- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എസ്എഫ്ഐയെ എയറിലാക്കി കേരള വിസിയുടെ മാസ് നീക്കം; യൂണിവേഴ്‌സിറ്റി യൂണിയന്‍ പിരിച്ചുവിട്ടു; പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐ; സ്വാഭാവിക നടപടി മാത്രമെന്ന് സര്‍വകലാശാല; മോഹനന്‍ കുന്നുമ്മലിനെ പൂട്ടിയിടാന്‍ നോക്കിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; തിരുവനന്തപുരത്ത് വന്‍സംഘര്‍ഷം
എസ്എഫ്ഐയെ എയറിലാക്കി കേരള വിസിയുടെ മാസ് നീക്കം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നിലവിലെ യൂണിയനെ അസാധുവാക്കിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി. സര്‍വകലാശാലാ യൂണിയനും വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഈ നടപടി. ഇത് പ്രതികാര നടപടിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. പുതിയ യൂണിയന്‍ തിരഞ്ഞെടുപ്പിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്.
യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാല്‍ ഇത് സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ വൈകിയെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. നിലവിലെ യൂണിയന്റെ ഭരണകാലത്ത് കഴിഞ്ഞ ഏപ്രിലില്‍ കലോത്സവം നടത്തിയതിനാല്‍ പുതിയ കലോത്സവം അടുത്ത ഭരണസമിതിയാണ് നടത്തേണ്ടതെന്ന നിലപാടിലാണ് വൈസ് ചാന്‍സലര്‍. ഒരു ഭരണസമിതിയുടെ കീഴില്‍ രണ്ട് കലോത്സവങ്ങള്‍ നടത്താനാകില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കലോത്സവം നടത്താത്തതിലും കായിക വിദ്യാര്‍ത്ഥികള്‍ക്ക് ടി.എ (യാത്രാബത്ത) അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ആസ്ഥാനത്ത് സമരം നടത്തുന്നതിനിടെയാണ് യൂണിയന്‍ പിരിച്ചുവിട്ടുകൊണ്ടുള്ള വൈസ് ചാന്‍സലറുടെ ഉത്തരവ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടയുന്ന നടപടിയാണ് ഇതെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. ഈ നടപടി സര്‍വകലാശാലയിലെ എസ്എഫ്‌ഐ-വൈസ് ചാന്‍സലര്‍ തര്‍ക്കത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
അതിനിടെ, സര്‍വകലാശാലാ ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലാ കലോത്സവം തടസ്സപ്പെടുത്തുന്നുവെന്നും കായികതാരങ്ങള്‍ക്കുള്ള ടിഎ (യാത്രാബത്ത) അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളുന്നയിച്ചായിരുന്നു എസ്എഫ്‌ഐ സമരം.
ഇന്ന് ഉച്ചയോടെയാണ് സമരം അക്രമാസക്തമായത്. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകുന്നില്ലെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. രാവിലെ സര്‍വകലാശാലാ കവാടത്തില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ആസ്ഥാനത്തേക്ക് കടന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല.
യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെയും ബലംപ്രയോഗിച്ചാണ് നീക്കം ചെയ്തത്. നിലവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാലാ ആസ്ഥാനത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.


