- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റാപ്പര്‍ വേടന് കല്യാണം; ഫെബ്രുവരി 24ന് തൃശൂരില്‍ വിവാഹിതനാകും; ഹാപ്പിനസ് ഫെസ്റ്റിവല്‍ സമാപന വേദിയില്‍ വിവാഹ തീയതി പരസ്യമാക്കി എം വി ഗോവിന്ദന്‍; 'എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി' സിപിഎം സംസ്ഥാന സെക്രട്ടറി; പിന്നാലെ 'ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്' എന്ന് പ്രഖ്യാപിച്ചു വേടനും
റാപ്പര്‍ വേടന് കല്യാണം; ഫെബ്രുവരി 24ന് തൃശൂരില്‍ വിവാഹിതനാകും

തളിപ്പറമ്പ്: റാപ്പര്‍ വേടന്‍ വിവാഹതിനാകാന്‍ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. മോണലോവ എന്നാണ് വേടന്‍ തന്റെ കാമുകിയെ വിശേഷിപ്പിച്ചത്. മോണലോവയെ കുറിച്ച് ഒരു ആല്‍ബം അടക്കം വേടന്‍ പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വെച്ചാണ് വേടന്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. തളിപ്പറമ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ പാടാനെത്തിയ റാപ്പര്‍ വേടന്റെ സാന്നിധ്യത്തില്‍ സര്‍പ്രൈസ് പൊട്ടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഫെബ്രുവരി 24ന് തൃശൂരില്‍ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും പാര്‍ട്ടി സെക്രട്ടറി. 'എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി' കണ്ണൂരുകാരുടെ ഗോവിന്ദന്‍ മാഷ് പ്രഖ്യാപിച്ചതോടെ വേടന്റെ മുഖത്തും നിറഞ്ഞ ചിരി വിടര്‍ന്നു.
'തളിപ്പറമ്പിന്റേയും കണ്ണൂരിന്റേയും കേരളത്തിന്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടന്റെ സംഗീതം,' എം.വി. ഗോവിന്ദന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വേടന്റെ വിവാഹ തീയതി പ്രഖ്യാപനം വന്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയും ചുറ്റും തിങ്ങിക്കൂടിയ ജനം സ്വീകരിച്ചത്.
മറുപടി പ്രസംഗത്തിനിടെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ 24ാം തീയതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ്,' എന്നാണ് വേടന്‍ പറഞ്ഞത്. ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ 2020ല്‍ പുറത്തിറങ്ങിയ 'വോയ്സ് ഓഫ് ദ വോയ്സ്ലെസ്' എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സമൂഹത്തില്‍ ദളിതരടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെയും അതിനെതിരെ അവര്‍ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്.
തൃശൂര്‍ സ്വദേശിനിയായ നവമിലതയും വേടനും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മോണലോവ' എന്ന ഗാനം നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊതുവേദിയില്‍ വെച്ച് എം.വി. ഗോവിന്ദന്‍ ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവാര്‍ത്ത പുറംലോകമറിഞ്ഞത്. വേടന്റെ പാട്ടുകള്‍ പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നല്‍കുന്നതാണെന്ന് പ്രശംസിച്ച എം.വി. ഗോവിന്ദന്‍, പുതിയ ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.


