- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ പഠിപ്പിച്ച മക്കളും രക്ഷിതാക്കളുമാണ് മരിച്ചു വീണത്.. ഇനി ഞാനെങ്ങനെ പഠിപ്പിക്കും? ഇനി ആര് അവിടെ താമസിക്കും…? നെഞ്ചുരുകി ഉണ്ണിമാഷ്
മേപ്പാടി: ചൂരല്‍മല വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് ഇന്നൊരു ദുരന്തഭൂമിയാണ്. അവിടെ പഠിച്ചു വളര്‍ന്നവരും ഇപ്പോള്‍ പഠിച്ചു വളര്‍ന്നവരുമാണ് ഉരുള്‍പൊട്ടിയെത്തിയ ദുരന്തത്തില്‍ ജീവന് നഷ്ടമായവരില്‍ കൂടുതലും. വെള്ളാര്‍മല സ്കൂളിലേക്ക് മണ്ണും ചെളിയും അടിഞ്ഞു കയറിയിരിക്കയാണ്. തങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ ജീവന് പോയത് അറിഞ്ഞ് നെഞ്ചുലയുകയാണ് അധ്യാപകര്‍ക്കും. ആധിയോടെ സഹപ്രവര്‍ത്തകരെ വിളിക്കുകയാണ് പലരും.
17 കൊല്ലമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന് മാസ്റ്റര്‍ക്ക് ദുരന്തത്തെ കുറിച്ച് അറിഞ്ഞ് നെഞ്ചു തകരുകയാണ്. 'ഇനി ഞാനെങ്ങനെ അവിടെ നില്ക്കും? ഞാന്‍ പഠിപ്പിച്ച എന്റെ മക്കളും അവരുടെ രക്ഷിതാക്കളും വേണ്ടപ്പെട്ടവരുമാണ് മരിച്ചുവീണതും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും. സ്നേഹിക്കാന്‍ മാത്രം അറിയുന്ന മനുഷ്യരാണവര്‍. അവര്‍ക്കിടയില്‍ കളിച്ചും ചിരിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോള്‍ 17 കൊല്ലം പോയത് ഞാന്‍ അറിഞ്ഞിട്ടില്ല..' -ഉണ്ണിമാഷ് കണ്ഠമിടറി പറയുന്നു.
ചൂരല്‍മല നിവാസികളുടെ സ്നേഹത്തിനുമുന്നില്‍ സ്വന്തം നാടിനെ പോലും ഉപേക്ഷിച്ച് 17 വര്‍ഷമായി ഇവിടെ തന്നെ സേവനം തുടരുകയാണ് അദ്ദേഹം. 26 അധ്യാപകരുള്ള ഈ വിദ്യാലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി സര്‍വിസുള്ളതും ഉണ്ണിമാഷിനാണ്. പുഴയുടെ അരികിലായിരുന്ന ആ വിദ്യാലയം മനോഹരമായിരുന്നു. എന്നാല്‍, ഒരു രാത്രികൊണ്ട് ഒരു ദുരന്തഭൂമിയായി മാറുകയും ചെയ്തു.
'എല്ലാവരും എന്റെ വിദ്യാര്‍ഥികളാണ്. പഴയ ആ സ്കൂള്‍ ഇനി തിരിച്ചുകിട്ടില്ല. ഇനി ആര് അവിടെ താമസിക്കും… എങ്ങനെ അവിടെ പഠിപ്പിക്കും? ദുരന്തഭൂമിയല്ലേ അത്? വിദ്യാലയമല്ലല്ലോ… അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. സ്കൂളിനടുത്ത് തന്നെ ഷീറ്റ് മേഞ്ഞ കെട്ടിടത്തിലായിരുന്നു ഉണ്ണിമാഷും രണ്ട് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കടുത്ത മഴ ആയതിനെ തുടര്‍ന്ന് സുരക്ഷയെ കരുതി മൂവരും താമസം സ്കൂളിലേക്ക് മാറ്റി.
അതിനിടെ കഴിഞ്ഞ ദിവസം ഏമ്മയുടെ ചേച്ചി മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നാട്ടില്‍ പോയി. കൂട്ടുകാര്‍ താമസം മേപ്പാടിയിലേക്കും മാറ്റി. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ നാട്ടില്‍ തുടരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ദുരന്ത വാര്‍ത്ത അറിയുന്നത്. ഉടന്‍ ട്രെയിനില്‍ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
'14 കി.മി ചുറ്റളവില്‍ ഞങ്ങളുടെ സ്കൂള്‍ മാത്രമാണ് ഉള്ളത്. ഗ്രാമത്തിലുള്ള എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാം. വൈകീട്ട് നാട്ടിലെ പുരുഷന്മാരെല്ലാം ചൂരല്‍മല അങ്ങാടിയില്‍ വരും. ഏറെ നേരം സംസാരിച്ചിരിക്കും. ഒത്തിരി സ്നേഹമുള്ളവരായിരുന്നു അവര്‍… നല്ല മനുഷ്യന്മാര്… എല്ലാം ഒരുരാത്രി കൊണ്ട് അവസാനിച്ചില്ലേ- അദ്ദേഹം പറയുന്നു.
ഉരുള്‍പൊട്ടല്‍ നടന്ന വെള്ളാര്‍മല പ്രദേശത്തെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരില്‍ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വിഎച്ച്എസ്സിയിലെ പ്രിന്‍സിപ്പല്‍ ഭവ്യ ടീച്ചര്‍ പറഞ്ഞു.
"മൂന്നര മണിമുതല്‍ കുട്ടികളെ വിളിക്കുന്നതാണ്. അതില്‍ 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു. ഇപ്പോള്‍ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുട്ടികളെല്ലാവരും സേഫാണ്. വളരെ ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോള്‍ അവരുടെ ഫോണ്‍ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കില്‍ ചാര്‍ജ് തീര്‍ന്നു പോയതാകാം." ഭവ്യ ടീച്ചര്‍ ആശങ്ക പങ്കുവെക്കുന്നു. ഇന്നലെ സ്കൂളില്‍ ദുരിതാശ്വാസ ക്യാംപുണ്ടായിരുന്നു. 13 പേരാണ് ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാംപിലേക്ക് മാറ്റി. 22 കുട്ടികളെയും നിരന്തരം ക്ലാസ് ടീച്ചേഴ്സ് വിളിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും ടീച്ചര്‍ പറഞ്ഞു.