- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വേടന് കഴുത്തില്‍ അണിഞ്ഞിരുന്നത് അഞ്ചു വയസ്സു പ്രായമുള്ള പുലിയുടെ നഖം; വന്യജീവി അവയവങ്ങള്‍ കൈവശമുള്ളവര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് വേണ്ട നടപടികളിലേക്ക് കടക്കണമെന്ന ചട്ടം പാട്ടുകാരന് ലംഘിച്ചു; തന്റെ പക്കല്‍ എങ്ങനെയാണ് പുലിപ്പല്ല് വന്നതെന്ന് തെളിയിക്കേണ്ട ചുമതല റാപ്പര്‍ക്ക്; അല്ലെങ്കില്‍ അത് മൃഗ വേട്ടയാകും; പുകയും കത്തിയും പിന്നെ ദേഹ പരിശോധനയും; വേടനെ പുലിപ്പല്ല് കുടുക്കിയ കഥ
കൊച്ചി: തൃപ്പുണ്ണിത്തറയിലെ ഫ്‌ളാറ്റിലേക്ക് ഇരച്ചു കയറിയ പോലീസ് കണ്ടത് ചുറ്റും പുക. കഞ്ചാവ് വലിച്ച് ഊതി വിട്ടതാണെന്ന് മനസ്സിലായി. ഇതിന് ശേഷം വേടന്റെ മുറിയാകെ പരിശോധിച്ചു. അപ്പോള്‍ കിട്ടയത് ആയുധങ്ങള്‍. ഇതോടെയാണ് വേടന്‍ എന്ന പാട്ടുകാരന്റെ ദേഹ പരിശോധന നടത്തിയത്. അപ്പോള്‍ പോലീസിന്റെ കണ്ണില്‍ പെട്ടതാണ് പുലിനഖം. ഇത് ഒര്‍ജിനലാണെന്ന വീരവാദം നടത്തിയത് വേടന്‍ തന്നെയാണ്. ഇതോടെ പോലീസിന് സംഭവത്തിന്റെ ഗൗരവം മനസ്സിലായി. കുറച്ചു അളവില്‍ കഞ്ചാവ് കൈവശം വച്ചതു കൊണ്ട് തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങാമെന്ന് കരുതിയ വേടനെ കുടുക്കും വിധമായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. പുലി നഖത്തില്‍ വേടന്‍ അഴിക്കുള്ളില്‍ ആകുമെന്നാണ് സൂചന. പോലീസ് പിടിയിലാകുമ്പോള്‍ വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്. ഇദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നാണ് അറിയുന്നത്. വലിയൊരു കുരുക്കിലാണ് വേടന്‍ ചെന്നു പെട്ടിരിക്കുന്നത്. വ്യക്തികള്‍ തങ്ങളുടെ കൈവശമുള്ള വന്യജീവി അവയവങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് വേണ്ട നടപടികളിലേക്ക് കടക്കണമെന്നതാണ് 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 40 പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകൃത്യമാണ്. സംരക്ഷിത വന്യജീവി വസ്തുക്കളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. തോലുകള്‍, പല്ലുകള്‍, കസ്തൂരി പോലുള്ളവ കൈവശമുണ്ടെങ്കില്‍ അധികാരികളെ അറിയിക്കണം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ഇനങ്ങള്‍ മറ്റാര്‍ക്കുംകൈവശം വെക്കാന്‍ കഴിയില്ല. ഇതാണ് വേടന് കുടുക്കാകുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 57 പ്രകാരം തന്റെ പക്കല്‍ എങ്ങനെയാണ് പുലിപ്പല്ല് വന്നതെന്ന് തെളിയിക്കേണ്ട ചുമതല റാപ്പര്‍ വേടന് തന്നെയാണ്. വന്യമൃഗം, കൂട്ടിലാക്കിയ മൃഗം, മൃഗങ്ങളുടെ മാംസം, ഉണക്കാത്ത തലയും മറ്റ് ഭാഗങ്ങളും, കൊമ്പ്, പല്ല് തുടങ്ങിയവ കൈവശം വച്ചതായി കണ്ടെത്തിയാല്‍ അതിന്റെ ഉറവിടം നിയമവിധേയമായതാണെന്ന് ഉടമസ്ഥര്‍ തന്നെ തെളിയിക്കണം. വേടന് തന്റെ പക്കലുള്ള പുലിപ്പല്ല് നിയമപരമായ രീതിയില്‍ കൈയിലെത്തിയതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചതായി കണക്കാക്കപ്പെടും. ഇത് കുരുക്കായി മാറുകയും ചെയ്യും. പുലി പല്ല് കൈമാറിയത് രഞ്ജിത്ത് കുമ്പിടി എന്നയാള്‍ എന്ന് റാപ്പര്‍ വേടന്റെ മൊഴി. ചെന്നൈയില്‍ വച്ചാണ് കൈമാറിയത്. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും പറഞ്ഞു. വേടന്റെ മൊഴി വനം വകുപ്പ് വിശദമായി എടുത്തു. കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്ന മൊഴിയും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം. കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ വേടനെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. അതേസമയം, മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ വേടന്‍ സമ്മതിച്ചു. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലില്‍ വേടന്‍ പറഞ്ഞു. പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടന്‍ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്ഐആര്‍ പറയുന്നു. കേസില്‍ റാപ്പര്‍ വേടനും സുഹൃത്തുക്കള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ ഗായകന്‍ കുടുങ്ങുകയും ചെയ്തു.
