- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധൂലിയ നല്‍കുന്നത് എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് 'റാങ്ക് ലിസ്റ്റ്'; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെ
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ പരിഗണന നല്‍കിയ സുപ്രീംകോടതി നല്‍കുന്നത് വ്യക്തമായ സന്ദേശം. പട്ടികയുടെ മുന്‍ഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് സുപ്രീംകോടതി പറയുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ക്കുള്ള അംഗീകാരമാണ്. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുന്‍ഗണനാക്രമം ചാന്‍സലര്‍ ആയ ഗവര്‍ണര്‍ പരിഗണിക്കണമെന്നാണ് ഉത്തരവ്. ഫലത്തില്‍ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുകയാണ് സുപ്രീംകോടതി.
സാങ്കേതിക സര്‍വ്വകലാശാലയിയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും സ്ഥിരം വിസി നിയമനത്തിനായി സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കണം. ഈ പട്ടിക ജസ്റ്റിസ് ദുലിയ മുഖ്യമന്ത്രിക്ക് കൈമാറണം. തുടര്‍ന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ ഗവര്‍ണര്‍ക്ക് കൈമാറണം-ഇതാണ് സുപ്രീംകോടതി പറയുന്നത്. വിജയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ക്കും അവകാശമുണ്ട്. രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ച് മാത്രമേ മറ്റൊരാളെ ഗവര്‍ണ്ണര്‍ക്ക് നിയോഗിക്കാന്‍ കഴിയൂ.
ജസ്റ്റിസ് ദൂലിയ നല്‍കുന്ന പട്ടികയില്‍ പെടുന്ന എല്ലാവര്‍ക്കും തുല്യ പ്രധാന്യമാകും ഉണ്ടാകുക. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ചുമതലയായി മാറും. ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ആളെ ഗവര്‍ണര്‍ നിശ്ചയിക്കണം. വിസി നിയമനത്തിന് ദുലിയ നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് ഫയലില്‍ കുറിക്കാം. വിയോജിപ്പിന്റെ കാരണവും അതിനാധാരമായ രേഖകളും ചാന്‍സലറായ ഗവര്‍ണര്‍ക്ക് പട്ടികയ്ക്ക്‌ക്കൊപ്പം കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുന്‍ഗണനാക്രമം കണക്കിലെടുത്തുവേണം ഗവര്‍ണര്‍ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് ഈ ഉത്തരവിലെ നിര്‍ണ്ണായക ഭാഗം. ഇതിലൂടെയാണ് റാങ്ക് ലിസ്റ്റിന് നിശ്ചയിക്കലിന് സമാനമായ അധികാരം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുന്‍ഗണനാക്രമത്തിലും ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം ഫയലില്‍ കുറിക്കാം. വിയോജിപ്പിനാധാരമായ രേഖകളും ചാന്‍സിലര്‍ ഫയലില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പാനലിലെ പേരുകളില്‍ ഏകാഭിപ്രായം ഉണ്ടായില്ലെങ്കില്‍ അക്കാര്യം സുപ്രീംകോടതി അറിയിക്കണം. തുടര്‍ന്ന് സുപ്രീംകോടതി ആയിരിക്കും വിസി നിയമനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡി വാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. അതായത് ഗവര്‍ണ്ണറും സര്‍ക്കാരും ഏറ്റുമുട്ടിയാല്‍ പന്ത് സുപ്രീംകോടതിയിലേക്ക് വീണ്ടും എത്തും.
വിസി നിയമനത്തിന് ചുരുക്കപ്പട്ടികയുണ്ടാക്കാനായി കോടതിയിടപെട്ട് രൂപവത്കരിക്കുന്ന അഞ്ചംഗസമിതിയിലെ ബാക്കിയംഗങ്ങളെ സര്‍ക്കാരും ചാന്‍ലസറായ ഗവര്‍ണറും നല്‍കിയ പട്ടികയില്‍നിന്ന് നിയമിക്കാം. രണ്ടു സര്‍വകലാശാലകള്‍ക്കുമായി വെവ്വേറെ സെര്‍ച്ച് കമ്മിറ്റികളോ സംയുക്തകമ്മിറ്റിയോ ആകാമെന്നും അക്കാര്യങ്ങള്‍ അധ്യക്ഷന് തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കമ്മിറ്റിയില്‍ യുജിസി പ്രതിനിധികളെ ഒഴിവാക്കി. പ്രതിസന്ധി തീര്‍ക്കാന്‍ ഇരുകക്ഷികളും സഹകരിക്കണമെന്ന് തിങ്കളാഴ്ചയും കോടതിയില്‍ കൈകൂപ്പി ജസ്റ്റിസ് പര്‍ദിവാല അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ കഷ്ടപ്പെടരുതെന്ന് ജസ്റ്റിസ് മഹാദേവനും നിരീക്ഷിച്ചു.
ബംഗാളില്‍ സമാനപ്രശ്‌നമുണ്ടായപ്പോള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സമിതിയെ പ്രശ്‌നപരിഹാരത്തിന് നിയമിച്ചത് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്സണായി ജഡ്ജിയെ നിയമിക്കണമെന്നും അതല്ലെങ്കില്‍ കമ്മിറ്റിയില്‍ ഗവര്‍ണര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നും വാദിച്ചു. തുടര്‍ന്നാണ് ഓഗസ്റ്റില്‍ വിരമിച്ച ജസ്റ്റിസ് ധൂലിയയെ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി നിയമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കണം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് നാലാഴ്ച സമയം നല്‍കി വിസി നിയമനത്തിന് പരസ്യംചെയ്യണം. അപേക്ഷകള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറണം.
കുറഞ്ഞത് മൂന്നാളുടെ ചുരുക്കപ്പട്ടികയുണ്ടാക്കണം. പേരുകളുടെ അക്ഷരമാലാ ക്രമത്തില്‍ സര്‍ക്കാരിന് നല്‍കണം. വിയോജിപ്പുണ്ടെങ്കില്‍ അതും ചേര്‍ത്ത് മുന്‍ഗണനാക്രമത്തില്‍ പേരുകള്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശിക്കാം. ഒരുമാസത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കണം. സംസ്ഥാന സര്‍ക്കാര്‍ ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ധൂലിയക്ക് ഓഫീസ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയുടെ ഓരോ സിറ്റിങ്ങിനും ജസ്റ്റിസ് സുധാംശു ധൂലിയക്ക് മൂന്നുലക്ഷം രൂപ ഓണറേറിയം നല്‍കണം. തിരുവനന്തപുരത്ത് ഓഫീസും യാത്രാസൗകര്യങ്ങളും അനുവദിക്കണം. ഔദ്യോഗിക വാഹനം നല്‍കണം. അദ്ദേഹം വഹിച്ചിരുന്ന ഭരണഘടനാ പദവിക്ക് യോജ്യമായ പരിഗണന നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.