തിരുവനന്തപുരം: വയനാട്ടില്‍ സിദ്ധാര്‍ത്ഥന് സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണ് കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതര ആരോപമാണ് വിഡി സതീശന്‍ ഉയര്‍ത്തുന്നത്. സിപിഎമ്മിനേയും എസ് എഫ് ഐയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷ നേതാവ്.

കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമെയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയെ വരെ യൂണിയന്‍ റൂമിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചു. പൂക്കോട് സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായി. കോട്ടയം നഴ്സിങ് കോളജിലും റാഗിങിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. ദയവുചെയ്ത് എസ്.എഫ്.ഐയെ പിരിച്ചുവിടുകയാണ് സി.പി.എം ചെയ്യേണ്ടത്. പുരോഗമന ചിന്തയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് റാഗിങിലൂടെ ഇവര്‍ 40 വര്‍ഷം പിന്നിലേക്ക് കൊണ്ടു പോകുന്നത്. ഡ്രഗ്സിനും മദ്യത്തിനുമുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്. എത്ര കഷ്ടപ്പെട്ടാണ് മാതാപിതാക്കള്‍ കുട്ടികളെ കോളജിലേക്ക് അയയ്ക്കുന്നത്. കോളജില്‍ ചെന്നാല്‍ കിരാതന്‍മാരുടെ ക്രൂരമായ ആക്രമണത്തിന് കുട്ടികള്‍ വിധേയരാകുന്നു. ശരീരം മുഴുവന്‍ കോംമ്പസ് കൊണ്ട് വരയ്ക്കുക, ഫെവികോള്‍ ഒഴിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ വെയിറ്റ് കയറ്റി വയ്ക്കുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് ചെയ്യുന്നത്. അക്രമികള്‍ തന്നെയാണ് ഇതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. എത്ര ക്രൂരമായ മനസുകളുടെ ഉടമകളായിരിക്കും ഇവര്‍? ഹോസ്റ്റര്‍ വാര്‍ഡന് എന്താണ് ജോലി? അധ്യാപകരും പ്രിന്‍സിപ്പലും ഇതൊന്നും അറിഞ്ഞില്ലേ? ആരും അറിയാതെ ഇത്രയും ക്രൂരമായ അക്രമം ഹോസ്റ്റലില്‍ നടന്നു എന്നത് അവിശ്വസനീയമാണ്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാന്‍ ഇറങ്ങരുതെന്നാണ് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും പറയാനുള്ളത്.

പൂക്കോട്ടെ സിദ്ധര്‍ത്ഥിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മകന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ്. പ്രതികള്‍ പരീക്ഷയും എഴുതി സന്തോഷമായി അടിപ്പാടി അടുത്ത ഇരകളെയും അന്വേഷിച്ച് നടക്കുകയാണ്. പൂക്കോടുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. പല കോളജുകളിലെയും യൂണിയന്‍ മുറികള്‍ ഇടിമുറികളാണ്. ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ച് ഇത്തരം സംഭവങ്ങള്‍ ഒരു ഹോസ്റ്റലുകളിലും ഇനി നടക്കില്ലെന്നത് ഉറപ്പാക്കണം. ഇല്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകും.

പ്രതികളെല്ലാം വേണ്ടപ്പെട്ടവരാണ്. ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ കേസിലെ പ്രതിയെ വീണ്ടും നാടുകടത്തി. ക്രിമിനലിനെ മാലയിട്ട് സ്വീകരിച്ച ആളാണ് ആരോഗ്യമന്ത്രി. അക്രമികള്‍ക്ക് എസ്.എഫ്.ഐക്കാരും എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയില്‍ ഉള്‍പ്പെട്ടവരുമാണ്. പൂക്കോടും അറിയപ്പെടുന്ന എസ്.എഫ്.ഐ നേതാക്കളായിരുന്നു പ്രതികള്‍. എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവുും ഉണ്ടായോ? അവര്‍ പരീക്ഷ എഴുതുകയും ചെയ്തു. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്-സതീശന്‍ പറഞ്ഞു.