- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളര്‍മല സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല; ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിക്കുന്നു; ആശങ്ക പങ്കുവച്ച് അധ്യാപിക
കല്പറ്റ: വയനാടിനെ നടുക്കിയ വന്‍ ഉരുള്‍പൊട്ടലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതില്‍ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയും മാലിന്യങ്ങളുമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ശേഷിക്കുന്നത്.
അതിനിടെ വയനാട് ഉരുള്‍പൊട്ടലുണ്ടായ വള്ളര്‍മല പ്രദേശത്തെ സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിന്റെ ആശങ്കയിലാണ് അധ്യാപികമാര്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരില്‍ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വിഎച്ച്എസ്സിയിലെ പ്രിന്‍സിപ്പല്‍ ഭവ്യ ടീച്ചര്‍ പറഞ്ഞു.
"മൂന്നര മണിമുതല്‍ കുട്ടികളെ വിളിക്കുന്നതാണ്. അതില്‍ 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു. ഇപ്പോള്‍ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുട്ടികളെല്ലാവരും സേഫാണ്. വളരെ ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോള്‍ അവരുടെ ഫോണ്‍ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കില്‍ ചാര്‍ജ് തീര്‍ന്നു പോയതാകാം." ഭവ്യ ടീച്ചര്‍ ആശങ്ക പങ്കുവെക്കുന്നു.
പതിനഞ്ച് വര്‍ഷമായി വെള്ളര്‍മല സ്കൂളിലെ അധ്യാപികയാണ് ഭവ്യടീച്ചര്‍. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ സ്കൂളില്‍ ദുരിതാശ്വാസ ക്യാംപുണ്ടായിരുന്നു. 13 പേരാണ് ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാംപിലേക്ക് മാറ്റി. 22 കുട്ടികളെയും നിരന്തരം ക്ലാസ് ടീച്ചേഴ്സ് വിളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും ടീച്ചര്‍ പറഞ്ഞു.
രാവിലെ മുന്ന് മണിക്കാണ് ദുരന്തത്തെക്കുറിച്ച് അറിയുന്നത്. പരിചയത്തിലുള്ള പലരെയും ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അവരിലെത്ര പേര് സുരക്ഷിതരാണെന്ന് ഇപ്പോഴും അറിയില്ല. ഞാന്‍ പത്ത് വര്‍ഷം താമസിച്ചിരുന്ന ഒരു വീടുണ്ടായിരുന്നു അവിടെ. ഇന്ന് അതവിടെയില്ല. അയല്‍വാസികളും പരിചയക്കാരുമൊക്കെയുണ്ടായിരുന്നു, അവരില്‍ പലരും മരിച്ചെന്ന വിവരം ലഭിക്കുന്നുണ്ട്.
ഇന്നലെ സ്കൂളിന് പ്രാദേശിക അവധി കൊടുത്തത് കൊണ്ട് ദൂരെ നിന്നുള്ള പല അധ്യാപകരും എത്തിയിട്ടില്ലായിരുന്നു. അവര്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇന്ന് തകര്‍ന്നു പോയിരിക്കുന്നത്. ഇന്നലെ മഴയുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുഴയില്‍ വെള്ളം കൂടുതലായിരുന്നു. ഭവ്യടീച്ചര്‍ വിശദമാക്കി.
വയനാട് മുണ്ടക്കൈയില്‍ ഇന്ന് രാവിലെ 2 മണിക്കുണ്ടായ ഉരുള്‍പൊട്ടലില്‍ 73 പേരാണ് ഇതുവരെ മരിച്ചത്. അവരില്‍ 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. അക്ഷരാര്‍ത്ഥത്തില്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുള്‍പ്പൊട്ടിയിറങ്ങിയിട്ട് 10 മണിക്കൂറുകള്‍ പിന്നിടുന്നു. സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതി. പൊട്ടിയൊലിച്ച ഉരുളില്‍ ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തി. 250 ഓളം പേരാണ് കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാന്‍ കഴിയാത്ത സ്ഥിതി.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേന സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നത് എയര്‍ലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം.
ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ബെംഗളൂരില്‍ നിന്നും സംഘം എത്തുന്നതോടെ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്ക്കുന്നതും മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.