തൊടുപുഴ: പോലീസിനെതിരെ സംസാരിക്കുന്ന സിപിഎമ്മുകാര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പദവിയുണ്ടെങ്കില്‍ അത് നഷ്ടമാകും. രണ്ടുമാസം മുന്‍പ് പോലീസിനെതിരേ പ്രസ്താവന നല്‍കിയ ഇടുക്കി വണ്ണപ്പുറത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റിയത് സിപിഎമ്മുകാര്‍ക്ക് പാഠമാണ്. കണ്ടത് പറയാതിരിക്കുക. പണി ഉറപ്പ്. സിപിഎം അനുഭാവിയുടെ കുടുംബത്തര്‍ക്കവുമായി ബന്ധപ്പെട്ട് കാളിയാര്‍ പോലീസിനെ സമീപിച്ച ലോക്കല്‍ സെക്രട്ടറി ഷിജോ സെബാസ്റ്റ്യനാണ് പദവി നഷ്ടം. ഓഗസ്റ്റിലായിരുന്നു ഈ സംഭവം. എന്നാല്‍ നിലവില്‍ പല സിപിഎം നേതാക്കളും പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ കഥ ചര്‍ച്ചയാകുന്നതും.

പോലീസില്‍നിന്ന് മോശം അനുഭവമുണ്ടായത് പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെതിരേ ഷിജോ നിലകൊള്ളുകയാണെന്ന നിലപാടാണ് പാര്‍ട്ടിയുടെ മേല്‍ഘടകം എടുത്തത്. സംസ്ഥാന നേതൃത്വവും ഇത് ഗൗരവത്തില്‍ എടുത്തു. ഇതിനിടെ പ്രാദേശിക നേതൃത്വം കടുത്ത നിലപാടിലേക്ക് മാറ്റി. ഷിജോ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നിരീക്ഷിച്ചു. ഇതില്‍ പ്രതിഷേധിച്ച ഷിജോയെ അച്ചടക്കനടപടിയുടെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. പോലീസുകാര്‍ക്കൊന്നും ഒന്നും സംഭവിച്ചുമില്ല.

ഭര്‍ത്താവ് ഭാര്യയെയും ഭാര്യയുടെ അമ്മയേയും മര്‍ദിച്ച കേസിലാണ് ഇടപെട്ടത്. മര്‍ദനമേറ്റ വീട്ടുകാര്‍ കാളിയാര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുക്കണമെന്ന സ്ത്രീകളുടെ ആവശ്യം കാളിയാര്‍ സിഐ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ലോക്കല്‍സെക്രട്ടറി ഷിജോ വിഷയത്തില്‍ ഇടപെട്ടത്. എന്നിട്ടും കേസ് എടുക്കാന്‍ തയ്യാറായില്ല. സ്റ്റേഷനില്‍വെച്ച് ഷിജോയോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. പിന്നീട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയപ്പോഴാണ് കേസ് എടുത്തത്. ഇതിന് പിന്നിലും ലോക്കല്‍ സെക്രട്ടറിയുടെ ഇടപെടലായിരുന്നു.

പിന്നീട് ഷിജോ പ്രസ്താവന ഇറക്കി. ഇത് അഭ്യന്തരവകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നുകാണിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെന്നുകാണിച്ച് ഷിജോയെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയുംചെയ്തു. വണ്ണപ്പുറത്ത് നടന്ന വണ്ണപ്പുറം, കാളിയാര്‍, മുള്ളരിങ്ങാട് ലോക്കല്‍ കമ്മിറ്റികളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന് വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസാണ് നടപടി പ്രഖ്യാപിച്ചത്. ഈ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജനറല്‍ ബോഡിയില്‍ നിന്ന് ആറ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ ഇറങ്ങിപ്പോയി. ഒന്‍പത് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിസന്നദ്ധത അറിയിച്ചു. പൊതുപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും സിഐ മോശമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. സാധാരണക്കാര്‍ പരാതിയുമായി ചെന്നാല്‍ പരാതിയില്ലെന്ന് എഴുതി വാങ്ങിക്കുന്നുവെന്നും സിഐയെ നിലയ്ക്കുനിര്‍ത്താന്‍ മേലധികാരികള്‍ ഇടപെടണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് ആഭ്യന്തരവകുപ്പിനെ വിമര്‍ശിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഷിജോ സെബാസ്റ്റ്യനോട്, ജില്ല സെക്രട്ടറി വിശദീകരണം ചോദിച്ചത്.

കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ കീഴിലാണ് വണ്ണപ്പുറം ലോക്കല്‍ കമ്മിറ്റി. ഏരിയാ കമ്മിറ്റിയില്‍ കുറച്ചുനാളുകളായി പ്രശ്നങ്ങള്‍ പുകയുകയാണ്. ഏരിയാ സെക്രട്ടറി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് ഏതാനും ദിവസംമുന്‍പ് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വണ്ണപ്പുറത്തെ നടപടിയും വന്നത്.