1972-ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം, കടുവയുടെ പല്ല് അലങ്കാരമായി കൈവശം വയ്ക്കുന്നതോ ധരിക്കുന്നതോ ഗുരുതരമായ കുറ്റമാണ്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവി എന്ന നിലയില്‍ കടുവയ്ക്ക് പ്രത്യേക പദവിയുണ്ട് എന്നതിനാല്‍ കുറ്റത്തിന്റെ ഗൗരവം കൂടുന്നു. അവയുടെ ശരീരഭാഗങ്ങളുടെ വ്യാപാരവും കൈവശം സൂക്ഷിക്കലുമെല്ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രത്യേക അനുമതിയില്ലാതെ ഷെഡ്യൂള്‍ I-ല്‍ പട്ടികപ്പെടുത്തിയിരിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്ന 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 9 പ്രകാരമുള്ള കുറ്റാരോപണവും ഉണ്ടായേക്കാം. ഇത് തമിഴ്‌നാട്ടിലെ ആരാധകനെ പിടികൂടുന്നതനുസരിച്ച് വ്യക്തമാകാനുള്ള കാര്യമാണ്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 9-ല്‍ പറയുന്ന ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ പല്ല് പോലുള്ള ഭാഗങ്ങള്‍ സര്‍ക്കാര്‍ സ്വത്തായി കണക്കാക്കുന്നുണ്ട് 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 39(1)(സി). ഇവ അനധികൃതമായി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഈ വകുപ്പ് പ്രകാരം, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആനക്കൊമ്പ്, അത്തരം ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ഏതൊരു വസ്തുവും കേന്ദ്ര സര്‍ക്കാരിന്റെ സ്വത്തായി മാറും. ഈ നിയമത്തെയോ, അനുബന്ധ നിയമങ്ങളെയോ ലംഘിക്കുന്ന കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ വകുപ്പ് 39(1)(സി) ചുമത്തപ്പെടും. തുടര്‍ന്ന് സര്‍ക്കാരിന് ഈ വസ്തുക്കള്‍ കൈവശപ്പെടുത്താം. 1972-ലെ വന്യജീവി (സംരക്ഷണ) നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ വിശദീകരിക്കുന്നത് സെക്ഷന്‍ 51-ലാണ്. 3 മുതല്‍ 7 വര്‍ഷം വരെ തടവും കുറഞ്ഞത് 10,000 പിഴയും ഈ കുറ്റങ്ങള്‍ക്ക് ലഭിച്ചേക്കാം. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ പിഴയും മറ്റ് ശിക്ഷകളും വര്‍ദ്ധിക്കും.
സംഗീത പരിപാടികള്‍ക്കുള്‍പ്പെടെ പതിവായി കഴുത്തിലണിയുന്ന മാലയാണ് വേടനെ കുരുക്കിലാക്കിയത്. കഞ്ചാവ് പിടികൂടിയതിനൊപ്പം വേടന്റെ ഫോണും കഴുത്തിലെ മാലയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. അരിവാളിനോട് സാമ്യമുള്ള ആയുധവും കത്തിയുമാണ് ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ഓണ്‍ലൈനില്‍ വാങ്ങിയതാണെന്ന് വേടന്‍ തെളിയിച്ചു. ലഹരിയുപയോഗം സ്ഥിരീകരിക്കാന്‍ വേടനെയും കൂട്ടാളികളെയും ലഹരി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന സഹകരണ എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനും ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്. ഹിരണ്‍ ദാസ് മുരളിയെന്ന തൃശൂര്‍ സ്വദേശിയാണ് വേടന്‍ എന്ന പേര് സ്വീകരിച്ച് റാപ്പ് മേഖലയില്‍ പേരെടുത്തത്. മ്യൂസിക് ഷോകളില്‍ വസ്ത്രം കൊണ്ടും വ്യത്യസ്തനാണ് വേടന്‍. ദലിത് രാഷ്ട്രീയം പച്ചക്ക് പറയുന്ന ഗായകനെന്നാണ് ആരാധകര്‍ വേടനെ വിശേഷിപ്പിച്ചത്. ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ലെന്ന് പാടിയ വേടനെ പുതിയ തലമുറ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കഞ്ചാവ് കേസില്‍ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാര്‍ന്നുതിന്നുന്ന ലഹരി കേസില്‍ മറ്റൊരു 'സെലിബ്രിറ്റി' കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ വേടന്‍ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്.
ആരും സിത്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടന്‍ പറയുന്നു. നിരവധി മാതാപിതാക്കള്‍ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടന്‍ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടന്‍ പറയുന്നു. അതേ സമയം ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചുവേടന്‍. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വേടന്‍ ലഹരി ഉപയോഗിച്ചന്നെ് സമ്മതിച്ചത്.