കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രിയെ കായികമായി ആക്രമിച്ചെന്ന പരാതിയില്‍ അഞ്ച് കെ.എസ്.യു. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ വ്യാപകമായ ആക്രമണമുണ്ടായി. അതിനിടെ കഴുത്തിലെ ക്ഷതത്തിന് ഐസിയുവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന ആധ്യ വ്യക്തിയായി മാറുകയാണ് വീണാ ജോര്‍ജ്ജ്.

കൈയ്ക്കും കഴുത്തിനും പരിക്കേറ്റ മന്ത്രി നിലവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്ത്രിയുടെ നില അതീവ ഗൗരവതരമാണെന്നാണ് സി.പി.എം. നേതാക്കള്‍ പറയുന്നത്. 'മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മന്ത്രി. ഇരു സൈഡിലേക്കും കഴുത്ത് ചലിപ്പിക്കാന്‍ സാധിക്കാത്ത വിധം കടുത്ത വേദനയാണ് അനുഭവപ്പെടുന്നത്,' ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആശുപത്രിയില്‍ നടത്തിയ എം.ആര്‍.ഐ. സ്‌കാനിംഗില്‍ ആന്തരികമായ ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സൂചന. കഴുത്തിന് മുകളില്‍ പരിക്കേറ്റെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ വധശ്രമം ചുമത്തിയത്. ഇതുമൂലം ഇവര്‍ക്ക് ജാമ്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ കവാടത്തില്‍ വെച്ച് കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ മന്ത്രിക്കു നേരെ കയ്യേറ്റമുണ്ടായെന്നാണ് സി.പി.എം. ആരോപിക്കുന്നത്. സംഭവത്തില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ ടൗണ്‍ പോലീസ് സ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തു.

മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലുടനീളം സി.പി.എം. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പലയിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കല്ലേറും അക്രമവുമുണ്ടായി. എന്നാല്‍, മന്ത്രിയുടെ പരിക്ക് വെറും രാഷ്ട്രീയ നാടകമാണെന്നും കരിങ്കൊടി പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വധശ്രമം പോലുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. മന്ത്രിക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതമായ ഗുണ്ടായിസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണിതെന്നും പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറും ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചു. സംഭവത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് വന്ദേഭാരത് എക്സ്പ്രസില്‍ മടങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രിക്കുനേരെ ആക്രമണമുണ്ടായത്. മന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പും കാര്‍ തടഞ്ഞ് അക്രമം നടത്തിയിരുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ പ്രധാന കവാടം വഴി ഉള്ളിലേക്ക് കടക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനുള്ളില്‍നിന്നാണ് യൂത്ത്കോണ്‍ഗ്രസ് കെഎസ്യു അക്രമികള്‍ ചാടിവീണത്. കരിങ്കൊടിയുമായി ഓടിയെത്തിയയാളെ പിടിച്ചുമാറ്റുന്നതിനിടെ മറ്റു നാലുപേര്‍കൂടി മന്ത്രിക്കുനേരെ പാഞ്ഞടുത്തു. ഇവരാണ് ആക്രമിച്ചതെന്നാണ് സിപിഎം പറയുന്നത്. ഇതിന്റെ പേരില്‍ വ്യാപക ആക്രമണം കണ്ണൂരില്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും കോണ്‍ഗ്രസ് ഓഫീസുകളില്‍ സിപിഎം വ്യാപക ആക്രമണമാണുണ്ടായത്. കഴുത്തിന്റെ ക്ഷതം മൂലം കൈയ്ക്കും മരവിപ്പുണ്ട്. എംആര്‍ഐ സ്‌കാനില്‍ ഗുരുതര പ്രശ്‌നമൊന്നുമില്ല.

വീണ ജോര്‍ജ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍. കഴുത്തിന് സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്.കഴുത്തിന് ഗുരുതര പരിക്കുണ്ട്. എക്‌സറേ ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുമെന്നും ജില്ലാ സിപിഎം നേതാക്കള്‍ അറിയിക്കുന്നു. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. മന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ എന്‍ എം ഷംസീറും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.