കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തുമ്പോള്‍ ഇനി നിര്‍ണ്ണായകം പോലീസ് റിപ്പോര്‍ട്ട്. യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഹര്‍ജി. എന്നാല്‍ വേടന് വേണ്ടി ചില ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്. വേടനെ രക്ഷിച്ചെടുക്കാനാണ് ഇതെല്ലാം. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി നിര്‍ണ്ണായകമാണ്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് പൊലീസിന്റെ നിലപാട് തേടി. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് ഹര്‍ജിയില്‍ വേടന്‍ പറയുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. എന്നാല്‍ ഈ ഗ്രൂപ്പിന് പരാതിക്കാരിയുമായി ബന്ധമുണ്ടോ എന്ന് വിശദീകരിച്ചിട്ടില്ല. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണം. ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും ജാമ്യാപേക്ഷയിലുണ്ട്. ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ലൈംഗിക ബന്ധമെന്ന ടാഗ് ലൈനില്‍ രക്ഷപ്പെടാനാണ് വേടന്റെ ശ്രമം.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു സംഘമാളുകള്‍ നടത്തുന്ന സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ഹര്‍ജിയില്‍ പറയുന്നു. പീഡനപരാതി നല്‍കുമെന്ന ഭീഷണി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കും മാനേജര്‍ക്കും ഫോണില്‍ ലഭിക്കുന്നുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നാണ് വേടന്റെ ആവശ്യം.

അതേസമയം, യുവ ഡോക്ടറുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നസുഹൃത്തുക്കളെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുക്കും. പ്രാഥമിക അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. ഐ പി സി 376, 376 (2) ച തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-23 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി.

2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. തുടര്‍ന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.