കോട്ടയം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം പ്രതിഷേധാര്‍ഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിമാരാണ് ക്ഷേത്രങ്ങളിലെ സര്‍വ്വാധിപതി എന്ന ചിന്ത കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചാതുര്‍വര്‍ണ്യത്തിന്റെ ഉച്ചിഷ്ടം പേറുന്ന തന്ത്രിമാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിയാണ് എല്ലാം എന്ന അഹങ്കാരം പാടില്ല. തന്ത്രിമാരുടെ ചിന്ത കാലഹരണപ്പെട്ടതാണ്. നിയമവും ചട്ടവുമുള്ള നാടാണ് കേരളമെന്നും ക്ഷേത്ര നിയന്ത്രണം സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിമാര്‍ കഴക നിയമനം അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്ക സമുദായക്കാരനെ നിയോഗിച്ചതും ജാതിവിവേചനം നേരിട്ടതുമായ വാര്‍ത്ത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൂടല്‍മാണിക്യം ക്ഷേത്ത്രത്തിലെ ജാതിവിവേചനത്തില്‍കെ രാധാകൃഷ്ണന്‍ എംപിയും പ്രതികരിച്ചു. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റിനിര്‍ത്തുക എന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് ആക്ഷേപത്തില്‍ കര്‍ശനനിലപാടുമായി ദേവസ്വം ചെയര്‍മാനും അറിയിച്ചു. ദേവസ്വം നിശ്ചയിച്ച ബാലുവിനെ കഴകക്കാരനായി നിയമിക്കുമെന്ന് സി.കെ.ഗോപി പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ തന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകക്കാരനായി നിയമിച്ച യുവാവിനെ സ്ഥലംമാറ്റിയത് ജാതിവിവേചനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഈഴവ സമുദായംഗമായ യുവാവിനെ കഴകക്കാരന്റെ ജോലിയില്‍ നിന്ന് മാറ്റിയതാണ് വിവാദത്തിലായത്. ഈഴവ സമുദായംഗമായ ബാലുവിന് ദേവസ്വം നിയമനം നല്‍കിയത് കഴകക്കാരന്റെ തസ്തികയിലാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രീ ദേവസ്വം ഓഫിസിലേക്ക് പിന്നീട് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണിത്. സ്ഥലംമാറ്റം താല്‍ക്കാലികമെന്ന് ദേവസ്വം ഭരണസമിതി അംഗം പ്രതികരിച്ചു.

പ്രതിഷ്ഠാദിനം നടക്കുകയാണ് ക്ഷേത്രത്തില്‍. യുവാവിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തന്ത്രിമാര്‍ പറഞ്ഞിരുന്നു. താല്‍ക്കാലിക പ്രശ്‌ന പരിഹാരത്തിനാണ് യുവാവിനെ ഓഫിസിലേക്ക് മാറ്റിയത്. തന്ത്രിമാര്‍ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ബാലു ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിച്ചത്. അതേസമയം, കാരായ്മ ചെയ്യുന്ന സമുദായങ്ങള്‍ക്ക് വാര്യസമാജം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.