- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക മതപാർലമെന്റിന് ഒരുങ്ങി വത്തിക്കാൻ; ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും; മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക മുഖ്യലക്ഷ്യം; സമ്മേളനത്തിൽ പങ്കെടുക്കുക വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾ
ശിവഗിരി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മതപാർലമെന്റിന് ഒരുങ്ങി വത്തിക്കാൻ. 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് ലോക മതപാർലമെന്റ് നടക്കുന്നത്. ഇന്ന് വൈകീട്ട് ഏഴുമണിക്ക് സ്നേഹ സംഗമത്തോടെ പരിപാടിക്ക് തുടക്കമാകും. മഹാസമ്മേളനത്തിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക മതപാർലമെന്റ് സംഘടിപ്പിക്കുന്നത്. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലോക മതപാർലമെന്റിന്റെ മുഖ്യലക്ഷ്യം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും.
സച്ചിദാനന്ദ സ്വാമി, മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രധിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ ‘സര്‍വ്വമതസമ്മേളനം’ എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ, ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എന്നിവ പ്രകാശനം ചെയ്യും.
29-നു മതസമന്വയവും മതസൗഹാർദവും മുഖ്യഘടകമായി സ്‌നേഹസംഗമം നടക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതൻമാരും ശിവഗിരി മഠത്തിലെ സന്ന്യാസിശ്രേഷ്ഠരും പങ്കെടുക്കും. 30-ന് ലോക മതപാർലമെന്റിനെ ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നൽകി ആശീർവദിക്കും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ ആലാപനംചെയ്താണ് സമ്മേളനം ആരംഭിക്കുന്നത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ കർദിനാൾ മിഖ്വേൽ ആംഗൽ അയുസോ ക്വിസോട്ട ഉദ്ഘാടനം ചെയ്യും.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, കർണാടക സ്പീക്കർ യു.ടി.ഖാദർ, ഫാ. ഡേവിഡ് ചിറമേൽ, രഞ്ജിത്സിങ് പഞ്ചാബ്, ഡോ. എ.വി.അനൂപ്, കെ.മുരളീധരൻ(മുരളിയ), ഡോ. സി.കെ.രവി(ചെന്നൈ), ഗോപു നന്തിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിക്കും. റോമിലെ ജോർജിയൻ യൂണിവേഴ്‌സിറ്റി ഇന്റർഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥിൻ ജെ.ഫ്രാൻസിസ് ചടങ്ങിന്റെ മോഡറേറ്ററായിരിക്കും.
ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ബഹ്‌റൈൻ, ഇൻഡൊനീഷ്യ, അയർലൻഡ്, ദുബായ്, അബുദാബി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി 15-ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാൻ സമ്മേളനത്തിൽ എത്തിച്ചേരും. എം.എൽ.എ.മാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, ടി.ജെ.സനീഷ് കുമാർ, പി.വി.ശ്രീനിജൻ, ഇരുദയാദാസ് എന്നിവരും പങ്കെടുക്കും.
അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വത്തിക്കാനിലെത്തി. സമ്മേളനത്തിൽ പങ്കെടുക്കുന്ന സാദിഖലി ശിഹാബ് തങ്ങൾക്ക് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആശംസകൾ നേർന്നു. ലോക ശ്രദ്ധയാകർഷിക്കുന്ന സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്ന പ്രിയപ്പെട്ട തങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു ഫേസ്ബുക്കിലൂടെ കുഞ്ഞാലിക്കുട്ടി കുറിച്ചത്.