്പലിന് അകത്തുള്ള 2500 ഓളം ടണ്‍ എണ്ണ നീക്കം ചെയ്യാന്‍ ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. കപ്പല്‍ ഇന്ത്യന്‍ സാമ്പത്തിക സമുദ്ര അതിര്‍ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല്‍ ഇന്ത്യന്‍ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് മുന്നറിയിപ്പ് നല്‍കുന്നു.