- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഡാലോചന; ചാര്‍ജ് വര്‍ധന അനുവദിക്കില്ല; ആരോപണവുമായി സതീശന്
കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സതീശന് പറയുന്നു.
കെഎസ്ഇബിക്കും സര്‍ക്കാരിനും തിരിച്ചടിയായി കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാര്‍ പുനഃസ്ഥാപിച്ചത് റദാക്കി. കരാര്‍ അപ്പലേറ്റ് ട്രിബൂണല്‍ ആണ് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസക്ക് മൂന്ന് കമ്പനികളില്‍ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍. യുഡിഎഫ് കാലത്തെ ഈ കരാര്‍ പുനഃസ്ഥാപിച്ച നടപടിക്ക് തിരിച്ചടിയാണിത്. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാര്‍ റദ്ദാക്കിയത്. വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാര്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികള്‍ നല്കിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി നേരിടും. ഈ സാഹചര്യത്തിലാണ് വിഡി സതീശന്റെ ആരോപണം.
സതീശന്റെ ആരോപണം ഇങ്ങനെ
ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തുടര്‍ന്ന് വന്ന പിണറായി വിജയന് സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ 9 വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4 രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 8 മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്ത് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനസ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതി 6 രൂപ 80 പൈസയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണമായാണ് ചര്‍ജ് വര്‍ധിപ്പിച്ചത്.
വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്. വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി.എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന് അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിഷന് സര്‍ക്കാരുമായി ആലോചിക്കാതെ കരാര്‍ റദ്ദാക്കുമോ? സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന് നിര്‍ദ്ദേശിച്ചതെന്തിന്?
കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും. 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ 9 വര്‍ഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരു കാരണവശാവും അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു.