- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചത്; മറ്റ് സ്ത്രീകളുമായി ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ ഉപേക്ഷിച്ചുപോയി; ഇതോടെ യുവതിയുടെ മാനസികനില തകരാറിലായി'; സ്ഥിരം കുറ്റവാളിയെന്നും പരാതിക്കാരിയുടെ അഭിഭാഷക; സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്ന് ജഡ്ജി; പീഡനക്കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും
പീഡനക്കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും
കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ഹൈക്കോടതി ഇന്നലെ അതിജീവിതയെ കക്ഷിചേര്‍ത്തിരുന്നു. വേടന്‍ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പരാതിയില്‍ നിന്നു തന്നെ വ്യക്തമാണെന്നാണ് വേടന്റെ അഭിഭാഷകന്റെ വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും.
ചൊവ്വാഴ്ചയും ജാമ്യഹര്‍ജിയില്‍ വാദംനീണ്ട ഘട്ടത്തിലാണ് ഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്ന് കോടതി പ്രോസിക്യൂഷന് നിര്‍ദേശംനല്‍കിയത്. അതിനിടെ, ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ താനുമായുള്ള ബന്ധം വേടന്‍ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദം ഉന്നയിച്ചു. എന്നാല്‍ സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി നിര്‍ദേശിച്ചു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചെങ്കിലും ക്രിമിനല്‍ പ്രോസിക്യൂഷനില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കോടതിയുടെ തിരക്ക് കൂടി കണക്കിലെടുത്ത് വാദം നാളെയും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. പരസ്പരം സ്നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.
ഹിരണ്‍ദാസ് മുരളി വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം ലൈംഗിക ചൂഷണം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിയായ പരാതിക്കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2019ല്‍ പി ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാദ്ധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോണ്‍ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വേടന്‍ അറിയിച്ചു.2021 ആഗസ്റ്റില്‍ യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ വേടന്‍ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടര്‍ന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച വേടന്‍ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്‌ളാറ്റിലെത്തി താമസിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
വിവിധ ആവശ്യങ്ങള്‍ക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കാന്‍ 8,356 രൂപയും ചെലവഴിച്ചു.2021ല്‍ പഠനം പൂര്‍ത്തിയാക്കി. 2022ല്‍ സര്‍ക്കാര്‍ ജോലി ലഭിച്ച് തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ വേടനും സുഹൃത്തുക്കളും എത്തി. രാത്രി വേടന്‍ ശാരീരിക ബന്ധം പുലര്‍ത്തി. 2023 മാര്‍ച്ചില്‍ സുഹൃത്തിന്റെ ഏലൂരിലെ വീട്ടില്‍ വച്ചും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് അകലം പാലിച്ചു.
2023 ജൂലായ് 15ന് കൊച്ചിയിലെത്തിയപ്പോള്‍ നേരില്‍ക്കണ്ടു. താന്‍ പ്രശ്‌നക്കാരിയും മറ്റുള്ളവരുമായുള്ള ബന്ധം തടയുന്നവളുമാണെന്നും പിരിയാമെന്നും പറഞ്ഞു. തന്റെ മറ്റു ബന്ധങ്ങള്‍ക്ക് തടസമാണെന്നും പറഞ്ഞു.വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താന്‍ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോര്‍ട്ട് കാണുകയും, വേടന്‍ തന്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്തതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് ചുമത്തിയത്.അതേസമയം, വേടനെതിരെ രണ്ട് പേര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021 ലെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് രണ്ടാമത്തെ പരാതി.