- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി വീണയുടെ പുതിയ പ്രഖ്യാപനം; അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും പ്രസക്തം! ആ 'അമീബിക്' പഠനം ശൈലജ ടീച്ചറിനുള്ള ഒളിയമ്പോ? സിപിഎമ്മും പിണറായിയും വരെ അതൃപ്തിയില്‍
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അകാന്ത അമീബിയയെക്കുറിച്ചുള്ള പഠനം സംബന്ധിച്ച ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. 2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.
അതിനിടെ അമീബ സംബന്ധിച്ച പഠനം 2013-ല്‍ നടന്നതുതന്നെയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 2013-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയതാണ് പഠനം. പഠനം സംബന്ധിച്ച് 2013-ല്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഒരു ഫയല്‍പോലും ആയില്ല -മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം പഠനം ഒരു ജേണല്‍ പ്രസിദ്ധീകരിച്ചു.
ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. മന്ത്രി കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ റിപ്പോര്‍ട്ട് വന്നത്. അതുകൊണ്ട് തന്നെ ശൈലജയ്‌ക്കെതിരായ ഒളിയമ്പായി ചില കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തി. ഇതിന് പിന്നാലെയാണ് ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി പറഞ്ഞത്.
അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് പഠന റിപ്പോര്‍ട്ടിന്റെ ഒരു പേജുമാത്രം വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. ഗവേഷണ പ്രബന്ധത്തില്‍നിന്നും പ്രസിദ്ധീകരണ തീയതി മന്ത്രി ഒഴിവാക്കിയിരുന്നു. 2013 ജനുവരിമുതല്‍ ഡിസംബര്‍വരെ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് 2013-ല്‍ തന്നെ പ്രസിദ്ധീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ വാദം. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ശ്രദ്ധിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അന്നാ ചെറിയാനും ആര്‍. ജ്യോതിയുമാണ് നേത്രപടലത്തില്‍ അള്‍സര്‍ ബാധിച്ച രോഗികളില്‍ പഠനം നടത്തിയത്.
2018 ജനുവരി-മാര്‍ച്ച് എന്നതാണ് ജേണലില്‍ നല്‍കിയിട്ടുള്ളത്. അകാന്ത അമീബിയ എന്ന വിഭാഗത്തിലുള്ള അമീബയാണ് 64 ശതമാനം രോഗികളിലും രോഗകാരണമെന്ന് കണ്ടെത്തി. കിണറ്റിലെ വെള്ളത്തില്‍നിന്നാണ് അമീബ ബാധയുണ്ടായതായി സംശയിക്കുന്നതെന്നും പറയുന്നുണ്ട്. 350 രോഗികളിലായിരുന്നു പഠനം നടന്നത്. തിരുവനന്തപുരത്ത് 255 പേര്‍ക്കും കൊല്ലത്ത് 69-ഉം, പത്തനംതിട്ട ആറും ആലപ്പുഴ അഞ്ചും കോട്ടയത്ത് നാലും പേര്‍ക്കും അകാന്ത അമീബിയ കാരണമാണ് രോഗമുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമീബിക് മസ്തിഷ്‌ക ജ്വരത്തിലെ മരണക്കണക്കിന് പിന്നാലെ പഠനത്തെ ചൊല്ലിയും വിവാദമുണ്ടായത് ഗൗരവത്തില്‍ സിപിഎം എടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഈ വിവാദത്തില്‍ അതൃപ്തിയിലാണ്. നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ് ഇത്തരത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അബന്ധമുണ്ടായത് എങ്ങനെ എന്ന് സിപിഎം പരിശോധിക്കുമെന്നാണ് മംഗളം വാര്‍ത്ത. മന്ത്രിയോട് വിശദീകരണവും തേടും. 2013ല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നും അന്ന് സര്‍ക്കാര്‍ എന്ത് സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെന്നുമാണ് മന്ത്രി കുറിച്ചത്. ഇതെല്ലാം ഇപ്പോള്‍ സിപിഎമ്മിനെ തന്നെ തിരിഞ്ഞു കുത്തുകയാണ്. നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ആരോഗ്യ വകുപ്പിന് തിരുത്തല്‍ നടത്തേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് വിവാദവും എത്തിയത്. സിപിഎം അതൃപ്തിയെ മറികടക്കാനാണ് പുതിയ പോസ്റ്റ് വീണാ ജോര്‍ജ് ഇട്ടതെന്നും വിലയിരുത്തലുണ്ട്.